മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. സിനിമയിലെ സഹപ്രവര്‍ത്തകരും അഭിനേതാക്കളും എല്ലാം ഒന്നിച്ച് മുത്താരംകുന്ന് പി.ഒ എന്ന പേരില്‍ അദ്ദേഹത്തിന് ഒരു സ്‌നേഹാദരം നല്‍കിയിരുന്നു.
പരിപാടിയില്‍ ശബ്ദസാന്നിധ്യമായാണ് നടന്‍ മമ്മൂട്ടി എത്തിയത്. സിബി മലയിലുമൊത്ത് ചെയ്ത സിനിമകളെ കുറിച്ചും മുത്താരംകുന്ന് പി.ഒ എന്ന സിനിമയ്ക്ക് ആധാരമായ, തനിക്ക് ഒരു ആരാധിക അയച്ച കത്തിനെ കുറിച്ചുമൊക്കെ മമ്മൂട്ടി പരിപാടിയില്‍ പറയുന്നുണ്ട്.
കരിയറിന്റെ തുടക്കകാലത്ത് പടയോട്ടം എന്ന സിനിമയിലേക്ക് തന്നെ നിര്‍ദേശിച്ചത് സിബി മലയിലായിരുന്നെന്നും എന്ത് ധൈര്യത്തിലാണ് ആ സിനിമയിലേക്ക് സിബി തന്നെ നിര്‍ദേശിച്ചത് എന്ന് അറിയില്ലെന്നും മമ്മൂട്ടി പറയുന്നു.
‘നമസ്‌കാരം. സിബി മലയില്‍ സിനിമയില്‍ 40 വര്‍ഷം തികയ്ക്കുകയാണ്. എന്റെ തുടക്കകാലത്ത് പടയോട്ടം എന്ന സിനിമയിലേക്ക് എന്നെ നിര്‍ദേശിച്ചത് സിബി മലയിലാണ്. എന്ത് കണ്ടിട്ടാണോ, എന്ത് ധൈര്യത്തിലാണോ സിബി എന്നെ നിര്‍ദേശിച്ചത് എന്ന് എനിക്ക് അറിയില്ല.
ആ സിനിമയില്‍ ഒരുപാട് ദിവസം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആ സൗഹൃദം കുറേ നാള്‍ നീണ്ടുനില്‍ക്കുകയും ചെയ്തു. അക്കാലത്ത് എനിക്ക് ധാരാളം കത്തുകള്‍ വരുമായിരുന്നു.
എന്നെ ഇഷ്ടപ്പെടുന്നവരും എന്റെ സിനിമകളെ കുറിച്ച് അഭിപ്രായം പറയുന്നവരും എല്ലാം എഴുതുന്ന കത്തുകള്‍. അത് മദിരാശിയിലെ എന്റെ ഹോട്ടല്‍മുറിയിലെ അഡ്രസിലാണ് വരുക.
അങ്ങനെ എനിക്ക് വന്ന ഒരു കത്ത് പൊട്ടിച്ചുവായിച്ചിട്ടാണ് ശ്രീനിവാസന്‍, ആ കത്തില്‍ നിന്ന് കിട്ടിയ ഒരു ഇന്‍സ്പിരേഷനാണ് സിബിയുടെ ആദ്യ ചിത്രത്തിന് ആധാരം എന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ അതും ഒരു കാരണമാണ്.
ആ ചിത്രത്തില്‍ അങ്ങനെ ഒരു പ്രയോഗമുണ്ട്. ഒരു ആരാധിക എന്നെ മമ്മൂട്ടി ചേട്ടന്‍ എന്ന് വിളിക്കുന്ന ഒരു പ്രയോഗം. അതെല്ലാം കഴിഞ്ഞ് പിന്നീട് സബി എന്നെ വെച്ച് ഒരുപാട് നല്ല ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
സിബി എന്ന സംവിധായകന്റെ കഴിവ് അളക്കണമെങ്കില്‍ എനിക്ക് രണ്ട് സിനിമകള്‍ തന്നെ ധാരാളമാണ്. ഒന്ന് തനിയാവര്‍ത്തനവും രണ്ട് ഓഗസ്റ്റ് ഒന്നും.
രണ്ടും രണ്ട് ധ്രുവങ്ങളിലുള്ള സിനിമയാണ്. അങ്ങനെ സിബി മലയില്‍ എനിക്ക് മാത്രമല്ല മലയാള സിനിമയ്ക്കും ഒരുപാട് നല്ല കഥാപാത്രങ്ങളേയും നല്ല ചിത്രങ്ങളേയും സമ്മാനിച്ചിട്ട് നാല്പത് വര്‍ഷങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്.
അദ്ദേഹത്തിന് സ്‌നേഹാശംസകള്‍ നേരാന്‍ ആദ്യ ചിത്രത്തിലെ കഥാപാത്രത്തെ ഞാന്‍ ഒന്നുകൂടി കടമെടുക്കുന്നു.
പ്രിയപ്പെട്ട സിബിക്ക് സ്‌നേഹപൂര്‍വം മമ്മൂട്ടിച്ചേട്ടന്‍
Content Highlight: Actor Mammootty about Director Sibi Malayil