അദാനി വിരുദ്ധ നീക്കത്തിന് പിന്നില്‍ ഇടത് ലോബി; പിന്തുണയുമായി ആര്‍.എസ്.എസ്
national news
അദാനി വിരുദ്ധ നീക്കത്തിന് പിന്നില്‍ ഇടത് ലോബി; പിന്തുണയുമായി ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th February 2023, 11:41 pm

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് പിന്തുണയുമായി ആര്‍.എസ്.എസ്. ഇടത് ലോബി അദാനിക്കെതിരെ പ്രചരണം നടത്തുകയാണെന്ന് ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ ആരോപിച്ചു.

വിപുലമായ രാജ്യന്തര ശൃംഖല തന്നെ അദാനിക്കെതിരായ നീക്കത്തിന് പിന്നിലുണ്ട്. 2016ല്‍ ഓസ്‌ട്രേലിയയിലാണ് അദാനി വിരുദ്ധ നീക്കത്തിന് തുടക്കം കുറിച്ചതെന്നും ആര്‍.എസ്.എസ് ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രതികരണത്തിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് ആര്‍.എസ്.എസിന്റെ പ്രതികരണം.

‘ഓസ്‌ട്രേലിയയിലെ അദാനിയടെ ഖനിക്കെതിരായി ആസൂത്രിത നീക്കം നടന്നു. 2016ലാണ് അദാനി വിരുദ്ധ നീക്കം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിലുള്ള ഒരു എന്‍.ജി.ഒയും ഈ നീക്കത്തിന് പിന്നിലുണ്ട്. ഇടത് സ്വാധീനമുള്ള മാധ്യമങ്ങളും നീക്കത്തിന് പിന്തുണ നല്‍കുകയാണ്,’ ആര്‍.എസ്.എസ് മുഖപത്രം പറഞ്ഞു.

പ്രതിപക്ഷം വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ആര്‍.എസ്.എസിന്റെ പ്രതികരണം.

ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ഭാരത് രാഷ്ട്ര സമിതി, സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ളത്.

എല്‍.ഐ.സിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപവും എസ്.ബി.ഐയില്‍ നിന്നും എടുത്തിട്ടുള്ള കടവും ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടികള്‍ ആശങ്ക ഉന്നയിച്ചത്.

അതിനിടെ, ഓഹരി തട്ടിപ്പ് ആരോപണത്തില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഗൗതം അദാനിക്കെതിരെ അന്വേഷണം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്.

കമ്പനി നിയമത്തിലെ സെക്ഷന്‍ 206 പ്രകാരമാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അദാനി ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയതായാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്.