തുടരും സിനിമയെ കുറിച്ചും നിര്‍മാതാവ് രജപുത്ര രഞ്ജിതിന്റെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും പരസ്യ സംവിധായകനുമായ പ്രകാശ് വര്‍മ.
എവിടെയായിരുന്നു ഇത്രയും നാള്‍ എന്നാണ് തന്റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചതെന്നും ആ വാക്കുകള്‍ തന്നിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ലെന്നും പ്രകാശ് വര്‍മ പറയുന്നു.
എല്ലായിടത്തും ഉള്ളപോലെ വെറും പണത്തിന്റെ കാര്യം മാത്രം കൈകാര്യം ചെയ്യുന്ന ഒരു നിര്‍മാതാവല്ല അദ്ദേഹമെന്നും അതിലുപരി ഗംഭീര സ്റ്റോറി ടെല്ലറും നല്ലൊരു മനുഷ്യനുമാണെന്നും പ്രകാശ് വര്‍മ പറഞ്ഞു.
‘ എന്റെ ആദ്യത്തെ സീന്‍ എടുത്തു കഴിഞ്ഞപ്പോള്‍ തന്നെ രഞ്ജിത്തേട്ടന്‍ എന്നോട് ചോദിക്കുകയാണ് എവിടെയായിരുന്നു ഇത്രനാള്‍ എന്ന്. എത്രയോ സിനിമകള്‍ ചെയ്ത് എത്രയോ വലിയ നടന്മാരുടെ കൂടെ ജോലി ചെയ്ത വ്യക്തിയാണ്.
സിനിമയുടെ ഒരു ബാക്ക് ഗ്രൗണ്ട് വര്‍ഷങ്ങളായി അറിയാവുന്ന മനുഷ്യന്‍ ഒരു ഷോട്ടിന് ശേഷം അത് പറയുക എന്ന് പറയുന്നത് ഭീകര കോണ്‍ഫിഡന്‍സാണ്.
ഈ സിനിമയില്‍ എന്തെങ്കിലും നല്ലത് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കില്‍ ഈ പറയുന്ന ആള്‍ക്കാര്‍ എന്നോട് പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ റിഫ്‌ളക്ഷനാണ്.
എന്നെ സംബന്ധിച്ച് വലിയൊരു ലേണിങ് പ്രോസസായിരുന്നു തുടരും. അതിലുപരി ഇതില്‍ ഏറ്റവും രസകരമായ കാര്യം ഭയങ്കര സ്‌റ്റോറി ടെല്ലറാണ് രജ്ഞിത്തേട്ടന്‍ എന്നതാണ്.
ഷോട്ടിന് ഇടയ്ക്കുള്ള സമയത്തൊക്കെ അദ്ദേഹത്തിന്റെ കുറേ കഥകളുണ്ട്. സിനിമയിലുള്ള കഥകള്‍. വര്‍ഷങ്ങളായി അദ്ദേഹം സിനിമയിലുണ്ട്. ഈ സിനിമയിലുള്ള താരങ്ങള്‍, അവരുടെ ഹ്യൂമര്‍ അത്തരം കഥകള്‍ കേട്ടാല്‍ ചിരിച്ച് മണ്ണ് കപ്പിപ്പോകും.
പറയാതിരിക്കാനാവില്ല. എല്ലാ ദിവസവും സെറ്റില്‍ പോകാന്‍ രാവിലെ എണീക്കുമ്പോള്‍ എനിക്ക് തിടുക്കമായിരുന്നു. അത്രയും ഇന്ററസ്റ്റിങ് ആയിട്ടുള്ള കുറേ ആള്‍ക്കാരാണ് അവിടെ ഉള്ളത്.
ഒരു പ്രൊഡ്യൂസര്‍ എന്ന് പറഞ്ഞാല്‍ വെറുതെ പണവുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല. അസാധ്യമായ ടെക്‌നിക്കല്‍ നോളജുള്ള മനുഷ്യനാണ് അദ്ദേഹം.
ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന കാലത്തെ സിനിമയല്ല ഇന്ന്. സിനിമയും ടെക്‌നോളജിയും മാറി. അന്ന് എഡിറ്റ് ചെയ്യുന്ന രീതിയെ കുറിച്ചൊക്കെ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്.
ഞാനൊക്കെ എ.വി.എം സ്റ്റുഡിയോയില്‍ ഫിലിം കത്രികയില്‍ കട്ട് ചെയ്ത് സെല്ലോടേപ്പില്‍ ഇട്ട് ഒട്ടിച്ച് അത് വൈന്‍ഡ് ചെയ്ത് കാണുന്ന അവസ്ഥയുണ്ടായിരുന്നു. അത്തരത്തില്‍ ഞങ്ങള്‍ തമ്മില്‍ ഭയങ്കര കണക്ഷന്‍ ഉണ്ടായത് ഇങ്ങനത്തെ കുറേ കാര്യങ്ങളില്‍ കൂടിയാണ്.
ടെക്‌നോളജിയുടെ കാര്യത്തില്‍ അന്ന് തൊട്ട് ഇന്ന് വരെ നോക്കിയാല്‍ അത്രയും അപ്‌ഡേറ്റായ മനുഷ്യന്‍. ഇതൊക്കെ എന്നെ അത്ഭുതപ്പെടുത്തി. എല്ലായിടത്തും കാണാന്‍ പറ്റുന്ന പ്രൊഡ്യൂസറല്ല അദ്ദേഹം.
എനിക്ക് അറിയാവുന്ന പല പ്രൊഡ്യൂസര്‍മാരുമുണ്ട്. ഇതെന്നെ ശരിക്കും അതഭുതപ്പെടുത്തി. എന്നെ വല്ലാതെ ഇന്‍സ്‌പെയര്‍ ചെയ്ത ഒരു മനുഷ്യനാണ് രഞ്ജിത്തേട്ടന്‍,’ പ്രകാശ് വര്‍മ പറയുന്നു.
Content Highlight: Actor Prakash varma about Rejaputhra Renjith and his story telling