കഥയൊന്നും കേള്‍ക്കേണ്ട ആവശ്യമില്ല, നീ ഈ പടം ചെയ്‌തോയെന്ന് ലോകേഷ് പറഞ്ഞു: ഐ ആം ഗെയിമിലേക്ക് എത്തിയതിനെക്കുറിച്ച് കതിര്‍
Malayalam Cinema
കഥയൊന്നും കേള്‍ക്കേണ്ട ആവശ്യമില്ല, നീ ഈ പടം ചെയ്‌തോയെന്ന് ലോകേഷ് പറഞ്ഞു: ഐ ആം ഗെയിമിലേക്ക് എത്തിയതിനെക്കുറിച്ച് കതിര്‍
അമര്‍നാഥ് എം.
Sunday, 30th August 2026, 8:55 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. മൂന്ന് വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ പരകോടിയിലെത്തിയിരുന്നു. ഓണം റിലീസായെത്തുമെന്നറിയിച്ച ചിത്രം അവസാന നിമിഷം റിലീസ് മാറ്റിവെച്ചത് ആരാധകരെ നിരാശരാക്കി.

കഴിഞ്ഞദിവസം ഐ ആം ഗെയിമിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും അണിനിരന്ന ഇവന്റ് പ്രേക്ഷകരുടെ ഹൈപ്പ് ഉയര്‍ത്തി. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഓരോരുത്തരും പങ്കുവെച്ചത്. മോളിവുഡിലെ നാഴികക്കല്ലായി ഐ ആം ഗെയിം മാറുമെന്ന് ഓഡിയോ ലോഞ്ച് പ്രതീക്ഷ നല്‍കുന്നുണ്ട്.

ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കതിര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച. ക്രിക്കറ്ററായാണ് കതിര്‍ ഐ ആം ഗെയിമില്‍ വേഷമിടുന്നത്. ഐ ആം ഗെയിമിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് കതിര്‍ സംസാരിച്ചു. നടനും സംവിധായകനുമായ ലോകേഷിലൂടെയാണ് താന്‍ ഈ സിനിമയിലേക്കെത്തിയതെന്ന് താരം പറയുന്നു.

‘ഒരു ദിവസം ലോകേഷ് എന്നെ വിളിച്ചിട്ട് ‘നീ ആര്‍.ഡി.എക്‌സ് സിനിമ കണ്ടതാണോ’ എന്ന് ചോദിച്ചു. കണ്ടിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ‘ആ പടത്തിന്റെ ഡയറക്ടര്‍ കുറച്ചുകഴിഞ്ഞാല്‍ നിന്നെ കോണ്‍ടാക്ട് ചെയ്യും. ഒരു പടത്തിനെക്കുറിച്ച് പറയാനാണ്. കഥയൊന്നും കേള്‍ക്കണ്ട, നീയത് ധൈര്യമായി ചെയ്യാമെന്ന് സമ്മതിച്ചോ’ എന്ന് പറഞ്ഞു.

ലോകേഷ് അങ്ങനെ പറഞ്ഞപ്പോള്‍ തന്നെ ഈ കഥയില്‍ സ്‌പെഷ്യലായിട്ട് എന്തോ ഉണ്ടെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് ഞാന്‍ നഹാസിനോട് ഓക്കെ പറഞ്ഞത്. ആര്‍.ഡി.എക്‌സ് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് നഹാസിന് അടി, ഇടി, വെട്ട്, കുത്ത് പരിപാടി മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ എന്നാണ്. എന്നാല്‍ ഈ പടത്തില്‍ നഹാസിന് കൊമേഷ്‌സ്യല്‍ സിനിമ എങ്ങനെ എടുക്കണമെന്ന കാര്യത്തില്‍ നല്ല അറിവുണ്ടെന്ന് മനസിലായി,’ കതിര്‍ പറയുന്നു.

ആക്ഷന്‍, ഗാംബ്ലിങ്, ഫാന്റസി, സ്‌പോര്‍ട്‌സ് ഴോണറുകള്‍ ചേര്‍ത്ത് ഒരുക്കിയ ചിത്രമാണ് ഐ ആം ഗെയിം. ഡാന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. തമിഴ് സംവിധായകന്‍ മിഷ്‌കിനാണ് ചിത്രത്തിലെ വില്ലന്‍. ആന്റണി വര്‍ഗീസ് പെപ്പെ, കയദു ലോഹര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി വന്‍ താരനിര ഐ ആം ഗെയിമില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Actor Kathir saying Lokesh Kanagaraj suggested him to do I’m Game movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം