ഞങ്ങള്‍ ആ പടം സംവിധാനം ചെയ്യുമ്പോള്‍ ഇവരെ കൊണ്ട് ഇതൊക്കെ പറ്റുമോയെന്ന് പലരും ചോദിച്ചു: ലാല്‍
Entertainment
ഞങ്ങള്‍ ആ പടം സംവിധാനം ചെയ്യുമ്പോള്‍ ഇവരെ കൊണ്ട് ഇതൊക്കെ പറ്റുമോയെന്ന് പലരും ചോദിച്ചു: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 10:44 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദീഖിനൊപ്പം മലയാളത്തിന് നിരവധി മികച്ച ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിരുന്നു.

സിദ്ദിക്ക്-ലാലിന്റെ കോമ്പോയില്‍ എത്തുന്ന കള്‍ട്ട് ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. തങ്ങളുടെ ചിത്രങ്ങള്‍ മലയാള സിനിമയുള്ള കാലത്തോളം നിലനില്‍ക്കുമെന്ന് പറയുകയാണ് ലാല്‍. തങ്ങള്‍ റാംജിറാവ് സിനിമ ചെയ്യുമ്പോള്‍ ഇവരെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘സിദ്ദിക്ക്-ലാല്‍ എന്ന കള്‍ട്ട് മലയാള സിനിമയുള്ള കാലത്തോളം നിലനില്‍ക്കും. ഇന്നും ഓരോ പുതിയ സംവിധായകനെയും പരിചയപ്പെടുമ്പോള്‍ അവര്‍ ആദ്യ പറയുന്നത് ഗോഡ്ഫാദറിനെയും ഹരിഹര്‍ നഗറിനെയും കുറിച്ചാണ്.

തമിഴിലും തെലുങ്കിലുമെല്ലാം പോകുമ്പോള്‍ ആ ബഹുമാനം ഇപ്പോഴും ലഭിക്കുന്നു. തമിഴന്മാരും തെലുങ്കരുമെല്ലാം എല്ലാ മലയാള പടങ്ങളും കാണും. കാരണം അവര്‍ക്ക് പുതിയ ചിന്തകള്‍ ആവശ്യമാണ്. മലയാളത്തിലെ നല്ല ആശയങ്ങള്‍ അവര്‍ അവിടെ പരീക്ഷിച്ചു നോക്കും.

റാംജിറാവ് ഇറങ്ങിയിട്ട് 35 വര്‍ഷം പൂര്‍ത്തിയാക്കി എന്ന് പറയുമ്പോള്‍ അഭിമാനമുണ്ട്. ആ പടം ഇറങ്ങുന്ന കാലത്ത് ജനിക്കാന്‍ പോലും ആലോചിച്ചിട്ടില്ലാത്തവര്‍പോലും ഇന്ന് ആ പടം ആസ്വദിക്കുന്നു. അന്ന് ഞങ്ങള്‍ ആ പടം സംവിധാനം ചെയ്യുമ്പോള്‍ ഇവരെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്.

പടം ഹിറ്റായതോടെ മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരുതരം സിനിമയായി അത് മാറി. ന്യൂവേവ് എന്നൊക്കെ പറയാം. എല്ലാ കാലത്തും ഇത്തരം പുതിയ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ഐ.വി. ശശിസാറാണ് എന്റെ ഓര്‍മയിലെ ആദ്യ ന്യൂവേവ് സംവിധായകന്‍.

ഉമ്മറിന് ഒരു സ്റ്റാര്‍ പരിവേഷവും ഇല്ലാത്ത കാലത്താണ് ഉത്സവം എന്ന സിനിമയില്‍ അദ്ദേഹത്തെ നായകനാക്കി ആ പടം ഹിറ്റാക്കുന്നത്. ഉത്സവം കണ്ടത് മുതലാണ് സംവിധായകന്റെ പേര് നോക്കി ഞാന്‍ സിനിമയ്ക്ക് പോകാന്‍ തുടങ്ങിയത്,’ ലാല്‍ പറയുന്നു.

Content Highlight: Actor Lal Talks About Ramjiravu Speaking Movie