മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. റഷീന്‍ റഹ്‌മാന്‍ എന്ന നടന്‍ മലയാള സിനിമയില്‍ റഹ്‌മാന്‍ എന്ന് അറിയപ്പെട്ടപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ രഘുമാന്‍ എന്നും രഘു എന്നുമാണ് അറിയപ്പെട്ടിരുന്നത്.
കരിയറിന്റെ തുടക്കത്തില്‍ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ അദ്ദേഹം യുവതി യുവാക്കളുടെ ഹരമായി മാറി. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു.
ഇപ്പോള്‍ തനിക്ക് ഒരു ആരാധികയില്‍ നിന്നും ലഭിച്ച കത്തിനെ കുറിച്ച് പറയുകയാണ് നടന്‍. അറ്റന്‍ഷന്‍ കിട്ടുന്നത് ഇഷ്ടപ്പെടാത്ത ആളുകള്‍ ഉണ്ടാവില്ലെന്ന് പറയുന്ന റഹ്‌മാന്‍ അതൊക്കെ താന്‍ ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ മിസ്‌യൂസ് ചെയ്തിട്ടില്ലെന്നും പറയുന്നു. വിടമാട്ടൈ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പണ്ട് എനിക്ക് കോഴിക്കോട് നിന്ന് ഒരു പെണ്‍കുട്ടി കത്ത് അയച്ചിരുന്നു. എന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ അവിടെയുള്ള ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞിട്ട് ഞാന്‍ അവിടെ വെച്ച് കെട്ടിത്തൂങ്ങി മരിക്കും എന്നാണ് കത്തില്‍ പറഞ്ഞത്.
ആ സ്ഥലത്തിന്റെ പേര് ഞാന്‍ മറന്നു. കോഴിക്കോടുള്ള ഒരു ഫേയ്മസായ ഏരിയയാണ്. റഹ്‌മാനാണ് ഇതിനെല്ലാം കാരണമെന്ന് പറയും എന്നൊക്കെ കത്തില്‍ പറഞ്ഞിരുന്നു. ബ്ലെഡില്‍ എഴുതിയ കത്തായിരുന്നു അത്.
ആ കുട്ടി കോഴിക്കോടുള്ള മഹാറാണി ഹോട്ടലില്‍ വന്നിരുന്നു. കൂടെ അവളുടെ അമ്മയും മറ്റാരൊക്കെയോ ഉണ്ടായിരുന്നു. എനിക്കുള്ള ഭക്ഷണവുമായിട്ടാണ് അന്ന് വന്നത്. അത്തരത്തിലുള്ള സംഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്.
അത്തരം കാര്യങ്ങള്‍ ഞാന്‍ എന്‍ജോയ് ചെയ്തിരുന്നു. പക്ഷെ ഒരിക്കലും അതൊന്നും മിസ്‌യൂസ് ചെയ്തിട്ടില്ല. അറ്റന്‍ഷന്‍ കിട്ടുന്നത് ഇഷ്ടപ്പെടാത്ത ആളുകള്‍ ഉണ്ടാവില്ലല്ലോ,’ റഹ്‌മാന്‍ പറയുന്നു.
Contet Highlight: Actor Rahman Talks About Letter From A Female Fan