മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ അദ്ദേഹം യുവതി യുവാക്കളുടെ ഹരമായി മാറി. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. റഷീന്‍ റഹ്‌മാന്‍ എന്ന നടന്‍ മലയാള സിനിമയില്‍ റഹ്‌മാന്‍ എന്ന് അറിയപ്പെട്ടപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ രഘുമാന്‍ എന്നും രഘു എന്നുമാണ് അറിയപ്പെട്ടിരുന്നത്.
ഇപ്പോള്‍ റഷീന്‍ റഹ്‌മാന്‍ എന്ന താന്‍ മലയാളികള്‍ക്ക് റഹ്‌മാന്‍ ആയതിനെ കുറിച്ചും പിന്നീട് രഘുമാനും രഘുവുമായി മാറിയതിനെ കുറിച്ചും പറയുകയാണ് നടന്‍. ഞാന്‍ വിടമാട്ടൈ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു റഹ്‌മാന്‍.
‘എന്റെ പേര് റഷീന്‍ റഹ്‌മാന്‍ എന്നാണ്. സര്‍ നെയിം ആണ് റഹ്‌മാന്‍ എന്നത്. ‘റഷീന്‍ എന്ന പേര് കുറച്ചുകൂടി വെസ്റ്റേനൈസ്ഡാണ്, റഹ്‌മാനെന്ന് പറയുമ്പോള്‍ ഒരു മെജസ്റ്റിക് ഫീലുണ്ട്’ എന്ന് എന്നോട് പറയുന്നത് പപ്പേട്ടനായിരുന്നു (സംവിധായകന്‍ പത്മരാജന്‍).
അങ്ങനെയാണ് എന്നെ റഹ്‌മാന്‍ എന്ന് വിളിച്ചു തുടങ്ങുന്നത്. എനിക്ക് എന്താണെങ്കിലും കുഴപ്പമില്ലെന്നും ഞാന്‍ ഓക്കെയാണെന്നും പപ്പേട്ടനോട് പറഞ്ഞു. അങ്ങനെ അദ്ദേഹമാണ് എന്റെ പേര് റഷീന്‍ റഹ്‌മാന്‍ എന്നുള്ളത് റഹ്‌മാന്‍ എന്ന് മാത്രമാക്കുന്നത്.
തമിഴില്‍ പോയപ്പോഴും ഞാന്‍ റഹ്‌മാന്‍ എന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടത്. പക്ഷെ അവര്‍ക്ക് പേരില്‍ ‘ഹ’ എന്ന അക്ഷരം എഴുതുമ്പോള്‍ ‘ഘ’യാണ് വരിക. രഘുമാന്‍, കമല്‍ ഘാസന്‍, സുഘാസിനി എന്നൊക്കെയാണ് വരിക.
അവര്‍ക്ക് ‘ഹ’ എന്ന അക്ഷരമുണ്ട്. പക്ഷെ കൊളോക്കിയല്‍ തമിഴില്‍ പറയുമ്പോള്‍ വ്യത്യാസമുണ്ടാകും. പിന്നെ സംവിധായകനായ എസ്.എ. ചന്ദ്രശേഖര്‍ സാര്‍ എന്നെ വിളിക്കുന്ന സമയത്ത് റഹു എന്ന് വിളിക്കാന്‍ തുടങ്ങി.
രഘുമാന്‍ എന്ന് വിളിക്കുന്നതിന് പകരം റഹുവെന്ന് വിളിച്ചു. അത് പിന്നീട് രഘുവും രഘുമാനുമായി മാറുകയായിരുന്നു. ഇപ്പോള്‍ പക്ഷെ മാറ്റം വന്നു. മിക്കവരും റഹ്‌മാന്‍ എന്ന് തന്നെ വിളിക്കാന്‍ തുടങ്ങി,’ റഹ്‌മാന്‍ പറയുന്നു.
Content Highlight: Actor Rahman Talks About His Name