പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്‌മാൻ. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാൻ തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്. തൊണ്ണൂറുകളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തിൽ നേടാൻ റഹ്‌മാന് കഴിഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാൻ സാധിച്ച റഹ്‌മാൻ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. രണ്ടാം വരവിലും റഹ്‌മാൻ മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകപ്രീതി നേടി.
തമിഴിൽ വലിയൊരു ഇടവേളക്ക് ശേഷം റഹ്‌മാൻ ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു ധ്രുവങ്ങൾ 16. ധ്രുവങ്ങൾ 16 എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാൻ. കഥപറയാനായി സംവിധായകൻ തന്റെ അടുത്ത് വന്നപ്പോൾ ചെയ്യില്ലെന്നാണ് താൻ ആദ്യം പറഞ്ഞതെന്ന് റഹ്‌മാൻ പറയുന്നു.
തന്നേക്കാൾ പ്രായമുള്ള കഥാപാത്രത്തെ സ്വീകരിക്കാൻ കുറച്ച് കോംപ്ലക്സ് ഉണ്ടായിരുന്നുവെന്നും 21കാരൻ്റെ അച്‌ഛനായി അഭിനയിച്ചാൽ പിന്നീട് വരുന്നതെല്ലാം അങ്ങനെയുള്ള റോളുകളാകുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നുവെന്നും റഹ്‌മാൻ പറഞ്ഞു. സ്ക്രീൻ പ്രായം കുറക്കാൻ വേണ്ടിയാണ് നടൻമാർ പ്രായം കുറഞ്ഞ നായികയെ കാസ്റ്റ് ചെയ്യുന്നതെന്നും അതൊക്കെ ഇൻഡസ്ട്രിയിലെ കുറുക്കുവഴികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ മോളുടെ പ്രായമാണ് ‘ധ്രുവങ്ങൾ 16’ൻ്റെ സംവിധായകൻ കാർത്തിക്കിന്. കഥ പറയാൻ വന്നപ്പോൾ പൊലീസ് വേഷമാണെന്ന് കേട്ട് ‘കാക്കിയിട്ട് മടുത്തു’ എന്ന് ഞാൻ നിരുത്സാഹപ്പെടുത്തി കുറേനേരം സൈറ്റിൽ അവൻ കാത്തുനിന്നു. പിന്നീട് നിരന്തരം ഫോളോ ചെയ്യാൻ തുടങ്ങി.
എന്നേക്കാൾ പ്രായമുള്ള കഥാപാത്രത്തെ സ്വീകരിക്കാൻ കുറച്ച് കോംപ്ലക്സ് ഉണ്ടായിരുന്നു. 21കാരൻ്റെ അച്‌ഛനായി അഭിനയിച്ചാൽ പിന്നീട് വരുന്നതെല്ലാം അങ്ങനെയുള്ള റോളുകളാകുമോ എന്ന ടെൻഷനും. എല്ലാ ഹീറോകൾക്കും അതുണ്ടാകും. സ്ക്രീൻ പ്രായം കുറയ്ക്കാനല്ലേ പ്രായം കുറഞ്ഞ നായികയെ കാസ്റ്റ് ചെയ്യുന്നത്. അതൊക്കെ ഇൻഡസ്ട്രിയിലെ കുറുക്കുവഴികളാണ്.
സ്ക്രീൻ പ്രായം കുറയ്ക്കാനല്ലേ പ്രായം കുറഞ്ഞ നായികയെ കാസ്റ്റ് ചെയ്യുന്നത്. അതൊക്കെ ഇൻഡസ്ട്രിയിലെ കുറുക്കുവഴികളാണ്
പിന്നീട് സംവിധായകൻ മുതൽ കോസ്‌റ്റ്യൂമർ വരെയുള്ള അഞ്ചാറുപേരുടെ സംഘവുമായി ഡിസ്‌കഷന് വന്നു. എന്ത് സംശയം ചോദിച്ചാലും എല്ലാവർക്കും മറുപടിയുണ്ട്. അവസാനം ഞാൻ സമ്മതിച്ചു. എന്ത് ചെയ്‌താലും ആത്മാർഥമായി ചെയ്യണമെന്നാണ് എൻ്റെ മോഹം. ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. മിക്കവാറും സിനിമ കാണുമ്പോൾ ഞാൻ എന്നെ മാത്രമേ കാണാറുള്ളൂ. പക്ഷേ, ഈ സിനിമ എട്ട് പ്രാവശ്യം കണ്ടു. ഓരോ തവണയും ഓരോ ഭാഗമാണ് ശ്രദ്ധിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കുട്ടികൾക്കേ ഇഷ്ടപ്പെടൂ എന്നുപറഞ്ഞ് തിയേറ്ററിൽ എടുക്കാൻ പലരും മടിച്ചു. ഞാൻ തന്നെ മുൻകൈയെടുത്ത് എൺപതുകളിലെ സിനിമാതാരങ്ങളുടെ ഗ്രൂപ്പിലുള്ളവർക്ക് പ്രിവ്യൂ വെച്ചു. പലരും സിനിമ കണ്ട് കണ്ണു നിറഞ്ഞാണ് പുറത്തുവന്നത്. അവരുടെ കമന്റ് ഷൂട്ട് ചെയ്തത് പ്രമോഷന് ഉപയോഗിച്ചു,’ റഹ്‌മാൻ പറയുന്നു.