കല്ലായി പുഴയിലെ എല്ലാ മരങ്ങളുടെയും മര്‍മം അറിയുന്ന നടന്‍; മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍: പ്രേം കുമാര്‍
Entertainment
കല്ലായി പുഴയിലെ എല്ലാ മരങ്ങളുടെയും മര്‍മം അറിയുന്ന നടന്‍; മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍: പ്രേം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th April 2025, 6:37 am

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് പ്രേം കുമാര്‍. 1991ല്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അരങ്ങ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.

ശേഷം നൂറിലധികം സിനിമകളിലാണ് പ്രേം കുമാര്‍ അഭിനയിച്ചത്. അതില്‍ 18 സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുമുണ്ട്. 2022ല്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായി നിയമിതനായതും പ്രേം കുമാറാണ്.

ഒരുകാലത്ത് മലയാളത്തിലെ മിക്ക നടന്മാരുടെ ഒപ്പവും അഭിനയിച്ച നടന്‍ കൂടിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നടന്‍ മാമുക്കോയയെ കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാര്‍. വല്ലാതെ അത്ഭുതപ്പെടുത്തിയ മനുഷ്യനാണ് മാമുക്കോയ എന്നാണ് അദ്ദേഹം പറയുന്നത്.

തങ്ങള്‍ ഒരുമിച്ച ആദ്യ സിനിമയുടെ സമയത്ത് തുടക്കകാരനായ തന്നോട് സൗമ്യമായാണ് മാമുക്കോയ പെരുമാറിയതെന്നും തന്നെ ചേര്‍ത്തു നിര്‍ത്തുന്ന രീതിയിലായിരുന്നു അതെന്നും പ്രേം കുമാര്‍ പറഞ്ഞു. അമൃത ടി.വിയിലെ ഓര്‍മയില്‍ എന്നും മാമുക്കോയ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഭാഗ്യവാന്‍ എന്ന സിനിമയുടെ സമയത്താണ് ഞാന്‍ മാമുക്കോയയെ ആദ്യമായി കാണുന്നത്. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഭാഗ്യവാന്‍.

ആ സമയത്താണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. പക്ഷെ അതിനുമുമ്പ് തന്നെ ഞാന്‍ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിരുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ ഒരു ഫാനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണുന്നത്.

ശരിക്കും നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ് മാമുക്കോയ. തുടക്കകാരനായ എന്നോടൊക്കെ സൗമ്യമായിട്ട് അദ്ദേഹം അന്ന് പെരുമാറിയത്. നമ്മളെ ചേര്‍ത്തു നിര്‍ത്തുന്ന രീതിയിലാണ്.

ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. എല്ലാവരും മാമുക്കോയ എന്ന നടന്റെ പ്രത്യേകതയായി പറയുന്ന കാര്യമതാണ്. ജീവിതാനുഭവത്തിന്റെ കരുത്തിലായിരുന്നു അദ്ദേഹം മുന്നോട്ട് പോയത്. മരത്തിന്റെ ഏറ്റവും വലിയ എക്‌സ്‌പേര്‍ട്ടാണ്.

മരത്തിന്റെ അളവുകള്‍ എടുക്കുകയും കല്ലായി പുഴയില്‍ വരുന്ന എല്ലാ മരങ്ങളുടെയും കൃത്യമായ മര്‍മം അറിയുകയും ചെയ്യുന്ന ആളാണ്. ഒപ്പം നര്‍മത്തിന്റെയും മര്‍മം അദ്ദേഹത്തിന് അറിയാം. മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മാമുക്കോയ,’ പ്രേം കുമാര്‍ പറയുന്നു.

Content Highlight: Actor Prem Kumar Talks About Mamukkoya