മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ് 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവി നിലയം. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ. വിന്‍സെന്റാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. മധു, പ്രേംനസീര്‍, തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഭാര്‍ഗവി ആയെത്തിയത് വിജയ നിര്‍മലയായിരുന്നു.
നിര്‍മല പിന്നീട് വിജയ നിര്‍മലയായി. സംവിധായികയും നിര്‍മാതാവുമായി. 1973ല്‍ കവിത എന്ന മലയാള സിനിമ സംവിധാനം ചെയ്തു. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിതയായി – മധു
ഭാര്‍ഗവി നിലയത്തെ കുറിച്ച് സംസാരിക്കുകയാണ് മധു. ബഷീറിന്റെ തിരക്കഥ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ വിന്‍സന്റ് അത് പ്രേക്ഷകരിലേക്ക് ടെക്‌നോളജി അത്രകണ്ട് വളരാത്ത കാലത്തുപോലും അത്ഭുതകരമായ രീതിയില്‍ എത്തിച്ചുവെന്നും മധു പറയുന്നു.
സിനിമയില്‍ ഏറെ ബുദ്ധിമുട്ടിയത് നായികയെ കണ്ടുപിടിക്കുക എന്നതായിരുന്നുവെന്നും അഭിനയത്തിനും അംഗലാവണ്യത്തിനും അപ്പുറം മനോഹരമായ കണ്ണുകളായിരുന്നു സംവിധായകന്‍ തെരഞ്ഞതെന്നും മധു പറഞ്ഞു. അവസാനം തെലുങ്കിലെ നിര്‍മാതാവിന്റെ മകളെ കണ്ടെന്നും വിജയ നിര്‍മല ആയിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബഷീറിന്റെ തിരക്കഥ വായിച്ചാല്‍ അറിയാം അതില്‍ കാഴ്ചകളുടെ മാന്ത്രികതയാണ് എഴുതിവച്ചിരിക്കുന്നത്. ഒരുദാഹരണം പറയാം, ഭാര്‍ഗവിക്കുട്ടിയെ എഴുത്തുകാരന്‍ കടല്‍തീരത്തുവെച്ച് കാണുന്ന രാത്രിയില്‍ തിരക്കഥയില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്, ‘അയാള്‍ തിരിഞ്ഞ് സമുദ്രത്തിലേക്ക് നോക്കി അസ്തമിക്കാറായ നിലാവിലേക്കെന്ന വണ്ണം കടലില്‍ ഒരു പൊന്‍പാത പളപളാ ഇളകുന്നു.’
സാങ്കേതികവിദ്യ ഒരുപാട് വളര്‍ന്ന ഇന്നത്തെ കാലത്ത് ‘പൊന്‍പാത പളപള ഇളകുന്നത്’ കാണിക്കാന്‍ വലിയ പ്രശ്‌നമില്ല. പക്ഷേ, സംവിധായകന്‍ വിന്‍സന്റ് മാഷ് ആ വിഷ്വല്‍ മാജിക് അന്ന് അഭ്രപാളിയില്‍ എത്തിച്ചത് വലിയൊരു അത്ഭുതമാണ്.
കാഴ്ച്ച മാത്രമല്ല, കുഞ്ഞു ശബ്ദങ്ങള്‍ വരെ ചേര്‍ത്തുവെച്ചിരുന്നു ബഷീര്‍ തിരക്കഥയില്‍ അടഞ്ഞു കിടക്കുന്ന ജനാല തുറക്കുന്നത് ‘ചട് ചടേ പട് പഠേ…’ ഒരു ജനല്‍ പെട്ടെന്നു വലിയ ശബ്ദത്തില്‍ തുറക്കുന്ന ഫീല്‍ ഈ നാല് വാക്കില്‍ കിട്ടുന്നുണ്ട്. പൂട്ടിക്കിടക്കുന്ന വാതിലിലെ താഴിന് വെള്ള ഇനാമല്‍ നിറമാണെന്ന് വരെയുണ്ട്. അത്ര സൂക്ഷ്മമായിരുന്നു എഴുത്ത്.
ഭാര്‍ഗവി നിലയത്തിലെ നായികയെ തേടി സംവിധായകന്‍ വിന്‍സന്റ് മാഷ് കുറേ അലഞ്ഞു. അദ്ദേഹത്തിന്റെ മനസില്‍ രണ്ടു കണ്ണുകളാണ് ഉണ്ടായിരുന്നത്. നായികയുടെ അഭിനയമോ അംഗലാവണ്യമോ ഒന്നുമല്ല, ഭാര്‍ഗവിക്കുട്ടിയുടെ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കണം. ഒടുവില്‍ തെലുങ്കിലെ ഒരു പ്രൊഡ്യൂസറിന്റെ മകളെ കണ്ടെത്തി നിര്‍മല എന്നായിരുന്നു പേര്. അവരുടെ ആദ്യ സിനിമ.
ആ കണ്ണുകളായിരുന്നു എല്ലാവരെയും ആകര്‍ഷിച്ചത്. പക്ഷേ, കാലം എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു രീതിയിലായിരുന്നു. നിര്‍മല പിന്നീട് വിജയ നിര്‍മലയായി. സംവിധായികയും നിര്‍മാതാവുമായി. 1973ല്‍ കവിത എന്ന മലയാള സിനിമ സംവിധാനം ചെയ്തു. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിതയായി,’ മധു പറയുന്നു.