ഇന്ത്യയില്‍ നാണക്കാരന്‍, ജപ്പാനില്‍ പൂക്കി; വൈറലായി പ്രഭാസിന്റെ ഇമോട്ട്
Malayalam Cinema
ഇന്ത്യയില്‍ നാണക്കാരന്‍, ജപ്പാനില്‍ പൂക്കി; വൈറലായി പ്രഭാസിന്റെ ഇമോട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th December 2025, 8:45 am

 

പൊതുപരിപാടികളിലും സിനിമാ പ്രൊമോഷന്‍ ഇവന്റുകളിലും തന്റെ നാണം കുണുങ്ങിയ ഇന്‍ട്രോവെര്‍ട്ട് സ്വഭാവത്തിന് പേരുകേട്ട ആളാണ് സൂപ്പര്‍ താരം പ്രഭാസ്. ഇപ്പോഴിതാ ജപ്പാനില്‍ താന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ ആരാധകര്‍ക്ക് മുമ്പില്‍ നാണത്തോടെ കൈ കൊണ്ട് ഹൃദയചിഹ്നം കാണിക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മൂവിസ്‌ഫോര്‍ യു അടക്കമുള്ള സിനിമാ പേജുകളാണ് വീഡിയോ പങ്കു വച്ചത്.

ബാഹുബലി; ദ എപ്പിക്ക്. Photo: Theatrical poster

ജപ്പാനില്‍ റിലീസിനൊരുങ്ങുന്ന ബാഹുബലി; ദ എപ്പിക്ക് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായാണ് താരം വിദേശത്തെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാവായ ഷോബു യര്‍ലാഗഡ്ഡക്കൊപ്പമാണ് താരം വേദി പങ്കിട്ടത്. സലാര്‍, കല്‍ക്കി 2898 എ.ഡി. പ്രൊമോഷന്‍ സമയങ്ങളിലെല്ലാം പൊതുവേദികളില്‍ കുറഞ്ഞ വാക്കുകള്‍ മാത്രം സംസാരിച്ച് പിന്നോട്ട് വലിയുന്ന താരത്തിന്റെ പുതിയ വീഡിയോ ആരാധകര്‍ ഏറെ കൗതുകത്തോടെയാണ് സ്വീകരിച്ചത്.

നാണം കുണുങ്ങി നിന്ന് കൈകള്‍ കൊണ്ട് ഹൃദയത്തിന്റെ ആകൃതിയില്‍ ആരാധകരെ അഭിവാദ്യം ചെയ്ത താരത്തിന്റെ പ്രവര്‍ത്തിയെ നിറഞ്ഞ കൈയ്യടിയോടെയും ചിരിയോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്. ജപ്പാനീസില്‍ ആരാധകരോട് സംസാരിച്ച ശേഷമായിരുന്നു താരത്തിന്റെ പൂക്കി ആക്ട്. ജപ്പാനിലെ ആരാധകരെ കൈയ്യിലെടുക്കാന്‍ വേണ്ടി അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിച്ചതാണെന്നും അമ്മ സ്റ്റേജില്‍ കൊണ്ടുനിര്‍ത്തിയ കുട്ടിയെ പോലെയുണ്ടെന്നുമാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.

ഇന്ത്യന്‍ സിനിമയെ തന്നെ മാറ്റിമറിച്ച രാജമൗലി സംവിധാനം ചെയ്ത ബാഹുബലി; ദ ബിഗിനിങ്ങും, ബാഹുബലി: ദ കണ്‍ക്ലൂഷനും റീ എഡിറ്റ് ചെയ്ത് ഒറ്റ സിനിമയാക്കിയാണ് ബാഹുബലി; ദ എപിക്  റിലീസിനെത്തുക. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ പുതിയ വേര്‍ഷന്‍ പ്രേക്ഷകരിലേക്കെത്തുന്നത്. മൂന്ന് മണിക്കൂറും നാല്‍പ്പത്തിയഞ്ച് മിനുറ്റുമാണ് റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്പിരിറ്റ്‌. Photo: Fan made/ fantasy studios/ youtube.com

സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സ്പിരിറ്റിന്റെ ഷൂട്ടിങ്ങ് നിര്‍ത്തി വച്ചാണ് താരം ജപ്പാനിലേക്ക് പോയതെന്നാണ് വിവരം. ലോകപ്രശസ്ത കൊറിയന്‍ നടന്‍ ഡോണ്‍ ലീ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുപകളുണ്ടായിരുന്നു. ചിത്രത്തില്‍ ത്രിപ്തി ദിമ്രി, കിയാറാ അദ്വാനി, അനന്ദ് നാഗ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: Actor prabhas’s action gpoes viral during movie promotion in japan