മീനാക്ഷി സുന്ദരേശ്വര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിവേക് സോണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആപ് ജൈസ കോയി. കരണ്‍ ജോഹറിന്റെ ധര്‍മ്മാറ്റിക് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. മാധവനും ഫാത്തിമയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജൂലൈ 11 ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. 42 വയസുള്ള ശ്രീരേണു ത്രിപാഠിയായി മാധവനും 32 വയസുള്ള മധു ബോസായി ഫാത്തിമ സന ഷെയ്ഖും അഭിനയിക്കുന്ന ആപ് ജൈസ കോയി പ്രണയ കഥയാണ് പറയുന്നത്.
‘പ്രണയത്തിന് പ്രായമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏത് പ്രായത്തിലായാലും നമുക്ക് പ്രണയം തോന്നാം. ആദ്യമായി നിങ്ങള്‍ പ്രണയത്തില്‍ വീഴുകയാണെങ്കില്‍ ഒരു കൗമാരക്കാരനെയോ കൗമാരക്കാരിയോപോലെ നിങ്ങള്‍ക്ക് തോന്നാം. നിങ്ങള്‍ ആരാണെന്നോ ഏത് സ്ഥാനത്താണ് ഇരിക്കുന്നത് എന്നതിലൊന്നും കാര്യമില്ല. പ്രണയം നിങ്ങളെ കൗമാരത്തിലേക്ക് കൊണ്ടുപോകും.
പ്രണയ സിനിമയുമായുള്ള എന്റെ യാത്ര ആരംഭിക്കുന്നത് രഹ്ന ഹേ തെരേ ദില്‍ മേ എന്ന ചിത്രത്തിലൂടെയാണ്. അതെന്റെ പ്രിയപ്പെട്ട ലവ് ഫിലിം ആണ്. അതില്‍ ഞാന്‍ എന്റെ അപ്പോഴത്തെ പ്രായത്തിലുള്ള കഥാപാത്രത്തെ തന്നെയാണ് ഞാന്‍ അവതരിപ്പിച്ചത്. അതിന് ശേഷമുള്ള എന്റെ സിനിമയും തനു വെഡ്‌സ് മനു ആയിരുന്നു. അതും എന്റെ പ്രായത്തിന് അനുസരിച്ചുള്ള പ്രണയകഥ തന്നെയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഒരു ലവ് സ്റ്റോറിയില്‍ അഭിനയിക്കുകയാണ്. അതും ഇപ്പോഴത്തെ എന്റെ പ്രായത്തിന് അനുയോജ്യമായത്. വളരെ കുറച്ചുമാത്രം ആളുകള്‍ക്കാണ് അങ്ങനെ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ നാല്പതുകളില്‍ ജീവിക്കുന്ന ഒരു കഥാപാത്രമാണ് എന്റേതെന്ന് പറഞ്ഞിരുന്നു. ആ പ്രായത്തിലെയും പ്രണയം അഭിനയിക്കാന്‍ കഴിയുന്നത് നല്ല കാര്യമല്ലേ!,’ മാധവന്‍ പറയുന്നു.