കമല്‍ ഹാസന്‍ നായകനാകേണ്ട ആ സിനിമയില്‍ ഞാന്‍ നായകനായി, എന്നെ വെച്ച് നന്നായി ചെയ്ത് കാണിക്കാമെന്ന് സംവിധായകന്‍ പറഞ്ഞു: റഹ്മാന്‍
Entertainment news
കമല്‍ ഹാസന്‍ നായകനാകേണ്ട ആ സിനിമയില്‍ ഞാന്‍ നായകനായി, എന്നെ വെച്ച് നന്നായി ചെയ്ത് കാണിക്കാമെന്ന് സംവിധായകന്‍ പറഞ്ഞു: റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd November 2022, 7:21 pm

1989ല്‍ റഹ്മാനെ നായകനാക്കി കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുതു പുതു അര്‍ത്ഥങ്ങള്‍. ഗീതയായിരുന്നു ഫീമെയില്‍ ലീഡ് റോളില്‍ എത്തിയത്. രണ്ട് തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് സിനിമക്ക് ലഭിച്ചിരുന്നു.

ആദ്യം ചിത്രം ചെയ്യേണ്ടിയിരുന്നത് കമല്‍ ഹാസനായിരുന്നുവെന്ന് പറയുകയാണ് റഹ്മാന്‍. ചിത്രത്തിന്റെ സംവിധായകനായ കെ.ബാലചന്ദറിനെക്കുറിച്ചും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്.

”തമിഴിലെ എന്റെ ‘പുതു പുതു അര്‍ത്ഥങ്ങള്‍’ ആരും എടുക്കില്ല എന്നൊക്കെ പറഞ്ഞിരുന്നു. ആ പടം ആരും എടുക്കില്ല എന്ന പ്രിവ്യൂയില്‍ കാണുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നിരുന്നു. കെ.ബാലചന്ദറിന്റെ മുമ്പേ ഉള്ള പടം വിജയിച്ചില്ല എന്ന ടോക്ക്‌സ് ഒക്കെ ഉണ്ടായിരുന്നു. പിന്നെ ഡിസ്ട്രിബ്യൂട്ടേര്‍സ് ഒക്കെ വന്നു ഇത് ശരിയാവില്ല അത് ശരിയാവില്ല എന്നൊക്കെ പറയാനും തുടങ്ങി.

ദീപാവലി റിലീസ് ആയിട്ടാണ് ആ ചിത്രം ഇറങ്ങിയത്. 10,12 പടങ്ങള്‍ റീലിസായി ഇരിക്കുന്ന സമയത്താണ് എന്റെ പടവും ഇറങ്ങിയത്. എന്നാല്‍ പെട്ടെന്ന് സിനിമ കയറിപ്പോകാന്‍ തുടങ്ങി. 275 ദിവസം തിയേറ്ററില്‍ ഓടി. ഭയങ്കര സന്തോഷമായിരുന്നു.

ബാലചന്ദര്‍ സാര്‍ അടിപൊളി ഫിലിം മേക്കറാണ്. ഗോവയില്‍ വെച്ചായിരുന്നു പാട്ട് ഷൂട്ട് ചെയ്തത്. ഒരു സ്ഥലത്ത് നിന്നെടുത്താല്‍ പിന്നീട് രണ്ട് മല കഴിഞ്ഞ് ദൂരെ നിന്നാണ് അടുത്ത ഷൂട്ട് ഉണ്ടാവുക. ഇവിടെ കട്ട് പറഞ്ഞ് ഞങ്ങള്‍ സെറ്റാകുമ്പോഴേക്കും അദ്ദേഹം മലയുടെ ടോപ്പില്‍ എത്തിയിട്ടുണ്ടാവും.

വേഗം വാ അടുത്തത് ഇവിടെ നിന്ന് എടുക്കാമെന്ന് പറയും. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഞാന്‍ പല കാര്യങ്ങളും പഠിച്ചു. ഈ സിനിമ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് പറഞ്ഞത് ആരും നിങ്ങളെ ശരിക്ക് ഉപയോഗിച്ചിട്ടില്ല. ഞാന്‍ നിങ്ങളെ വെച്ച് നന്നായി ചെയ്ത് കാണിക്കാമെന്നായിരുന്നു.

ഈ സിനിമ കമല്‍ ഹാസനെവെച്ച് ചെയ്യേണ്ടതായിരുന്നുവെന്നും പറഞ്ഞു. എനിക്ക് എന്തോ ആര് ചെയ്യേണ്ടതായാലും സാറാണല്ലോ എന്നെ വെച്ച് ഇപ്പോള്‍ ചെയ്യുന്നതെന്ന് മാത്രമായിരുന്നു എന്റെ മനസില്‍,” റഹ്മാന്‍ പറഞ്ഞു.

മണിഭാരതി എന്ന കഥാപാത്രമായാണ് റഹ്മാന്‍ ചിത്രത്തിലെത്തിയിരുന്നത്. ഇളയരാജ കാമിയോ റോളില്‍ എത്തിയ ചിത്രത്തില്‍ ജയചിത്ര, ജനകരാജ്, സിതാര, എന്നിവരായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങള്‍.

content highlight: actor rahman about puthu puthu arthangal movie and kamal hassan