കുട്ടിക്കാലത്തെ തന്റെ ട്യൂഷന്‍ ക്ലാസ് പ്രണയകഥ പറഞ്ഞ് നീരജ് മാധവ്; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെറ്റ്ഫ്‌ളിക്‌സ്
Entertainment
കുട്ടിക്കാലത്തെ തന്റെ ട്യൂഷന്‍ ക്ലാസ് പ്രണയകഥ പറഞ്ഞ് നീരജ് മാധവ്; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെറ്റ്ഫ്‌ളിക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th June 2021, 6:06 pm

മലയാളി യുവതാരങ്ങള്‍ക്കിടയിലെ ശ്രദ്ധേയ സാന്നിധ്യമായ നീരജ് മാധവ് നെറ്റ്ഫ്‌ളിക്‌സ് സീരിസായ ദ ഫാമിലി മാനിലെ പ്രകടനത്തിലൂടെ ബോളിവുഡ് ലോകത്തിനും സുപരിചതിനാണ്. ഇപ്പോള്‍ കുട്ടിക്കാലത്തെ തന്റെ പ്രണയകഥ തുറന്നുപറയുകയാണ് നീരജ്.

ഒഫീഷ്യല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജില്‍ എഴുതിയ കുറിപ്പിലാണ് സ്‌കൂള്‍ പഠനകാലത്ത് ട്യൂഷന്‍ ക്ലാസില്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിനെ കുറിച്ചുള്ള അനുഭവം നീരജ് പങ്കുവെച്ചത്. ഈ കുറിപ്പ് നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതോടെ ഹിറ്റായിരിക്കുകയാണ്.

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ട്യൂഷന് ചേര്‍ന്നെന്നും അവിടെ വെച്ച് ഒരു പെണ്‍കുട്ടിയോട് വലിയ ക്രഷ് തോന്നിയെന്നും നീരജ് പറയുന്നു. പൊതുവെ നാണക്കാരനായിരുന്നു താനെന്നും അതുകൊണ്ട് തന്നെ ഈ പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ഒരിക്കലും ധൈര്യം കിട്ടിയില്ലെന്നും നടന്‍ പറയുന്നു.

പരസ്പരം സംസാരിച്ചില്ലെങ്കിലും ആ കുട്ടിയെ കാണുമ്പോള്‍ തന്നെ അടിവയറ്റില്‍ മഞ്ഞു പെയ്യുന്ന സുഖമായിരുന്നു. പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും അവള്‍ ഒന്നു ചിരിച്ചാല്‍ താന്‍ ചുവന്നു തുടുത്ത് തക്കാളിപോലെയാകുമായിരുന്നു.

ബോയ്‌സ് സ്‌കൂളില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പെണ്‍കുട്ടികളോട് എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് കൂടി അറിയില്ലായിരുന്നു. കൂട്ടുകാര്‍ കളിയാക്കിയിരുന്നതും സംസാരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതുമെല്ലാം ഇന്നും ഓര്‍ക്കുന്നെന്നും നടന്‍ പറയുന്നു.

റിയാലിറ്റി ഷോയും ശേഷമുണ്ടായ തിരക്കുകളും കാരണം അവിടെ നിന്നും സ്ഥലം മാറിയതിന് ശേഷം പിന്നീട് ആ പെണ്‍കുട്ടിയെ ഒരിക്കലും കാണാനായില്ലെന്നും നീരജ് പറയുന്നുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷം തനിക്ക് ഒരു പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ വന്നു. വിളിച്ചയാള്‍ ആരാണെന്ന് പറഞ്ഞില്ലെങ്കിലും സ്‌കൂള്‍ കാലത്തെ നിരവധി കാര്യങ്ങള്‍ പറഞ്ഞുവെന്നും അത് ട്യൂഷന്‍ ക്ലാസിലെ ആ പെണ്‍കുട്ടിയാണെന്നാണ് താന്‍ ഇന്നും കരുതുന്നതെന്നും നീരജ് പറഞ്ഞു.

കൗമാരക്കാലത്ത് മറ്റൊരാളോട് ഇത്രയും ഗാഢമായ ഇഷ്ടം തോന്നിയതില്‍ ഇപ്പോഴും അത്ഭുതം തോന്നുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളുകള്‍ക്ക് ശേഷം ജീവിതത്തിലെ എന്റെ പ്രണയത്തെ ഞാന്‍ വിവാഹം കഴിച്ചു. ഞങ്ങള്‍ക്കൊരു കൊച്ചു മകളുണ്ട്. അടിവയറ്റില്‍ മഞ്ഞു പെയ്യുന്ന കുളിരല്ല, കേറിച്ചെല്ലാനുള്ള വീടാണ് പ്രണയമെന്ന് ഇന്നെനിക്ക് അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് നീരജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Neeraj Madhav shares his school time love story, the write up goes viral after Netflix shares it in Facebook