സെലിബ്രിറ്റിയെപ്പോലെയല്ല അവന്‍ ജീവിക്കുന്നത്, അവനെക്കുറിച്ച് എന്ത് പറഞ്ഞാലും തള്ളാണെന്ന് പറയും; പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
Movie news
സെലിബ്രിറ്റിയെപ്പോലെയല്ല അവന്‍ ജീവിക്കുന്നത്, അവനെക്കുറിച്ച് എന്ത് പറഞ്ഞാലും തള്ളാണെന്ന് പറയും; പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th October 2021, 6:35 pm

കൊച്ചി: പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ഹൃദയം. സിനിമയിലെ ‘ദര്‍ശന’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

വലിയ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 23 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ പാട്ട് യുട്യൂബില്‍ കണ്ടത്.

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറക്കുകയാണ് വിനീത്. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല പ്രണവെന്ന് വിനീത് പറയുന്നു.

‘അപ്പുവിനെ പറ്റി (പ്രണവ്)എന്തു പറഞ്ഞാലും ആളുകള്‍ പറയും തള്ളാണെന്ന്. ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല. അതിന് കാരണം അപ്പുവിനെ എവിടെയും കാണാത്തതാണ്. എന്നാല്‍ എവിടെ വെച്ചും കാണാന്‍ പറ്റുന്ന ആളുമാണ്. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു,’ വിനീത് പറഞ്ഞു.

ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയില്‍ കയറിയാല്‍ അപ്പു അവിടെ ഇരിപ്പുണ്ടാവും. അത്രയ്ക്കും അഹങ്കാരമില്ലാത്ത ആളാണ്, വിനീത് കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ക്ക് അവനെ അറിയില്ല, അതുകൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നതെന്നും വിനീത് പറഞ്ഞു.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത് ഹൃദയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Pranav Mohanlal Vineeth Sreenivasan Hrudayam Movie