മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്: പി.ശ്രീകുമാര്‍
Entertainment news
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്: പി.ശ്രീകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 11:04 am

കണ്ണൂര്‍ ഡീലക്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പ്രവേശനം ചെയ്ത നടനാണ് പി. ശ്രീകുമാര്‍ (പരമേശ്വര്‍ ശ്രീകുമാര്‍). സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. 150ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് പാഠം ഒന്ന്: ഒരു വിലാപം എന്ന മീരാ ജാസ്മിന്‍ ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ നടന്‍ പി. ശ്രീകുമാര്‍.മോഹന്‍ലാല്‍ ഒരു ഗിഫ്റ്റഡ് ആര്‍ട്ടിസ്റ്റാണെന്നും എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി നടനാകാന്‍ ആഗ്രഹിച്ച് സ്വയം അധ്വാനത്തിലൂടെ സിനിമയില്‍ നില്‍ക്കുന്നയാളാണെന്നും ഒരു നടനാകാനായി ശാസ്ത്രീയമായി ചെയ്യേണ്ട കാര്യങ്ങളൊക്കെ നയിച്ച് ജീവിക്കുന്ന ഒരാളാണെന്നും ശ്രീകുമാര്‍ പറയുന്നു.

തന്റെ ഇഷ്ടങ്ങളൊക്കെ മാറ്റി വെച്ച് ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നയാളാണ് മമ്മൂട്ടിയെന്നും ഒരു സിനിമ കമ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ എല്ലാ പ്രോസസുകളെ പറ്റിയും എപ്പോഴും ചോദിക്കുന്നയാളാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന് ചാനലിനോട് സംസാരിക്കുകയായിരുന്നു പി. ശ്രീകുമാര്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ എന്ന് പറയുന്നത് ഒരു ഗിഫ്റ്റഡ് ആര്‍ട്ടിസ്റ്റ് എന്നൊക്കെ പറയില്ലേ, അതുപോലെയാണ്. ഈ മമ്മൂട്ടി അങ്ങനെയല്ല. അയാളുടെ ജീവിതം മുഴുവന്‍ അദ്ദേഹം ഇങ്ങനെ വൈഢൂര്യക്കല്ല് തേച്ചുരച്ച് മിനിക്കി കൊണ്ടുവരുന്നതുപോലെ, സ്വയം അധ്വാനത്തിലൂടെ നില്‍ക്കുന്നയാളാണ്. അങ്ങേര് ഒരു നടനാകാനൊക്കെ എന്തൊക്കെയാണ് ശാസ്ത്രീയമായ ജീവിതം നയിക്കേണ്ടത് അതുപോലെയുള്ള ജീവിതമൊക്കെ നയിക്കുന്നയാളാണ്.

പല ഇഷ്ടങ്ങളെയും മാറ്റിവെച്ചുകൊണ്ട് ഈ രംഗത്ത് അങ്ങേര് ഉദ്ദേശിക്കുന്നിടത്ത് എത്താന്‍ വേണ്ടിയും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ആ ചരിത്രത്തില്‍ ഇടം നേടാനും ഒക്കെ അത്രയും പെയ്ന്‍ എടുക്കുന്നയാളാണ്. അദ്ദേഹത്തെ വെച്ചാണ് ഞാന്‍ ഒരു പടം ചെയ്യുന്നതെങ്കില്‍, പടം സമ്മതിച്ച് എഗ്രിമെന്റായി കഴിഞ്ഞാല്‍ പിന്നെ പടം ഷൂട്ട് ചെയ്യുന്നതുവരെ പുള്ളി ദിവസവും അതിന്റെ പ്രോഗ്രസ്, അതിന്റെ ചര്‍ച്ച ഇതിങ്ങനെ ഫോണില്‍ വിളിച്ചിട്ട് കണക്ട് ചെയ്തുകൊണ്ടിരിക്കും,’ പി ശ്രീകുമാര്‍ പറയുന്നു

Content Highlight: Actor P. Sreekumar is currently talking about Mohanlal and Mammootty.