മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
സുഹാസിനി – മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു കൂടെവിടെ. ഇപ്പോള്‍ ഈ സിനിമയിലെ തന്റെ ആദ്യ ഷോട്ടിനെ കുറിച്ച് പറയുകയാണ് റഹ്‌മാന്‍. ഞാന്‍ വിടമാട്ടൈ ബൈ കീര്‍ത്തി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൂടെവിടെ എന്ന സിനിമയിലെ എന്റെ ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെയുള്ളതായിരുന്നു. അന്ന് ദേഷ്യത്തില്‍ മമ്മൂക്കയോട് ‘മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്’ എന്ന് പറയുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. ആദ്യം തന്നെ ആ ഷോട്ടാണ് ഞാന്‍ എടുത്തത്.
സുഹാസിനിയുടെ വീട്ടില്‍ വെച്ചിട്ടുള്ള ഒരു സീനിലായിരുന്നു ആ ഡയലോഗ് പറയാനുള്ളത്. സിനിമ കണ്ടിട്ടുള്ള ചിലര്‍ക്കെങ്കിലും ആ സീന്‍ ഓര്‍മയുണ്ടാകും. മമ്മൂക്ക വന്നിട്ട് എന്തോ കുസൃതി ചോദ്യമോ മറ്റോ ചോദിക്കുന്നതും എനിക്ക് ഇറിട്ടേഷനാകുന്നതുമായിരുന്നു അത്.
അതില്‍ ഞാന്‍ ആ ഡയലോഗ് പറഞ്ഞ ഉടനെ എല്ലാവരും കയ്യടിച്ചു. അതായിരുന്നു സത്യത്തില്‍ എന്റെ സ്‌ക്രീന്‍ ടെസ്റ്റ്. എല്ലാവരും ആ സീന്‍ ഞാന്‍ ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു.
കാരണം ഞാന്‍ ആ പ്രൊജക്ടിലേക്ക് വന്നത് സത്യത്തില്‍ വളരെ ചെറിയൊരു വേഷം ചെയ്യാന്‍ വേണ്ടിയായിരുന്നു. പക്ഷെ എന്തുകൊണ്ടോ എനിക്ക് മെയിന്‍ റോള്‍ ലഭിക്കുകയായിരുന്നു. എന്റെ ടെസ്റ്റിങ് ഫേസ് ആ സീന്‍ ആയിരുന്നു.
എനിക്ക് അന്ന് എന്താണ് മെയിന്‍ റോളെന്നോ എന്താണ് ചെറിയ റോളെന്നോ അറിയില്ലായിരുന്നു. പക്ഷെ സീന്‍ കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു. ആ ഒരു നിമിഷത്തില്‍ തന്നെയാകണം അവര്‍ക്ക് ഞാന്‍ റോളിന് കറക്ടാണെന്ന് തോന്നിയത്,’ റഹ്‌മാന്‍ പറയുന്നു.
Content Highlight: Actor Rahman Talks About His First Scene With Mammootty In Koodevide Movie