ഞങ്ങള്‍ക്കൊരു പ്രൊഡക്ഷന്‍ ഹൗസുണ്ട്, ആന്റണിയുടെ സപ്പോര്‍ട്ടുമുണ്ട്; മായ ആഗ്രഹം പറഞ്ഞപ്പോള്‍ അതിനൊപ്പം നിന്നു: മോഹന്‍ലാല്‍
Malayalam Cinema
ഞങ്ങള്‍ക്കൊരു പ്രൊഡക്ഷന്‍ ഹൗസുണ്ട്, ആന്റണിയുടെ സപ്പോര്‍ട്ടുമുണ്ട്; മായ ആഗ്രഹം പറഞ്ഞപ്പോള്‍ അതിനൊപ്പം നിന്നു: മോഹന്‍ലാല്‍
ആര്യ.പി
Tuesday, 14th July 2026, 10:10 am

മകള്‍ വിസ്മയയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പ്രണവും വിസ്മയയും സിനിമയില്‍ വരുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും അവര്‍ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ അതിനൊപ്പം നില്‍ക്കുകയായിരുന്നു താനും സുചിത്രയുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ഞാന്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടില്ല എന്റെ കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന്. കാരണം അവര്‍ക്ക് അവരുടേതായിട്ടുള്ള ഒരു പ്രൈവസിയുണ്ട്, അവരുടേതായ നിശ്ചയങ്ങളുണ്ട്. അതിനെല്ലാം സമ്മതിച്ചവരാണ് ഞാനും സുചിയും.

വളരെക്കാലത്തിന് ശേഷം അപ്പുവിന് ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നി. ഞാന്‍ ആറാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബെസ്റ്റ് ആക്ടറാകുന്നത്. അപ്പുവും അങ്ങനെ തന്നെ. പത്തില്‍ പഠിക്കുമ്പോഴും ഞാന്‍ ബെസ്റ്റ് ആക്ടറായി. അതേപോലെ പത്താം ക്ലാസില്‍ അപ്പുവും ബെസ്റ്റ് ആക്ടറായി. മായ സ്‌കൂളില്‍ ഒരുപാട് നാടകങ്ങളിലൊക്കെ അഭിനയിച്ച് ബെസ്റ്റ് ആക്ട്രസ് ഒക്കെയായ ആളാണ്.

ഞാന്‍ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ആളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയില്‍ വന്നു. ഇത്രനാള്‍ കൊണ്ടുനടന്നു. അതുപോലെ എന്നെങ്കിലുമൊരു തീരുമാനം ഇവരുടെ കാര്യത്തിലും ഉണ്ടാകുമെന്നാണ് കരുതിയത്. അതില്‍ ഞാന്‍ വിശ്വസിക്കുന്നു.

വിസ്മയ മോഹന്‍ലാല്‍ Photo: Aashirvad Cinemas

ഞാന്‍ എന്റെ മകളുടെ പേര് പോലും വിസ്മയ എന്നാണ് ഇട്ടിരിക്കുന്നത്. വിസ്മയ മോഹന്‍ലാല്‍. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഒരു വിസ്മയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. മായയുടെ ജീവിതത്തിലും അതുപോലെ സംഭവിക്കട്ടെ. അവള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചയാളാണ്.

സിനിമയില്‍ അഭിനയിക്കണമെന്നൊരു ആഗ്രഹം പറഞ്ഞു. അത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ നമുക്ക് അതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ഞങ്ങള്‍ക്കൊരു പ്രൊഡക്ഷന്‍ ഹൗസുണ്ട്. വളരെ കാലമായി നടത്തിക്കൊണ്ടുവരുന്ന കമ്പനിയുണ്ട്, ആന്റണിയുണ്ട്, സപ്പോര്‍ട്ടുണ്ട്.

നോക്കിയപ്പോള്‍ അങ്ങനെയൊരു സബ്ജക്ടും കിട്ടി. അങ്ങനെയാണ് മായ അഭിനയിക്കാന്‍ പോകുന്നത്. സിനിമയുടെ പേര് തന്നെ തുടക്കം എന്നതാണ്. സിനിമയില്‍ അഭിനയിക്കുക എന്നത് അത്ര ഈസിയായിട്ടുള്ള കാര്യമല്ല. ഭാഗ്യം എന്ന വാക്കിലുപരി നമ്മുടെ കൂടെ സഞ്ചരിക്കുന്ന ഒരുപാട് നല്ലവരായ ആളുകള്‍ ഉണ്ടാകണം, നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍.

മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍

അത്തരത്തില്‍ എനിക്ക് ഒരുപാട് ആള്‍ക്കാര്‍ ഉണ്ടായിരുന്നു. തിരക്കഥാകൃത്തുകള്‍, സംവിധായകര്‍, സഹ അഭിനേതാക്കള്‍, വീഴ്ചയിലും എന്നെ മുന്നോട്ടുനയിക്കുന്നവര്‍ അങ്ങനെ ഒരുപാട് പേര്‍. അല്ലാതെ തനിച്ച് നമുക്കൊന്നും നേടാന്‍ സാധിക്കില്ല. എത്ര നല്ല അഭിനേതാവാണെങ്കിലും അയാള്‍ക്കൊരു പ്ലാറ്റ്‌ഫോം കിട്ടണം. നല്ല സബ്ജക്ട് കിട്ടണം, കൂടെ അഭിനയിക്കുന്നവര്‍ നന്നാവണം. ആ രീതിയില്‍ മായയ്ക്കും ഭാഗ്യമുണ്ടാകട്ടെയെന്ന് കരുതുന്നു.

പിന്നെ ആന്റണിയുടെ വലിയ ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്നത്. അതൊക്കെ അവരുടെ ഇഷ്ടമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് ലിമിറ്റേഷനുണ്ട്. അവര്‍ തന്നെ അവരുടെ കഴിവ് തെളിയിച്ച് മുന്നോട്ടുപോകണം. അതിനുള്ള ഒരു ഇന്ധനമായി എനിക്ക് പ്രവര്‍ത്തിക്കാം. അതുകൊണ്ടായിരിക്കാം ആദി എന്നൊരു സിനിമ ആന്റണി എടുക്കാന്‍ തീരുമാനിച്ചത്. അതുപോലെ തന്നെയാണ് തുടക്കവും,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actor Mohanlal about Daughter Vismaya Mohanlal

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.