മലയാളികള്‍ക്ക് ഏറെ പരിചിതനായ അഭിനേതാവാണ് മുകുന്ദന്‍ മേനോന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹത്തെ കൂടുതല്‍ സുപരിചിതമാകുന്നത്. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.
ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സീരിയലായ ജ്വാലയായി എന്ന ടെലിവിഷന്‍ പരമ്പരയില്‍ നായകനായത് മുകുന്ദന്‍ ആയിരുന്നു. ഈ ഒരൊറ്റ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് അദ്ദേഹം നേടിയത്.
അതിന് പുറമെ സ്ത്രീ, പകല്‍മഴ, സ്വാമി അയ്യപ്പന്‍, ചാരുലത തുടങ്ങിയ നിരവധി സീരിയലുകളില്‍ നടന്‍ അഭിനയിച്ചിരുന്നു. ഒപ്പം സിനിമകളില്‍ അഭിനയിക്കാനും മുകുന്ദന് അവസരം ലഭിച്ചിരുന്നു. സൈന്യം, പൊന്തന്‍ മാട, പവിത്രം, കോളേജ് കുമാരന്‍, ഇവിടം സ്വര്‍ഗമാണ്, നോര്‍ത്ത് 24 കാതം ഉള്‍പ്പെടെ നിരവധി മികച്ച സിനിമകളുടെ ഭാഗമായി.
ഫഹദ് ഫാസില്‍ നായകനായ നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിലും പൃഥ്വിരാജ് സുകുമാരന്റെ മുംബൈ പോലീസ് എന്ന ചിത്രത്തിലും മുകുന്ദന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ കേരള വിഷന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുസിനിമകളുടെയും ഓര്‍മകള്‍ പങ്കുവെക്കുകയാണ് മുകുന്ദന്‍.
‘നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചു. ആ സിനിമ കണ്ടവര്‍ക്ക് അതിലെ എന്റെ കഥാപാത്രത്തെ കുറിച്ച് പെട്ടെന്ന് മനസിലാകും. അയാള്‍ വളരെ മടിയനായ ആളായിരുന്നു.
ഗള്‍ഫില്‍ മടിയനായി ജീവിച്ച കഥാപാത്രമാണെന്ന് സംവിധായകന്‍ ആദ്യമേ എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് നന്നായി വയറ് വേണമെന്നും പറഞ്ഞു. ഞാന്‍ നന്നായി ഭക്ഷണമൊക്കെ കഴിച്ച് എക്‌സസൈസൊന്നും ചെയ്യാതെ വയറ് വെപ്പിച്ചു.
ഈ സിനിമ കഴിയുന്ന സമയത്താണ് എനിക്ക് മുംബൈ പോലീസ് എന്ന ചിത്രത്തിലേക്ക് കോള് വരുന്നത്. പക്ഷെ അപ്പോള്‍ ആ സിനിമയുടെ ഷൂട്ട് തുടങ്ങാന്‍ 20 ദിവസം മാത്രമേ സമയമുണ്ടായിരുന്നുള്ളൂ.
ആ സിനിമക്ക് വേണ്ടി സംവിധായകന്‍ എന്നോട് പറഞ്ഞത് ‘ചേട്ടാ ഇതില്‍ നേവി ഓഫീസറായിട്ടാണ് അഭിനയിക്കേണ്ടത്. അതുകൊണ്ട് ബോഡി നന്നായി ഫിറ്റായിരിക്കണം’ എന്നാണ്. 20 ദിവസം കൊണ്ട് ഞാന്‍ എന്റെ വയറൊക്കെ കുറച്ച് എടുക്കേണ്ട അവസ്ഥയായി.
ഈ രണ്ട് സിനിമകളും കണ്ടാല്‍ എന്റെ ബോഡിയിലെ വ്യത്യാസം നിങ്ങള്‍ക്ക് മനസിലാകും. 20 ദിവസം കൊണ്ട് ഞാന്‍ ഫിറ്റായി. ആ സമയത്ത് ജിമ്മില്‍ തന്നെയായിരുന്നു. മൂന്ന് മണിക്കൂറ് വെച്ച് ഞാന്‍ ദിവസവും രണ്ട് നേരം ജിമ്മില്‍ പോകുകയായിരുന്നു.
ചുരുക്കത്തില്‍ ഒരു ദിവസം ആറ് മണിക്കൂര്‍ ഞാന്‍ ജിമ്മിലാകും. അന്ന് ഇന്‍സ്ട്രക്ടര്‍ എന്നോട് പറഞ്ഞത് ‘നമ്മുടെ ശരീരമാണ്. ഇങ്ങനെയൊന്നും നമ്മള്‍ ചെയ്യരുത്’ എന്നായിരുന്നു.
പക്ഷെ എന്നെ വിശ്വസിച്ച് ഒരു സംവിധായകന്‍ വിളിക്കുമ്പോള്‍ ഞാന്‍ എനിക്ക് എന്റെ ശരീരം ഫിറ്റാക്കാന്‍ ആയില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഞാന്‍ ആ കഥാപാത്രമാകുക എന്നത് എന്റെ കടമയല്ലേ,’ മുകുന്ദന്‍ പറയുന്നു.
Content Highlight: Actor Mukundan Talks About Mumbai Police And Natholi Oru Cheriya Meenalla Movie