അമ്മയിലെ പ്രശ്‌നങ്ങള്‍ തീരണമെങ്കില്‍ ആ നടന്‍ നേതൃസ്ഥാനത്തേക്ക് വരണമായിരുന്നു, പക്ഷേ ഇനിയത് നടക്കില്ല, എല്ലാവരും അയാളെ എയറിലാക്കി: രവീന്ദ്രന്‍
Entertainment
അമ്മയിലെ പ്രശ്‌നങ്ങള്‍ തീരണമെങ്കില്‍ ആ നടന്‍ നേതൃസ്ഥാനത്തേക്ക് വരണമായിരുന്നു, പക്ഷേ ഇനിയത് നടക്കില്ല, എല്ലാവരും അയാളെ എയറിലാക്കി: രവീന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 2:02 pm

1980കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടനാണ് രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്ന് തമിഴ്നാട്ടില്‍ അറിയപ്പെട്ടിരുന്ന താരം ഒരുഘട്ടത്തില്‍ കമല്‍ ഹാസന് പോലും വെല്ലുവിളിയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരച്ചുവരിവ് നടത്തി. ചിത്രത്തിലെ ‘മ്ലേച്ഛന്‍ രവി’ എന്ന കഥാപാത്രം തരംഗമായി മാറി.

താരസംഘടനയായ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് രവീന്ദ്രന്‍. അമ്മ എന്ന സംഘടനയില്‍ പണ്ടുമുതല്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ സംഘടനയുടെ നേതൃനിരയിലേക്ക് യുവാക്കളായിട്ടുള്ളവര്‍ വരണമെന്നും എന്നാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ അവസാനിക്കുള്ളൂവെന്നും അദ്ദേഹം പറയുന്നു.

അതിന് യോഗ്യനായിട്ടുള്ള നടനായിരുന്നു പൃഥ്വിരാജെന്നും എന്നാല്‍ ഇനി അത് നടക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഏഴോ എട്ടോ വര്‍ഷം മുമ്പ് പൃഥ്വിരാജിനെ നേതൃനിരയിലേക്ക് കൊണ്ടുവരണമായിരുന്നെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും രവീന്ദ്രന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമ്മ എന്ന സംഘടനയില്‍ പണ്ടും ചെറിയ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്നാണ് ആളുകള്‍ സംഘടനയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. ശരിക്കും സംഘടനയുടെ നേതൃത്വത്തിലേക്ക് വരേണ്ടത് യുവാക്കളാണ്. അതില്‍ ഏറ്റവും യോഗ്യതയുള്ളത് പൃഥ്വിരാജിനാണ്. പക്ഷേ, ഏഴോ എട്ടോ വര്‍ഷം മുമ്പായിരുന്നു അയാള്‍ വരേണ്ടിയിരുന്നത്.

മലയാളസിനിമയെ മറ്റൊരു ലെവലില്‍ കൊണ്ടെത്തിക്കാന്‍ കഴിവുള്ളയാളാണ് പൃഥ്വിരാജ്. നടനായി നിന്ന അതേ സമയത്ത് ഒരു സിനിമ സംവിധാനം ചെയ്ത് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചുകളഞ്ഞയാളാണല്ലോ അയാള്‍. ആദ്യമായി സംവിധാനം ചെയ്ത സിനിമയാണെന്ന് ആരും പറയില്ല. അങ്ങനെയുള്ള ഒരാളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം എല്ലാവരും കൂടി എയറില്‍ കയറ്റിയില്ലേ.

ഇന്ത്യന്‍ സിനിമയുടെ മുന്നില്‍ മലയാളസിനിമക്ക് തലയുയര്‍ത്തി നില്‍ക്കാനുള്ള എല്ലാം ആ സിനിമയിലുണ്ട്. എന്നിട്ടും അതിനെ വിവാദമാക്കി അയാളെ തളര്‍ത്താനാണ് പലരും ശ്രമിച്ചത്. അത് ശരിയായ നടപടിയായിട്ട് എനിക്ക് തോന്നിയിട്ടില്ല. അയാള്‍ ഇനിയും ഉയരത്തിലെത്തേണ്ടതാണ്,’ രവീന്ദ്രന്‍ പറയുന്നു.

Content Highlight: Actor Raveendran about Prithviraj and his contribution to Malayalam cinema