ഞങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നു, പിരിയാനുള്ള കാരണം ഇതാണ്; വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ബന്ധത്തെക്കുറിച്ച് റഹ്മാന്‍
Entertainment news
ഞങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നു, പിരിയാനുള്ള കാരണം ഇതാണ്; വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ബന്ധത്തെക്കുറിച്ച് റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd November 2022, 6:10 pm

ഇരുന്നൂറില്‍ പരം സിനിമകളില്‍ അഭിനയിച്ച് ഏറെ ആരാധകരുള്ള നടനാണ് റഹ്മാന്‍. അഭിനയത്തിന്റെ തുടക്കത്തില്‍ ഒരു നടിയുമായി തനിക്കുണ്ടായ പ്രണയത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. പിന്നീട് നടി തന്റെ കരിയറില്‍ ഫോക്കസ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ പേരില്‍ പിരിഞ്ഞതാണെന്നും റഹ്മാന്‍ പറഞ്ഞു. അതിന് ശേഷം താന്‍ അനുഭവിച്ച ബുദ്ധിമുട്ടികളേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്

”സിനിമയിലെ ഒരു നടിയെ വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. രണ്ടാമത്തെ സിനിമയിലാണ് ആ നടിയുമായി ഒന്നിച്ച് അഭിനയിക്കുന്നത്. ആ കാര്യത്തെക്കുറിച്ച് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം അറിയാമായിരുന്നു. പക്ഷേ അവളുടെ ചില സിറ്റുവേഷന്‍ മാറിപ്പോയി.

അത് നന്നായി എന്നാണ് ഞാന്‍ കരുതുന്നത്. അല്ലെങ്കില്‍ എനിക്ക് മെഹ്‌റുവിനെ കിട്ടില്ലായിരുന്നു. അവളുടെ കരിയറില്‍ ചില മാറ്റങ്ങള്‍ വന്നു. പിന്നെ അവളാണ് പിന്നോട്ട് പോയത്. എനിക്ക് അത് വലിയ വിഷമം ഉണ്ടാക്കി. സിനിമയില്‍ കാണുന്നപോലെ വിഷാദം ഒക്കെ ആയിപ്പോയി. ആ വിഷമം പിന്നെ മാറിയതാണ്. പിന്നീട് വിവാഹം വേണ്ട എന്നുള്ള മൂഡായിരുന്നു എനിക്ക്,” റഹ്മാന്‍ പറഞ്ഞു.

കൂടാതെ സിനിമാമേഖലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാവാതിരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കരിയറിനെക്കുറിച്ച് ഫോക്കസായിരുന്നില്ലെന്നും കാര്യമായ പി.ആര്‍ വര്‍ക്കുകളും തനിക്ക് ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സിനിമയില്‍ വലിയ ഉയര്‍ച്ച ഉണ്ടാവാതിരുന്നത് എന്റെ കയ്യിലിരിപ്പ് കൊണ്ടാവും. എന്റെ പി.ആര്‍ വര്‍ക്ക് നന്നായിരുന്നില്ല. കരിയറിനേക്കുരിച്ച് സീരിയസും ഫോക്കസും ഒന്നുമല്ലായിരുന്നു. മലയാളത്തില്‍ സജീവമായി ഇരിക്കുന്ന സമയത്താണ് ഞാന്‍ തമിഴിലേക്ക് പോകുന്നത്. തമിഴില്‍ സെറ്റാവുന്നതിന് മുമ്പ് ഞാന്‍ തെലുങ്കില്‍ പോയി.

എവിടെയും ഞാന്‍ കരിയര്‍ പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നു. എന്റെ തുടക്കം തന്നെ അങ്ങനെ ആയിരുന്നു. സിനിമ പ്രൊഫഷനാക്കണം എന്ന് കരുതി വന്നയാള്‍ അല്ല ഞാന്‍. 10,12 വര്‍ഷം പരാജയം അനുഭവപ്പെട്ടില്ലായിരുന്നു. കല്യാണത്തിന് ശേഷമാണ് പരാജയം എന്നെ തേടി വരാന്‍ തുടങ്ങിയത്.

സിനിമയെ ബിസിനസ് ആയിട്ട് കണ്ടാല്‍ മാത്രമേ അതില്‍ ഉയരാന്‍ പറ്റുകയുള്ളു. ഇപ്പോള്‍ കോമ്പറ്റീഷനാണ് പരസ്പരം. പണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ തന്നെയായിരുന്നു. പിന്നീടാണ് പ്ലാന്‍ ചെയ്ത് കൊണ്ട് സിനിമ ചെയ്യാന്‍ ആരംഭിച്ചത്,” റഹ്മാന്‍ പറഞ്ഞു.

അതേസമയം, തുപ്പരിവാളന്‍ 2 ആണ് ഇറങ്ങാനുള്ള റഹ്മാന്റെ തമിഴ് ചിത്രം. വിശാല്‍ നായകനാകുന്ന ചിത്രം 2017ല്‍ പുറത്തിറങ്ങിയ തുപ്പരിവാലളന്റെ സീക്വലാണ്. റഹ്മാന് പുറമേ നാസര്‍, ജയപ്രകാശ്, ഗൗതമി എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

content highlight: actor rahmanis talking about his love affair with the actress at the beginning of acting