എവിടെ നോക്കിയാലും സർവ്വം മായ മയമാണ്. അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ സർവ്വം മായയുടെ വിജയം ആഘോഷമാക്കുന്ന തിരക്കിലാണ് കേരളക്കര മുഴുവൻ. ഡെലൂലുവായെത്തിയ റിയയും ‘എന്തുട്ടാ ഈ കാട്ടണേ’ എന്ന് ചോദിക്കുന്ന പ്രഭയും രൂപേഷ് നമ്പൂതിരിയും ഒന്നടങ്കം മലയാളികളെ ചിരിപ്പിച്ച് കയ്യിലെടുത്തുകൊണ്ടിരിക്കുകയാണ്. നിവിന്റെ ആദ്യ നൂറുകോടി ക്ലബ്ബിൽ കയറിയെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.
മോഹൻലാൽ, നിവിൻ പോളി , Photo: Nivin pauly/ Facebook
അഖിൽ സത്യൻ തന്നെ ‘എന്റെ മോഹൻലാൽ’ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നിവിൻ പോളി. ആ താരതമ്യം ഒരർഥത്തിലും താൻ അർഹിക്കുന്നില്ലെന്ന് പറയുന്ന നിവിൻ, അഖിൽ അങ്ങനെ പറഞ്ഞത് ലാൽ സാറിനൊപ്പം അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും കൂട്ടിച്ചേർത്തു. മനോരമ ഞായറാഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മോഹൻലാൽ, നിവിൻ പോളി , Photo: Nivin pauly/ Facebook
‘ലാൽ സാറിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. ആ അനുഭവം അഖിലിന്റെ മനസ്സിലുണ്ടാവാം. പക്ഷേ അങ്ങനെയൊരു താരതമ്യം ഞാൻ അർഹിക്കുന്നില്ല. ഈ സിനിമയുടെ ലൊക്കേഷനിലേക്ക് ഓരോ ദിവസവും പോകാൻ എനിക്ക് വലിയ കൊതിയായിരുന്നു. ഷൂട്ടിങ് മുഴുവൻ തമാശയും രസങ്ങളുമൊക്കെയായി ഒരു ആഘോഷം പോലെയായിരുന്നു. അങ്ങനെയൊരു ഗ്രൂപ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ,’ നിവിൻ പറഞ്ഞു.
ചിത്രത്തിന്റെ ആത്മാവിനെ കുറിച്ചും നിവിൻ തുറന്നു പറഞ്ഞു. ‘ഇത് വളരെ സത്യസന്ധമായി ഷൂട്ട് ചെയ്ത സിനിമയാണ്. കെട്ടുകാഴ്ചകളോ അതിരുവിട്ട പരസ്യങ്ങളോ ഒന്നുമില്ല. എനിക്കും അതാണ് ഇഷ്ടം. ഞാൻ ഒരു സാധാരണക്കാരനാണ് കുറവുകളും പോരായ്മകളും ഉള്ള ഒരാൾ. പക്ഷേ ഏറ്റവും സത്യസന്ധമായി നമ്മുടെ ജോലി ചെയ്യുക, അതുപോലെ തന്നെ മറ്റുള്ളവരോട് ഇടപെടുക. അങ്ങനെ ചെയ്താൽ വിജയങ്ങൾ താനെ വരും എന്നതാണ് എന്റെ വിശ്വാസം.
അഖിൽ സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സർവ്വം മായയിൽ നിവിൻ പോളിയുടെ ഈ സത്യസന്ധത തന്നെയാണ് പ്രേക്ഷകർ ഏറ്റെടുത്തതും. വലിയ ഹൈപ്പൊന്നുമില്ലാതെ , ലളിതമായ വികാരങ്ങളിലൂടെ മുന്നേറുന്ന ചിത്രം, താരത്തിന്റെ വ്യക്തിത്വവും അഭിനയശൈലിയും വീണ്ടും തിരിച്ചു വന്ന പ്രതീതിയായിരുന്നു പ്രേക്ഷകർക്ക്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.