'പഠിക്കാന്‍ സമര്‍ത്ഥരായ സാമ്പത്തിക പ്രയാസമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം'; മമ്മൂട്ടിയുടെ കുറിപ്പ്
Movie Day
'പഠിക്കാന്‍ സമര്‍ത്ഥരായ സാമ്പത്തിക പ്രയാസമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം'; മമ്മൂട്ടിയുടെ കുറിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th May 2023, 7:23 pm

തിരുവനന്തപുരം: പഠിക്കാന്‍ സമര്‍ത്ഥരായ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 200 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുമെന്ന് നടന്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് സഹായം നല്‍കുക.

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ പിന്തുണയോടെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എമ്മുമായി സഹകരിച്ചാണ് എഞ്ചിനീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭ്യമാക്കുമെന്നു മമ്മൂട്ടി പറഞ്ഞു. ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ അടക്കം കുറിപ്പിന്റെ കൂടെ മമ്മൂട്ടി നല്‍കിയിട്ടുണ്ട്.

‘പഠിക്കാന്‍ സമര്‍ത്ഥരും എന്നാല്‍ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുമായ 200 വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ വിദ്യാഭ്യാസ സഹായം നല്‍കുവാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എമ്മുമായി സഹകരിച്ച് എഞ്ചിനീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്സുകളില്‍ ആണ് സഹായം ലഭ്യമാക്കുക.
വിശദ വിവരങ്ങള്‍ക്ക്. 9946485111, 9946484111, 9946483111,’ മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കിയിരുന്നു.

അന്തരീക്ഷത്തിലെ വായുവില്‍ നിന്നു നൈട്രജനെ വേര്‍തിരിച്ച് ശുദ്ധമായ ഓക്‌സിജന്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം മമ്മൂട്ടി കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു.

Content Highlight: Actor Mammootty’s Facebook post to provide educational assistance to 200 financially challenged students who are capable of studying