സംവിധാനം, അഭിനയം, തിരക്കഥാരചന, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദിഖിനൊപ്പവും അല്ലാതെയുമായി മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.
കളിയാട്ടം സിനിമയില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സംവിധാനം നിര്‍ത്തി അദ്ദേഹം അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നു.
ഇപ്പോള്‍ ലാലിന്റേതായി വരാനിരിക്കുന്ന വെബ് സീരീസാണ് കേരള ക്രൈം ഫയല്‍സ് 2. ഈ സീരീസില്‍ നടന്‍ ഇന്ദ്രന്‍സും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇന്ദ്രന്‍സിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആള്‍ കൂടിയാണ് ലാല്‍.
ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സിനെ കുറിച്ച് പറയുകയാണ് നടന്‍. അദ്ദേഹം ഒരിക്കലും വിനയം അഭിനയിക്കുകയല്ലെന്നും അത് ജന്മനാ ഉള്ളതാണെന്നുമാണ് ലാല്‍ പറയുന്നത്. ഒപ്പം ഇന്ദ്രന്‍സിന്റെ ഒരു എ.ഐ വീഡിയോ കണ്ടപ്പോള്‍ അയാള്‍ ജീവിതത്തിലും അങ്ങനെ ആയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചു പോയെന്നും ലാല്‍ പറയുന്നു.
‘ഇന്ദ്രന്‍സ് എന്ന നടന്‍ ഒരിക്കലും അയാളുടെ വിനയം അഭിനയിക്കുകയല്ല. അത് ജന്മനാ അയാളില്‍ ഉള്ളതാണ്. ഇപ്പോള്‍ ആളുകള്‍ നടന്നു വരുന്ന വീഡിയോയൊക്കെ എ.ഐയില്‍ ചെയ്തിട്ട് കാണാമല്ലോ.
ജയനൊക്കെ നടന്നു വരുന്ന വീഡിയോ ഈയിടെ നന്നായി വൈറലായിരുന്നല്ലോ. ആ കൂട്ടത്തില്‍ ഇന്ദ്രന്‍സിന്റെയും വീഡിയോ ഉണ്ടായിരുന്നു. കോട്ടും സ്യൂട്ടുമൊക്കെ ഇട്ട് നടന്നു വരുന്ന വീഡിയോ ആയിരുന്നു കണ്ടത്.
സത്യത്തില്‍ എനിക്ക് ആ വീഡിയോ കണ്ടപ്പോള്‍ കൊതിയായി. ഇയാള്‍ ഇങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. വളരെ അഭിമാനത്തോടെ സ്യൂട്ടുമിട്ട് വരുന്നത് കാണാന്‍ അത്രയും ഭംഗിയായിരുന്നു,’ ലാല്‍ പറയുന്നു.
Content Highlight: Actor Lal Talks About AI Video Of Indrans