ആ കഷ്ടപ്പാടുകള്‍ എന്റെ ആവശ്യമായിരുന്നു; ആരും പറഞ്ഞിട്ടല്ല, അതെല്ലാം ഞാന്‍ ആസ്വദിച്ചിട്ടെയുള്ളൂ: രമേഷ് പിഷാരടി
Entertainment news
ആ കഷ്ടപ്പാടുകള്‍ എന്റെ ആവശ്യമായിരുന്നു; ആരും പറഞ്ഞിട്ടല്ല, അതെല്ലാം ഞാന്‍ ആസ്വദിച്ചിട്ടെയുള്ളൂ: രമേഷ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th February 2023, 11:57 pm

മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമയില്‍ എത്തിയ നടനാണ് രമേഷ് പിഷാരടി. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളില്‍ അനുഭവിച്ച ബുദ്ധിമുട്ടികളെക്കുറിച്ച് പറയുകയാണ് പിഷാരടി ഇപ്പോള്‍.

മിമിക്രി കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ എത്രയോ രാത്രികളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും ട്രെയിനില്‍ ഉറങ്ങി പോയിട്ട് ഒരുപാട് ദൂരം വരെ പോയിട്ടുണ്ടെന്നും പിഷാരടി പറഞ്ഞു.

എന്നാല്‍ അതെല്ലാം താന്‍ ആസ്വദിച്ചിട്ടെയുള്ളുവെന്നും ആ കഷ്ടപാടുകള്‍ തനിക്ക് ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഷോ കഴിഞ്ഞ് എത്രയോ രാത്രികളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. ട്രെയിനില്‍ ഉറങ്ങിപ്പോയിട്ട് നാഗര്‍കോവില്‍ ഭാഗത്തേക്ക് വരെ പോയിട്ടുണ്ട്. പിന്നെ ഞാന്‍ അതൊന്നും കഷ്ടപ്പെട്ടതിന്റെ ഭാഗമായി എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല.

അതൊക്കെ ആസ്വദിച്ചിട്ടുള്ളതും ആഗ്രഹിച്ചിട്ട് ചെയ്തതുമാണ്. നമ്മളോട് ആരും പറഞ്ഞിട്ടില്ല. ഞാന്‍ കഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ നിന്നോട് ആരെങ്കിലും ഇത് ചെയ്യാന്‍ പറഞ്ഞോ എന്ന് ചോദിച്ചാല്‍ തീര്‍ന്നില്ലേ. ആ കഷ്ടപ്പാടുകള്‍ എന്റെ ആവശ്യമായിരുന്നു.

ഒരു വര്‍ഷം രണ്ടോ മൂന്നോ സിനിമകളേ ചെയ്യാറുള്ളൂ. അതില്‍ കൂടുതലൊന്നും കിട്ടാറില്ല. പിന്നെ നമ്മള്‍ തന്നെ സ്വയം സംവിധാനത്തിലേക്ക് വന്നു. കിട്ടുന്നത് ചെയ്യുന്നു എന്നേയുള്ളൂ.

ഈ കഥാപാത്രം ചെയ്യണം എന്നൊക്കെ ആഗ്രഹിച്ചത് കൊണ്ട് കാര്യമില്ല. വേണമെന്ന് വെറുതെ പറയാം വരുന്നത് അനുസരിച്ച് ചെയ്യും. പക്ഷെ എന്തായാലും ഞാന്‍ ഇവിടൊക്കെ തന്നെയുണ്ട്,” പിഷാരടി പറഞ്ഞു.

content highlight: actor ramesh pisharody about his life