ഇതുപോലൊരു ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പല പെണ്‍കുട്ടികളും പറഞ്ഞു; അതോടെ വില്ലന്‍വേഷങ്ങള്‍ വേണ്ടെന്ന് വെച്ചു: ലാല്‍
Entertainment
ഇതുപോലൊരു ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പല പെണ്‍കുട്ടികളും പറഞ്ഞു; അതോടെ വില്ലന്‍വേഷങ്ങള്‍ വേണ്ടെന്ന് വെച്ചു: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 9:25 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദീഖിനൊപ്പവും മലയാളത്തിന് നിരവധി സിനിമകള്‍ സമ്മാനിച്ചിരുന്നു. ഒപ്പം ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സംവിധാനം നിര്‍ത്തി അദ്ദേഹം അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നു.

ആദ്യകാലത്ത് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത ലാല്‍ പിന്നീട് അത്തരം കഥാപാത്രങ്ങള്‍ മനപൂര്‍വം ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വില്ലന്‍ വേഷങ്ങള്‍ ഉപേക്ഷിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍.

പഞ്ചാബി ഹൗസ് എന്ന സിനിമയ്ക്ക് ശേഷമാണ് സ്ത്രീകളും കുട്ടികളും എന്റെ അടുത്തേക്ക് വരാന്‍ തുടങ്ങിയത്. കളിയാട്ടം, ഓര്‍മച്ചെപ്പ്, കന്മദം തുടങ്ങി ആദ്യ സിനിമകളിലെല്ലാം നെഗറ്റീവ് ടച്ചുള്ള സൈക്കോ കഥാപാത്രങ്ങളായിരുന്നു.

അതൊക്കെ കണ്ട പ്രേക്ഷകര്‍ ഇയാള്‍ ഇത്തിരി കുഴപ്പക്കാരനാണെന്ന് വിചാരിച്ചു. എന്നെ കാണുമ്പോള്‍ ആളുകള്‍ അല്‍പം മാറിനടന്നു. എന്നാല്‍ പഞ്ചാബി ഹൗസ് കണ്ടതോടെ ഇതെന്റെ ചേട്ടനാണ് എന്നൊരു ഭാവം പ്രേക്ഷകരില്‍ വന്നു.

ഇതുപോലൊരു ചേട്ടനുണ്ടായിരുന്നെങ്കില്‍ എന്ന് പല പെണ്‍കുട്ടികളും പറഞ്ഞു. അതോടെ വില്ലന്‍വേഷങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു. വില്ലന്‍ വേഷങ്ങളോട് നോ പറയാന്‍ വേറൊരു കാരണം കൂടിയുണ്ട്.

ഞാന്‍ അഭിനയം തുടങ്ങിയ കാലത്ത് എന്റെ മകള്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. അവളോട് കൂടെ പഠിക്കുന്ന കുട്ടി ഒരു ദിവസം ‘നിന്റെ അച്ഛന്‍ ഭയങ്കര ദുഷ്ടനാണല്ലേ’ എന്ന് ചോദിച്ചു. അത് കേട്ട അവള്‍ വീട്ടില്‍ വന്ന് കരഞ്ഞു. ആ സംഭവം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഇനി വില്ലന്‍വേഷങ്ങള്‍ ചെയ്യില്ലെന്ന് അന്ന് തീരുമാനമെടുത്തു,’ ലാല്‍ പറയുന്നു.

Content Highlight: Actor Lal Talks About His Negative Roles