മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തി നടന്മാരില്‍ പ്രധാനിയാണ് ലാല്‍. സംവിധായകനായാണ് ലാല്‍ തുടക്കകാലത്ത് സിനിമയില്‍ തിളങ്ങിയത്. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. തുടര്‍ന്ന് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലാലിന് സാധിച്ചു.
സംവിധായകന്‍ ലോഹിതദാസുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. താനും ലോഹിതദാസും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് ലാല്‍ പറഞ്ഞു. കന്മദം എന്ന സിനിമ തൊട്ടാണ് തങ്ങള്‍ സുഹൃത്തുക്കളായതെന്നും ഒരുപാട് കാലം അത് തുടര്‍ന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അരയന്നങ്ങളുടെ വീട് എന്ന സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് നല്ലൊരു വേഷം അദ്ദേഹം മാറ്റിവെച്ചിരുന്നെന്നും താരം പറയുന്നു.
എന്നാല്‍ അതേ സമയത്താണ് ലെനിന്‍ രാജേന്ദ്രന്റെ മഴ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചതെന്നും ആ അവസരം കളയണ്ടെന്ന് ലോഹിതദാസ് തന്നോട് പറഞ്ഞെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മഴയുടെ ഷൂട്ട് താന്‍ വിചാരിച്ചതിലും കൂടുതല്‍ ദിവസം നീണ്ടുപോയെന്നും തനിക്ക് വേണ്ടി ലോഹിതദാസ് കാത്തിരിക്കേണ്ട അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു. രേഖ മേനോനുമായി സംസാരിക്കുകയായിരുന്നു ലാല്‍.
‘ലോഹിയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. കന്മദം സിനിമയിലെ വേഷത്തിലേക്ക് എന്നെ വിളിച്ചത് ലോഹിയായിരുന്നു. നല്ല സൗഹൃദത്തില്‍ തന്നെയായിരുന്നു അതിന് മുമ്പും ശേഷവും. അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ എനിക്ക് ഒരു ഉഗ്രന്‍ വേഷമുണ്ടെന്ന് ലോഹി പറഞ്ഞു. അത് ചെയ്യാമെന്ന് ഞാനും സമ്മതിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് ലെനിന്‍ രാജേന്ദ്രന്റെ മഴ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്. അക്കാര്യം ലോഹിയോട് പറഞ്ഞപ്പോള്‍ ആ സിനിമ ഒഴിവാക്കണ്ട എന്ന് പറഞ്ഞു. അങ്ങനെ മഴയില്‍ ജോയിന്‍ ചെയ്തു. പക്ഷേ, ആ പടത്തില്‍ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ചെറിയൊരു പണി കിട്ടിയത്. മഴയുടെ ഷൂട്ട് നീണ്ട് നീണ്ട് പോവുകയാണ്. ലെനിന്‍ രാജേന്ദ്രന്‍ ആ പടം കുറേശ്ശെ കുറേശ്ശെയായാണ് ഷൂട്ട് ചെയ്തത്. അപ്പുറത്ത് ലോഹി എനിക്ക് വേണ്ടി മാത്രം കാത്തിരിക്കുകയാണ്.
ഇക്കാര്യം ലെനിന്‍ സാറിനെ അറിയിക്കണം. ആ പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ബ്ലെസിയായിരുന്നു. പുള്ളി വഴി ഞാന്‍ ഇക്കാര്യം ലെനിന്‍ സാറെ അറിയിച്ചു. ‘ആ സിനിമ ഒഴിവാക്കിക്കോ’ എന്ന് അദ്ദേഹം പറഞ്ഞു. ഇത് ലോഹിയോട് പറഞ്ഞപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പല സീനുകളും വെട്ടിച്ചുരുക്കി. നാല് ദിവസം മാത്രം വന്നാല്‍ മതിയെന്ന് പറഞ്ഞു. ആ പ്രശ്‌നം ഞങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കി. അതിന് ശേഷം ലോഹി എന്നെ ഒരു സിനിമയിലേക്കും വിളിച്ചിട്ടില്ല,’ ലാല്‍ പറഞ്ഞു.
Content Highlight: Actor Lal talks about his friendship with Lohithadas