ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സീരിയലാണ് ജ്വാലയായ്. നടന്‍ മമ്മൂട്ടി ആദ്യമായി നിര്‍മിച്ച സീരിയല്‍ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വിന്ദുജ മേനോന്‍, നെടുമുടി വേണു, എം.ആര്‍. ഗോപകുമാര്‍ തുടങ്ങി മികച്ച അഭിനേതാക്കളായിരുന്നു ഈ സീരിയലില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.
ടെലിവിഷന്‍ സീരിയലുകളിലൂടെ ഏറെ സുപരിചിതനായ മുകുന്ദന്‍ മേനോനും ജ്വാലയായ് സീരിയലില്‍ അഭിനയിച്ചിരുന്നു. ഈ ഒരൊറ്റ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് അദ്ദേഹം നേടിയെടുത്തത്.
മമ്മൂട്ടിക്ക് ഒപ്പം സൈന്യം, പൊന്തന്‍ മാട തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ഈ സീരിയലിലേക്ക് മുകുന്ദന്‍ എത്തുന്നത്. ഇപ്പോള്‍ കേരള വിഷന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ജ്വാലയായ് സീരിയലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മുകുന്ദന്‍.
‘ജ്വാലയായ് എന്ന സീരിയലിന്റെ ഷൂട്ടിന് മുമ്പ് പൂജയുടെ ദിവസം ഒരു പരിപാടി ഉണ്ടായിരുന്നു. അതില്‍ മമ്മൂക്ക എല്ലാവരെയും കുറിച്ച് സംസാരിച്ചിരുന്നു. സീരിയലില്‍ അഭിനയിക്കാന്‍ പോകുന്ന ഓരോരുത്തരെയും കുറിച്ച് പറഞ്ഞു.
ഏറ്റവും അവസാനമാണ് അദ്ദേഹം എന്നെ കുറിച്ച് പറയുന്നത്. ‘അനന്തനായി അഭിനയിക്കുന്നത് നമ്മുടെ മുകുന്ദനാണ്. അവന്‍ പിന്നെ മിനിസ്‌ക്രീനിലെ മോഹന്‍ലാല്‍ ആണല്ലോ’ എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
‘മിനിസ്‌ക്രീനിലെ മോഹന്‍ലാല്‍’ എന്ന വാക്കാണ് അദ്ദേഹം എന്നെ കുറിച്ച് പറയുമ്പോള്‍ ഉപയോഗിച്ചത്. മമ്മൂട്ടിയെന്ന നടന്റെ വായില്‍ നിന്നാണ് അത്തരമൊരു വാക്ക് കേള്‍ക്കുന്നത്. ഞാന്‍ ജ്വാലയായ് സീരിയലില്‍ അഭിനയിച്ചു തുടങ്ങുന്നതിന് മുമ്പാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കണം
എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് തന്നെയായിരുന്നു അത്. അദ്ദേഹത്തെ പോലെ ലെജന്ററി ആയിട്ടുള്ള ഒരാള്‍ നമ്മളെ കുറിച്ച് പറയുന്ന കാര്യമാണിത്. എനിക്ക് ജീവിതത്തില്‍ ഏറെ ആവേശം നല്‍കിയ കാര്യമായിരുന്നു അത്. ആ വാക്കുകള്‍ ഞാന്‍ മറക്കില്ല,’ മുകുന്ദന്‍ പറയുന്നു.
Content Highlight: Actor Mukundan Talks About Mammootty And Jwalayayi Serial