ആ സിനിമ റിലീസായ ശേഷം എല്ലാ സ്ത്രീകള്‍ക്കും എന്നെ പേടിയായിരുന്നു: രവീന്ദ്രന്‍
Entertainment
ആ സിനിമ റിലീസായ ശേഷം എല്ലാ സ്ത്രീകള്‍ക്കും എന്നെ പേടിയായിരുന്നു: രവീന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th March 2025, 8:26 pm

1980കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടനാണ് രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്ന് തമിഴ്നാട്ടില്‍ അറിയപ്പെട്ടിരുന്ന താരം ഒരുഘട്ടത്തില്‍ കമല്‍ ഹാസന് പോലും വെല്ലുവിളിയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരച്ചുവരിവ് നടത്തി. ചിത്രത്തിലെ ‘മ്ലേച്ഛന്‍ രവി’ എന്ന കഥാപാത്രം തരംഗമായി മാറി.

ഡിസ്‌കോ രവീന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്നതിന് മുമ്പ് വില്ലന്‍ വേഷങ്ങളായിരുന്നു രവീന്ദ്രന്‍ ചെയ്തിരുന്നത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ രുദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായി മികച്ച പെര്‍ഫോമന്‍സായിരുന്നു രവീന്ദ്രന്‍ കാഴ്ചവെച്ചത്. ചിത്രത്തിന്റെ റിലീസിന് ശേഷം സ്ത്രീകള്‍ തന്നെ കാണുമ്പോള്‍ പേടിക്കുമായിരുന്നെന്ന് രവീന്ദ്രന്‍ പറഞ്ഞു.

സിനിമ എന്ന കലക്ക് അന്ന് ആളുകളെ അത്രമാത്രം സ്വാധീനിക്കാന്‍ സാധിക്കുമായിരുന്നെന്നും എന്നാല്‍ ഇന്ന് കേരളത്തിലെ പ്രേക്ഷകര്‍ക്ക് തിരിച്ചറിവ് വന്നെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയെ സിനിമയായി കാണാന്‍ കേരളത്തിലെ പ്രേക്ഷകര്‍ക്ക് സാധിക്കുന്ന കാലമാണിതെന്നും രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ കാണാന്‍ കഴിയാത്ത ആളുകളും ഇപ്പോള്‍ ഉണ്ടെന്നും രവീന്ദ്രന്‍ പറയുന്നു.

ഈയടുത്ത് ഒരു തെലുങ്ക് ചിത്രം കണ്ടിട്ട് അതിലെ വില്ലനെ രണ്ട് സ്ത്രീകള്‍ തല്ലിയ വീഡിയോ വൈറലായിരുന്നെന്ന് രവീന്ദ്രന്‍ പറഞ്ഞു. അവരെ സംബന്ധിച്ച് സിനിമയിലെ കാര്യങ്ങളെല്ലാം റിയലാണെന്നുള്ള ചിന്തയാണെന്നും മറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ കുറച്ചുകൂടി ബോധമുള്ളവരായതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്നും രവീന്ദ്രന്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍.

‘മദ്രാസിലെ മോന്‍ എന്നായിരുന്നു ആദ്യകാലത്ത് ഞാന്‍ അറിയപ്പെട്ടത്. പിന്നീട് പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങിയപ്പോള്‍ ഞാന്‍ രുദ്രനായി. ആ കഥാപാത്രം വലിയ ഹിറ്റായി മാറി. ആ പടത്തിന് ശേഷം പല സ്ത്രീകള്‍ക്കും എന്നോട് സംസാരിക്കാന്‍ പേടിയായിരുന്നു. റിയല്‍ ലൈഫില്‍ ഞാന്‍ ഇങ്ങനെയാണെന്നായിരുന്നു അവര്‍ ചിന്തിച്ചത്. അന്ന് അത്രയൊക്കെ ചിന്തിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ.

ഇന്ന് സിനിമയെ സിനിമയായി കാണാന്‍ പലരും പഠിച്ചു. എന്നാല്‍ അങ്ങനെയല്ലാത്തവരും ഉണ്ട്. ഈയടുത്ത് ഒരു തെലുങ്ക് പടം കണ്ടിട്ട് അതിലെ വില്ലനെ രണ്ട് സ്ത്രീകള്‍ തല്ലുന്ന വീഡിയോ വൈറലായിരുന്നു. അവരുടെ ചിന്ത അനുസരിച്ച് സിനിമയില്‍ കാണുന്നതെല്ലാം റിയലാണ്. അതിനെ വേര്‍തിരിച്ച് ചിന്തിക്കാന്‍ കഴിയുന്ന പ്രേക്ഷകരാണ് വേണ്ടത്,’ രവീന്ദ്രന്‍ പറഞ്ഞു.

Content Highlight: Actor Raveendran about his character in Pappayude Swantham Appoos movie