എന്നെക്കാള്‍ വലിയ വട്ടനാണ് ലിസ്റ്റിന്‍; ഇതുവരെ ചെയ്തതെല്ലാം ചെറിയ പരിപാടികള്‍, വലുത് വരാനിരിക്കുന്നതെയുള്ളു: പൃഥ്വിരാജ്
Entertainment news
എന്നെക്കാള്‍ വലിയ വട്ടനാണ് ലിസ്റ്റിന്‍; ഇതുവരെ ചെയ്തതെല്ലാം ചെറിയ പരിപാടികള്‍, വലുത് വരാനിരിക്കുന്നതെയുള്ളു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th November 2022, 11:33 am

നടന്‍ പൃഥ്വിരാജിന്റെ സുഹൃത്തും പ്രൊഡക്ഷന്‍ പാര്‍ട്ണറുമാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സ്റ്റീഫനെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. കടുവയുടെ സക്‌സസ് സെലിബ്രേഷനില്‍ വെച്ചാണ് അദ്ദേഹം സംസാരിച്ചത്. ഏകദേശം രണ്ട് വര്‍ഷത്തോളമായി തന്റെ എല്ലാകാര്യത്തിലും കൂടെയുള്ള വ്യക്തിയാണ് ലിസ്റ്റിനെന്ന് പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനി നല്ല രീതിയില്‍ പോകുന്നതിന്റെ മുഴുവന്‍ ക്രഡിറ്റും ലിസ്റ്റിനുള്ളതാണെന്നും ഇതുവരെ രണ്ട് പേരും ഒന്നിച്ച് ചെയ്തതെല്ലാം ചെറിയ പരിപാടികളാണെന്നും വലിയ പരിപാടികള്‍ വരാന്‍ പോകുന്നതെയുള്ളുവെന്നും പൃഥ്വിരാജ് പറഞ്ഞു.

”ജനഗണ മനയുടെ സെലിബ്രേഷന് വരാന്‍ സാധിക്കാത്തത് കൊണ്ട് അന്നു മുതല്‍ എഴുതി തയ്യാറാക്കിയ കുറേ കോമഡികള്‍ ലിസ്റ്റിന്റെ കൈവശമുണ്ടായിരുന്നു. അതില്‍ ഒന്നു രണ്ടെണ്ണമാണ് ഇന്ന് പ്രയോഗിച്ചിട്ടുള്ളത്. ഗോള്‍ഡിന്റെ എന്തെങ്കിലും പരിപാടിക്ക് ബാക്കി എടുത്തിടാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്.

ഒന്നൊന്നര വര്‍ഷകാലമായിട്ട് ഞാന്‍ ചെയ്ത എല്ലാ സംരംഭങ്ങള്‍ക്കും എന്നോടൊപ്പം ലിസ്റ്റിന്‍ നില്‍ക്കുന്നുണ്ട്. എന്റെ മൂന്ന് പ്രൊഡക്ഷന്റെ മാത്രമല്ല, ഞാന്‍ മൂന്ന് സിനിമകള്‍ ഡിസ്ട്രിബ്യൂട്ട് ചെയ്തു. കെ.ജി.എഫ് 2, 777 ചാര്‍ളി ഇപ്പോള്‍ കാന്താര ഇവയ്‌ക്കെല്ലാം എന്റെ കൂടെ നിന്ന പാര്‍ട്ണറാണ് ലിസ്റ്റിന്‍.

എന്നേക്കാള്‍ വലിയ വട്ടുള്ള വട്ടനാണ് ലിസ്റ്റിന്‍. അങ്ങനെ കൂടെ കൂട്ടാന്‍ പറ്റുമെന്ന് തോന്നി. ലിസ്റ്റിന്‍ ഇല്ലായിരുന്നെങ്കില്‍ ഈ മൂന്ന് പ്രോജക്ടകളും ഇന്ന് നല്ല രീതിയില്‍ നടക്കില്ലായിരുന്നു. മാജിക് ഫ്രയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇത്രയും പ്രോഫിറ്റബിളായ കമ്പനിയായി ഇവിടെ നില്‍ക്കില്ലായിരുന്നു. അതിന്റെ ക്രഡിറ്റ് ലിസ്റ്റിനുള്ളതാണ്.

ലിസ്റ്റിനും നിങ്ങളും വലിയ പരിപാടികളാണല്ലോ എന്ന് എപ്പോഴും എന്നെ കാണുമ്പോള്‍ ആളുകള്‍ ചോദിക്കും. ഇതുവരെ ചെയ്തതായിരുന്നു ചെറിയ പരിപാടികള്‍ വലിയ പരിപാടികള്‍ ഇനി വരാനിരിക്കുന്നതെയുള്ളു,” പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മികച്ച പ്രതികരണങ്ങളായിരുന്നു കടുവക്ക് ലഭിച്ചിരുന്നത്. സെലിബ്രേഷന് സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

CONTENT HIGHLIGHT: actor prithviraj about producer listin stephen