സംവിധാനം, അഭിനയം, തിരക്കഥാരചന, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദിഖിനൊപ്പവും അല്ലാതെയുമായി മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.
കളിയാട്ടം സിനിമയില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സംവിധാനം നിര്‍ത്തി അദ്ദേഹം അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ലാലിന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സിക്കന്ദര്‍ സിങ്. പഞ്ചാബി ഹൗസ് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഇത്. ഈ ചിത്രത്തില്‍ രമണന്‍ എന്ന കഥാപാത്രമായി നടന്‍ ഹരിശ്രീ അശോകനും അഭിനയിച്ചിരുന്നു.
ഇപ്പോള്‍ രമണനെ കുറിച്ചും പഞ്ചാബി ഹൗസില്‍ നിന്ന് എടുത്തു കളയേണ്ടി വന്ന ഹരിശ്രീ അശോകന്റെ ഒരു സീനിനെ കുറിച്ചും പറയുകയാണ് ലാല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പഞ്ചാബി ഹൗസ് സിനിമയില്‍ ഹരിശ്രീ അശോകന്‍ ചെയ്തത് രമണന്‍ എന്ന കഥാപാത്രമാണ്. അതില്‍ ഭയങ്കരമായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന നല്ല ഡെപ്ത്തുള്ള ഒരു സീന്‍ അശോകന് ചെയ്യാനുണ്ടായിരുന്നു.
അത് ഷൂട്ട് ചെയ്തിരുന്നു. അതിമനോഹരമായിട്ടാണ് അശോകന്‍ അതില്‍ അഭിനയിച്ചിരുന്നത്. പക്ഷെ അവസാനം ആ സീന്‍ അതില്‍ നിന്ന് എടുത്ത് കളയേണ്ടി വന്നു. അന്ന് ഈ പറഞ്ഞ സീന്‍ മുറിച്ച് മാറ്റാന്‍ ഒരു കാരണമുണ്ടായിരുന്നു.
ഈ പഞ്ചാബി ഹൗസ് സിനിമയില്‍ രമണന്റേത് വലിയ ഡെപ്ത്തുള്ള കഥാപാത്രമല്ല. പക്ഷെ ആ സീനിന് രമണന് താങ്ങാവുന്നതിലും അപ്പുറത്തുള്ള വലിപ്പമുണ്ടായിരുന്നു. അങ്ങനെയൊരു സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലായിരുന്നു.
ആ സീന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ രമണന് അതിനുമുമ്പ് കാണിച്ചത് പോലെയുള്ള തമാശകള്‍ ചെയ്യാന്‍ ആവില്ല. ചെയ്താലും അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ വര്‍ക്ക് ആവാതെ പോകുമായിരുന്നു. അതുകൊണ്ടാണ് ആ സീന്‍ കളയേണ്ടി വന്നത്,’ ലാല്‍ പറയുന്നു.
Content Highlight: Actor Lal Talks About Harisree Ashokan’s Ramanan Role In Punjabi House Movie