അവരുടെയെല്ലാം പ്രശ്‌നങ്ങള്‍ എനിക്ക് മനസിലാവും, കാരണം ഇവയിലൂടെയെല്ലാം ഞാനും കടന്നുപോന്നതാണ്: ബറോസ് ചിത്രീകരണത്തെ കുറിച്ച് മോഹന്‍ലാല്‍
Movie Day
അവരുടെയെല്ലാം പ്രശ്‌നങ്ങള്‍ എനിക്ക് മനസിലാവും, കാരണം ഇവയിലൂടെയെല്ലാം ഞാനും കടന്നുപോന്നതാണ്: ബറോസ് ചിത്രീകരണത്തെ കുറിച്ച് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th March 2022, 3:55 pm

ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ തിരക്കിലാണ് നടന്‍ മോഹന്‍ലാല്‍. കൊവിഡും ലോക്ക്ഡൗണും തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് വീണ്ടും ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്. തന്റെ സ്വപ്‌ന സിനിമായ ബറോസിനെ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് മോഹന്‍ലാല്‍. ഒപ്പം ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയൊരു താരനിരയും മോഹന്‍ലാലിനൊപ്പമുണ്ട്. സംവിധാനത്തിനാപ്പം ബറോസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി മോഹന്‍ലാലിനാണ്. അഭിനയവും സംവിധാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം.

നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം നടനില്‍ നിന്ന് സംവിധായികനിലേക്കുള്ള സംക്രമണം എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബറോസിന്റെ ചിത്രീകരണ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.

‘ നടനാവുമ്പോഴും ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നതാണ് സംവിധാനം എന്ന കല. അതിന്റെ ഉത്തരവാദിത്തങ്ങള്‍, സമഗ്രത, മാനസിക സംഘര്‍ഷങ്ങള്‍ എല്ലാമെല്ലാം.

വ്യത്യസ്തരായ എത്രയെത്ര സംവിധായകരുടെ കീഴിലാണ് എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ ഓരോ ഔട്ട്പുട്ടുകള്‍ ഇവര്‍ക്കെല്ലാം കീഴില്‍ അഭിനയിക്കുമ്പോഴും ഒരു നടനെന്ന നിലയില്‍ കഥാപാത്രത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടി എന്റേതായ അഭിപ്രായങ്ങള്‍ ഞാന്‍ പറയാറുണ്ടായിരുന്നു.

ഏതെങ്കിലും കാലത്ത് ഒരു സിനിമ സംവിധാനം ചെയ്തു കളയാം എന്ന വിചാരത്തോടെ പറയുന്നതൊന്നുമല്ല അത്. ഒരു സൃഷ്ടിയുടെ ഭാഗമായി പൂര്‍ണമായും മുഴുകുമ്പോള്‍ സ്വയം ഉറഞ്ഞുവരുന്നതാണത്. ഇങ്ങനെ നാലരപ്പതിറ്റാണ്ടോളം ഞാന്‍ കണ്ടുകണ്ടു മനസിലാക്കിയ കാര്യങ്ങള്‍ ഇപ്പോഴെനിക്ക് തുണയാകുന്നുണ്ട്. ഒപ്പം അതാത് മേഖലകളിലെ അതിപ്രഗത്ഭരുടെ സഹായവും.

സംവിധാനവും അഭിനയവും മാത്രമല്ല സംഘാടനവും എന്റെ തലയിലുണ്ട്. വിവിധ ദേശക്കാരായ വിവിധ ഭാഷക്കാരായ ഈ മനുഷ്യരെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. അതൊരു വെല്ലുവിളി മാത്രമല്ല മനസിന് ആനന്ദം തരുന്ന കാര്യം കൂടിയാണ്.

പലരും പല രാജ്യക്കാരായ അഭിനേതാക്കളാണ്. ഭാഷ അവര്‍ക്ക് വലിയ പ്രശ്‌നമാണ്. പലരും ട്രെയിന്‍ഡ് ആക്ടേഴ്‌സ് അല്ല. പലരേയും ഏറെ വിഷമിച്ച് കണ്ടെത്തിയതാണ്. ചില മാഗസിനുകളില്‍ വന്ന കവര്‍ ഫോട്ടോകളില്‍ നിന്ന് വരെ അഭിനേതാക്കളെ കണ്ടെത്തിയിട്ടുണ്ട്, മോഹന്‍ലാല്‍ പറഞ്ഞു.

ഒരു നടന്‍ സംവിധായകനായതുകൊണ്ട് എന്തെങ്കിലും അധിക ഗുണമുണ്ടോ എന്ന ചോദ്യത്തിന് ‘ ഒരു പ്രധാന ഗുണം ഓരോ അഭിനേതാക്കളേയും അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളേയും പോലും തനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നതായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ക്യാമറക്ക് മുന്നില്‍ ആദ്യമായി നില്‍ക്കുന്നവരുണ്ട്. അധികം പരിചയമില്ലാത്തവരുമുണ്ട്. ഓരോരുത്തര്‍ക്കും ഓരോന്നാണ് പ്രശ്‌നങ്ങള്‍. അവയെല്ലാം എനിക്ക് മനസിലാവും. കാരണം ഇവയിലൂടെയെല്ലാം ഞാനും കടന്നുപോന്നതാണ്. എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയെ എങ്ങനെ മറികടക്കാമെന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്, സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actor Mohanlal About Barroz Movie and Shoot