സ്‌ക്രിപ്റ്റില്‍ കൈ കടത്തി നശിപ്പിക്കുന്നു എന്നൊരു ചീത്തപ്പേര് ജഗദീഷിനെതിരെ ഉണ്ടായിരുന്നു: ലാല്‍
Entertainment
സ്‌ക്രിപ്റ്റില്‍ കൈ കടത്തി നശിപ്പിക്കുന്നു എന്നൊരു ചീത്തപ്പേര് ജഗദീഷിനെതിരെ ഉണ്ടായിരുന്നു: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th June 2025, 1:35 pm

അഭിനയിക്കുന്ന സിനിമകളുടെ തിരക്കഥയില്‍ തിരുത്തലുകള്‍ പറയാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടനും സംവിധായകനുമായ ലാല്‍.

സജഷന്‍സ് പലപ്പോഴും പറയാറുണ്ടെന്നും ആ നിര്‍ദേശം അവര്‍ എടുത്താല്‍ തന്നെ, നിങ്ങള്‍ ഒന്നുകൂടി ആലോചിച്ചിട്ട് മാത്രം മാറ്റിയാല്‍ മതിയെന്ന് താന്‍ പറയാറുണ്ടെന്നും ലാല്‍ പറഞ്ഞു.

ഒടുവില്‍ സിനിമയ്ക്ക് അതൊരു മോശമായി വന്നാല്‍ തന്റെ തലയില്‍ ഇടരുതെന്ന് പറയാറുണ്ടെന്നും പണ്ട് സ്‌ക്രിപ്റ്റ് തിരുത്തുന്നു എന്നൊരു ചീത്തപ്പേര് നടന്‍ ജഗദീഷിന് കിട്ടിയിരുന്നെന്നും ലാല്‍ പറയുന്നു.

കുഴപ്പം പിടിച്ച സ്‌ക്രിപ്റ്റുള്ള ചില സിനിമകളില്‍ പോയി വീഴുന്ന ഘട്ടത്തില്‍ എങ്ങനെയെങ്കിലും ആ പടത്തെ രക്ഷപ്പെടുത്താനായി അദ്ദേഹം അത്തരത്തില്‍ ഇടപെട്ടതാണെന്നും എന്നാല്‍ ഒരു ചീത്തപ്പേര് ജഗദീഷിന് വന്നെന്നും ലാല്‍ പറയുന്നു.  ജിയോ ഹോട്ട്‌സ്റ്റാര്‍ യൂ ട്യൂബ് ചാനലില്‍ വന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.

‘പുതിയ സംവിധായകരോട് ഞാന്‍ സജഷന്‍സ് പറയാറുണ്ട്. പുതിയ സംവിധായകരാണെങ്കിലും അല്ലെങ്കിലുമൊക്കെ ഞാന്‍ സാര്‍ എന്നേ വിളിക്കാറുള്ളൂ. വളരെ അടുത്തുപോകുമ്പോഴാണ് പേര് വിളിക്കുന്നത്.

അവര്‍ പറയുന്നത് അനുസരിക്കുക എന്നതാണ്. എന്നാലും നമുക്ക് ചില അഭിപ്രായങ്ങള്‍ ഉണ്ടാകും. എനിക്ക് ചെറിയ ഒരു അഭിപ്രായമുണ്ട്, ഇങ്ങനെ പറയുന്നത് ഈ രീതിയില്‍ പറഞ്ഞാല്‍ നന്നാകില്ലേ എന്ന രീതിയില്‍ സംശയം ചോദിക്കും.

ചേട്ടന്‍ പറയുന്നത് ശരിയാണ് അത് വേണ്ട എന്ന് അവര്‍ പറഞ്ഞാലും ഒന്നുകൂടി ആലോചിക്ക് കേട്ടോ, പിന്നീട് ഇത് എന്റെ തലയില്‍ വരരുത് എന്ന് പറയും. കാരണം സ്‌ക്രിപ്റ്റ് തിരുത്തുന്ന ആള് തല്ലിപ്പൊളിയായിപ്പോയി എന്നൊക്കെ പിന്നെ പറയും.

ജഗദീഷിനെതിരെ മുന്‍പ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു. ജഗദീഷ് സ്‌ക്രിപ്റ്റില്‍ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട്.

അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ ചിലപ്പോള്‍ നമ്മള്‍ കുഴപ്പം പിടിച്ച സ്‌ക്രിപ്റ്റുള്ള പടത്തില്‍ പോയി വീഴും. ഈ പടം സൂപ്പര്‍ഹിറ്റാകില്ലെന്നും പൊട്ടുമെന്നും ഉറപ്പുള്ള പടമാണ്.

പൊട്ടുമെന്ന് ഉറപ്പുള്ള പടം എങ്ങനെയെങ്കിലും ആവറേജ് ആക്കാനായി അയാള്‍ അതില്‍ കുത്തിക്കുറിക്കുന്നതാണ്. അല്ലാതെ നമ്മുടെ പടത്തിലൊന്നും പുള്ളി ഇടപെട്ടിട്ടില്ല. തകര്‍ന്നുപോകുമെന്ന് കരുതിയിട്ട് കൈ കടത്തുന്നതാണ്,’ ലാല്‍ പറഞ്ഞു.

Content Highlight: Actor lal about Actor Jagadhish