സംവിധാനം, അഭിനയം, തിരക്കഥാരചന, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദിഖിനൊപ്പവും അല്ലാതെയുമായി മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.
കളിയാട്ടം സിനിമയില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സംവിധാനം നിര്‍ത്തി അദ്ദേഹം അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നു.
ഇപ്പോള്‍ പഴയ സംവിധായകരുടെയും പുതിയ സംവിധായകരുടെയും സിനിമകളെ പറ്റി പറയുകയാണ് ലാല്‍. കെ. ബാലചന്ദര്‍, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളെ പറ്റിയും അദ്ദേഹം പറയുന്നു.
‘ചിന്തകള്‍ മാറും, സമീപനങ്ങള്‍ മാറും. മേക്കിങ്ങിന്റെ വേഗതയില്‍ വ്യത്യാസമുണ്ടാകും. കഥ പറയുന്ന രീതിയിലും ഷോട്ട്‌സ് എടുക്കുന്നതിലുമൊക്കെ അതുണ്ട്. ഇതിനെ ബ്രേക്ക് ചെയ്തിട്ടുള്ള ആളുകള്‍ വളരെ ചുരുക്കമാണ്. കെ. ബാലചന്ദര്‍ ഉണ്ടായിരുന്നു.
ചെറുപ്പക്കാര്‍ ചിന്തിക്കുന്നത് പോലെ തന്നെ അദ്ദേഹം പ്രായമുള്ളപ്പോഴും ചിന്തിച്ചിരുന്നു. അങ്ങനെ ചിന്തിക്കാന്‍ പറ്റുന്നത് നിസാര കാര്യമല്ല. കഥ പറയുന്നതിലും ഷോട്ട്‌സ് എടുക്കുന്ന രീതിയിലുമെല്ലാം ചെറുപ്പക്കാരോട് കിടപിടിക്കുന്ന ഒരു സ്‌റ്റൈലുണ്ടായിരുന്നു.
അതൊരു പരിധിവരെയെങ്കിലും മലയാളത്തില്‍ കീപ് ചെയ്തിട്ടുള്ളത് ജോഷി സാറാണ്. എല്ലാ സിനിമയും ആദ്യത്തെ ദിവസം ആദ്യത്തെ ഷോ കാണുന്ന ഒരാളാണ് ജോഷി സാറ്. ആ ഒരു ശീലം ഇപ്പോഴും തുടരുന്നതുകൊണ്ടാണ് അതിന് പറ്റുന്നത്. രണ്ട് ഗ്രൂപ്പിലും പെട്ട ആളുകളുടെ പടത്തില്‍ അഭിനയിക്കുമ്പോള്‍ വേഗത ഫീല്‍ ചെയ്യും.
സ്പീഡായിട്ടുള്ള ഷോട്ടുകള്‍ ഉണ്ടെങ്കിലേ കഥ സ്പീഡാകുള്ളൂവന്ന് ഇല്ല. സത്യന്‍ അന്തിക്കാടിന്റെ പടത്തിന് ലക്ഷക്കണക്കിന് ഷോട്ടുകളൊന്നും ഉണ്ടാവില്ല. പക്ഷേ ഉള്ള ഷോട്ടുകളില്‍ സ്പീഡ് മെയിന്റയിന്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. കഥയ്ക്ക് അനുസരിച്ചുള്ള സ്പീഡ് ആ സിനിമയ്ക്കുണ്ടാകും,’ ലാല്‍ പറയുന്നു.
Content Highlight: Actor Lal Talks About K Balachander