ഇഷ്ട നടന്‍ മോഹന്‍ലാല്‍ ആയിരുന്നു; ഫഹദിന്റെ സിനിമകള്‍ കണ്ടുതുടങ്ങിയതോടെ അദ്ദേഹത്തിന്റെ വലിയ ആരാധകനായി: നിഖില്‍ സിദ്ധാര്‍ത്ഥ്
Movie Day
ഇഷ്ട നടന്‍ മോഹന്‍ലാല്‍ ആയിരുന്നു; ഫഹദിന്റെ സിനിമകള്‍ കണ്ടുതുടങ്ങിയതോടെ അദ്ദേഹത്തിന്റെ വലിയ ആരാധകനായി: നിഖില്‍ സിദ്ധാര്‍ത്ഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd September 2022, 4:38 pm

അനുപം ഖേര്‍, നിഖില്‍ സിദ്ധാര്‍ഥ്, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചന്ദു മൊണ്ടേട്ടി ഒരുക്കിയ ചിത്രമാണ് ‘കാര്‍ത്തികേയ 2’. ബോളിവുഡില്‍ ഉള്‍പ്പടെ വന്‍ വിജയം കൈവരിച്ച ചിത്രം മലയാളത്തിലേക്കും എത്തുകയാണ്.

ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നിഖില്‍ സിദ്ധാര്‍ഥ്. മലയാളത്തിലെ തന്റെ ഇഷ്ടനടനെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനായി അനുപമയോടൊപ്പം ജാന്‍ഗോ സ്പെയിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷ്ടപ്പെട്ട നടനെക്കുറിച്ചും മലയാള സിനിമകളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ അദ്ദേഹം പറഞ്ഞത്.

‘മലയാളം സിനിമ എപ്പോഴും കാണാറുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലെ കുമ്പളങ്ങി നൈറ്റ്സ് കണ്ടിട്ട് ഒരുപാട് ഇഷ്ടമായി. പുലിമുരുഗന്‍ സിനിമയുടെ തെലുങ്ക് വെര്‍ഷനാണ് കണ്ടത്. പിന്നെ പ്രേമം ഞാന്‍ മലയാളം വെര്‍ഷന്‍ തന്നെയാണ് കണ്ടത്. നല്ല ക്വാളിറ്റിയും അടിപൊളി ഷോര്‍ട്ടുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒ.ടി.ടിയില്‍ കൂടുതല്‍ സിനിമകള്‍ ഇറങ്ങാന്‍ തുടങ്ങിയതിന് ശേഷം ഒരുപാട് സിനിമകള്‍ കണ്ടു. ചെറിയ ബഡ്ജറ്റില്‍ ആരും ചിന്തിക്കാത്ത കണ്ടന്റുകള്‍ കൊണ്ട് വരാന്‍ മലയാള സിനിമ ശ്രദ്ധിക്കാറുണ്ട്.

അടുത്ത് കണ്ടതില്‍ ഞാന്‍ ഓര്‍ക്കുന്ന ഒരു സിനിമ ട്രാന്‍സാണ്. സിനിമയുടെ പശ്ചാത്തലസംഗീതവും ഫഹദിന്റെ പെര്‍ഫോമന്‍സും അതിശയിപ്പിക്കുന്നതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന്‍ മോഹന്‍ലാലായിരുന്നു. എന്നാല്‍ ഫഹദിന്റെ അടുത്തുകണ്ട സിനിമകളിലൂടെ ഞാന്‍ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു. പുഷ്പയിലും വിക്രത്തിലുമുള്ള അദ്ദേഹത്തിന്റെ അഭിനയം ഒരു രക്ഷയുമില്ലാത്തതാണ്,’ നിഖില്‍ സിദ്ധാര്‍ഥ് പറഞ്ഞു.

സെപ്തംബര്‍ 23ന് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുക. മലയാളത്തില്‍ എത്തുന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനായി അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖില്‍ അവതരിപ്പിക്കുന്നത്.

ചെറിയ കുട്ടികള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ ഒരേപോലെ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ‘കാര്‍ത്തികേയ 2’വിന്റെ പ്രത്യേകതയെന്ന് നായകന്‍ നിഖില്‍ സിദ്ധാര്‍ഥ് പറഞ്ഞിരുന്നു. അറിയാവുന്ന ഒരു ടീമായിരുന്നു സിനിമയുടെ പിന്നില്‍ ഉണ്ടായിരുന്നതെന്നും 2019ല്‍ താന്‍ സിനിമയുടെ ഭാഗമായെന്നും അനുപമ പരമേശ്വരനും സിനിമയെക്കുറിച്ച് പറഞ്ഞു.

Content Highlight: Actor Nikhil Sidharth about Mohanlal and Fahadh Faasil