ലാലേട്ടനൊപ്പം എളുപ്പമായിരുന്നു; മഞ്ജുവിന് മുന്നില്‍ ഞാന്‍ വിറച്ചു, എന്തൊരു ആര്‍ട്ടിസ്റ്റെന്ന് തോന്നി: ലാല്‍
Entertainment
ലാലേട്ടനൊപ്പം എളുപ്പമായിരുന്നു; മഞ്ജുവിന് മുന്നില്‍ ഞാന്‍ വിറച്ചു, എന്തൊരു ആര്‍ട്ടിസ്റ്റെന്ന് തോന്നി: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th June 2025, 4:06 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദിഖിനൊപ്പവും മലയാളത്തിന് നിരവധി സിനിമകള്‍ സമ്മാനിച്ചിരുന്നു. ഒപ്പം ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സംവിധാനം നിര്‍ത്തി അദ്ദേഹം അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നു.

കളിയാട്ടത്തിന് ശേഷം തൊട്ടടുത്ത വര്‍ഷം 1998ല്‍ ലാല്‍ അഭിനയിച്ച ചിത്രമായിരുന്നു കന്മദം. ലോഹിതദാസിന്റെ സംവിധാനത്തില്‍ എത്തിയ ഈ സിനിമയില്‍ ലാലിനൊപ്പം മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരായിരുന്നു മറ്റുപ്രധാന വേഷങ്ങളില്‍ എത്തിയത്.

ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കന്മദം സിനിമയില്‍ മഞ്ജു വാര്യരുടെ കൂടെ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ലാല്‍. അഭിനയത്തിന്റെ ഇടയില്‍ പതറിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ അഭിനയത്തിന്റെ ഇടയില്‍ പതറിപ്പോയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. കന്മദം എന്ന സിനിമയില്‍ ഞാനും മഞ്ജു വാര്യരും ഒരുമിച്ചുള്ള ഒരു സീനുണ്ടായിരുന്നു. തുടക്കത്തിലുള്ള ഒരു സീനായിരുന്നു അത്.

മഞ്ജു വാര്യരുടെ സിനിമകള്‍ ഞാന്‍ അതിനുമുമ്പ് തിയേറ്ററിലും അല്ലാതെയും കണ്ടിരുന്നു. പക്ഷെ ആദ്യമായിട്ടാണല്ലോ അവരുടെ പെര്‍ഫോമന്‍സിനെ ഞാന്‍ നേരിട്ട് അഭിമുഖീകരിക്കുന്നത്. ആ സമയത്ത് മഞ്ജു അവളുടെ കഥാപാത്രമായി മാറിയതും ആ പ്രസന്റേഷനുമൊക്കെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ വിറച്ചു പോയി.

കാരണം എനിക്ക് അവരുടെ അഭിനയത്തിന്റെ അടുത്തേക്ക് എത്താന്‍ പറ്റില്ലെന്ന് തോന്നി. ഇവര് എന്തൊരു ആര്‍ട്ടിസ്റ്റാണെന്ന് ഞാന്‍ ചിന്തിച്ചു. തലേ ദിവസങ്ങളിലൊക്കെ ലാലേട്ടനുമായി ഞാന്‍ അഭിനയിച്ചതാണ്. അത് എനിക്ക് എളുപ്പമായിട്ടാണ് തോന്നിയത്. ചിലപ്പോള്‍ അദ്ദേഹവുമായുള്ള എന്റെ അടുപ്പം കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്.

പക്ഷെ മഞ്ജുവിന്റെ അഭിനയം എന്നെ വല്ലാണ്ട് വിഷമിപ്പിച്ചു കളഞ്ഞു. അന്ന് ഞാന്‍ ‘നമ്മള്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ല’ എന്ന് തീരുമാനിച്ചു. മഞ്ജുവിന്റെ കൂടെയുള്ള ആ സീനില്‍ എന്റെ പെര്‍ഫോമന്‍സ് വളരെ വീക്കായിരുന്നു.

സിനിമയിലെ ആ സീന്‍ കണ്ടാല്‍ എന്റെ മുഖത്ത് നിന്ന് അത് മനസിലാക്കാന്‍ പറ്റും. മഞ്ജു പണിയെടുത്തുക്കൊണ്ടിരിക്കേ ഞാന്‍ അങ്ങോട്ട് നടന്നു കയറി വരുന്ന സീനായിരുന്നു അത്. അങ്ങനെ പേടിച്ചാല്‍ ശരിയാവില്ലെന്ന് അന്ന് എനിക്ക് മനസിലായിരുന്നു,’ ലാല്‍ പറയുന്നു.


Content Highlight: Actor Lal Talks About Acting Of Manju Warrier