എന്റെ അമ്മച്ചിക്ക് സുഖമില്ലാതായി നിന്നെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്ന് ഞാന്‍; പിന്നീട് ആസിഫിന് മാറ്റം വന്നുവെന്ന് തോന്നുന്നു: ലാല്‍
Entertainment
എന്റെ അമ്മച്ചിക്ക് സുഖമില്ലാതായി നിന്നെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്ന് ഞാന്‍; പിന്നീട് ആസിഫിന് മാറ്റം വന്നുവെന്ന് തോന്നുന്നു: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th June 2025, 9:02 pm

താന്‍ എപ്പോഴും ഫോണിലേക്ക് വരുന്ന കോളുകളെടുക്കുന്ന ആളാണെന്നും കിടക്കുന്ന സമയത്ത് രാത്രി ഫോണ്‍ സൈലന്റിലാക്കി വെക്കാറില്ലെന്നും പറയുകയാണ് ലാല്‍. പരിചയമില്ലാത്ത നമ്പര്‍ കണ്ടാലും കോള്‍ എടുക്കാന്‍ മടിക്കാറില്ലെന്നും നടന്‍ പറയുന്നു.

എന്നാല്‍ ആസിഫ് അലി ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത സ്വഭാവക്കാരനായിരുന്നുവെന്നും ഒരിക്കല്‍ തനിക്ക് രാത്രി രണ്ട് മണിക്ക് ആസിഫിന്റെ കോള്‍ വന്നുവെന്നും ലാല്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരിക്കലും രാത്രി കിടക്കുമ്പോള്‍ ഫോണ്‍ സൈലന്റാക്കി വെക്കുന്ന ആളല്ല. അതുപോലെ പരിചയമില്ലാത്ത നമ്പര്‍ കണ്ടാല്‍ എടുക്കാത്ത ആളുമല്ല. സ്പാം എന്ന് നോട്ടിഫിക്കേഷന്‍ കണ്ടാല്‍ മാത്രമാണ് ഞാന്‍ കോള്‍ എടുക്കാതിരിക്കാറുള്ളൂ.

അല്ലാത്ത എല്ലാ സാഹചര്യത്തിലും ഞാന്‍ കോളുകള്‍ എടുക്കും. കാരണം ആരാണ് എപ്പോഴാണ് വിളിക്കുന്നതെന്ന് നമുക്ക് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ എന്തെങ്കിലും അത്യാവശ്യം വന്നിട്ടാകും നമ്മളെ വിളിക്കുന്നത്.

മുമ്പ് ആസിഫിന് ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ഒരു സ്വഭാവമുണ്ടായിരുന്നു. നമ്മള്‍ വിളിച്ചാലും അവന്‍ കോള്‍ എടുക്കില്ല. അവന്റെ ഫോണ്‍ എപ്പോഴും സൈലന്റിലാകും. പക്ഷെ ഒരിക്കല്‍ ആസിഫ് രാത്രി രണ്ട് മണിക്ക് എന്നെ വിളിച്ചു.

ഞാന്‍ ഫോണ്‍ എടുത്തതും ‘ഉമ്മാക്ക് നല്ല സുഖമില്ല. സണ്‍റൈസ് ഹോസ്പിറ്റലില്‍ കൊണ്ടുപോകണം. ഒന്ന് എന്തെങ്കിലും ചെയ്യാമോ’ എന്ന് ആസിഫ് ചോദിച്ചു. ഞാന്‍ പരിചയമുള്ളവരെയൊക്കെ വിളിച്ച് കാര്യങ്ങളൊക്കെ ഏര്‍പ്പാടാക്കി കൊടുത്തു.

പിറ്റേദിവസം ഞാന്‍ രാവിലെ അവനെ അങ്ങോട്ട് വിളിച്ചു. ‘ഇതുപോലെ എന്റെ അമ്മച്ചിക്ക് ഒരു അസുഖം വന്നിട്ട് ഞാന്‍ നിന്നെ വിളിച്ചാല്‍ കിട്ടില്ല. കാരണം നീ ഫോണ്‍ സൈലന്റാക്കും’ എന്ന് ഞാന്‍ പറഞ്ഞു.

ഇതുപോലെ പരസ്പരം സഹായിക്കാന്‍ വേണ്ടിയാണ് ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്ന് പറയുന്നത്. ചിലപ്പോള്‍ നമ്മുടെ സ്വന്തം ആളുകള്‍ എന്തെങ്കിലുമൊക്കെ ആവശ്യത്തിന് വിളിക്കില്ലേ.

ആ സമയത്ത് നമ്മള്‍ കോള്‍ എടുത്തല്ലേ പറ്റുള്ളൂ. ആ സംഭവത്തിന് ശേഷം ആസിഫിന് മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു (ചിരി). അത് ആസിഫിനോട് ചോദിക്കുന്നതാകും നല്ലത്,’ ലാല്‍ പറയുന്നു.


Content Highlight: Actor Lal Talks About Asif Ali