എപ്പോഴും പൊലീസ് വേഷമാണ് കിട്ടാറ്; ഇത്തവണ അതങ്ങ് ടോപ്പിലെത്തി; ജഗമേ തന്തിരത്തിലെ ഗ്യാങ്സ്റ്ററിനെക്കുറിച്ച് ജോജു
Entertainment news
എപ്പോഴും പൊലീസ് വേഷമാണ് കിട്ടാറ്; ഇത്തവണ അതങ്ങ് ടോപ്പിലെത്തി; ജഗമേ തന്തിരത്തിലെ ഗ്യാങ്സ്റ്ററിനെക്കുറിച്ച് ജോജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th June 2021, 1:37 pm

ധനുഷിനെ നായകനാക്കി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ജഗമേ തന്തിരം. ഗ്യാങ്‌സ്റ്റര്‍ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തില്‍ മലയാളി താരങ്ങളായ ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

പൂജ തല്‍വാറിന്റെ യൂട്യൂബ് ചാനലില്‍ ‘ക്യാന്‍ഡിഡ് കോണ്‍വര്‍ സേഷന്‍സ്’ എന്ന അഭിമുഖത്തിലൂടെ ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലെത്തുന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജോജു.

എപ്പോഴും പൊലീസ് വേഷങ്ങളാണ് തനിക്ക് ലഭിച്ചു കൊണ്ടിരിക്കാറുള്ളതെന്നും അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇങ്ങനൊരു കഥാപാത്രം ലഭിച്ചുവെന്നുമാണ് ജോജു പറയുന്നത്.

‘എനിക്ക് എപ്പോഴും കിട്ടുന്ന വേഷങ്ങള്‍ എന്ന് പറയുന്നത് കോണ്‍സ്റ്റബിള്‍, എസ്.ഐ, എ.എസ്.ഐ എന്നിവയാണ്. പക്ഷെ ഇത്തവണ എല്ലാം അങ്ങ് മാറി. ഏറ്റവും ടോപില്‍ ഗ്യാങ്സ്റ്ററിലെത്തി,’ ജോജു പറഞ്ഞു.

അഭിമുഖത്തില്‍ ജോജുവിനൊപ്പം സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജും ഐശ്വര്യ ലക്ഷ്മിയും ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോയും പങ്കെടുത്തു.

ധനുഷ്, തമിഴ് സിനിമ, കാര്‍ത്തിക്, ജെയിംസ് സര്‍, സന്തോഷ് നാരായണന്റെ മ്യൂസിക് എല്ലാം കൊണ്ടും ആകാംക്ഷാഭരിതനായി ഇരിക്കുകയാണ് താനെന്നും ജോജു പറഞ്ഞു.

നേരത്തെ തന്നെ ജഗമേ തന്തിരത്തിലെ ജോജുവിന്റെ ഗെറ്റ് അപ്പ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഷൂട്ടിംഗ് സെറ്റില്‍ ജാക്കറ്റും കണ്ണടയുമൊക്കെ വെച്ചു വരുമ്പോള്‍ ജോജു തന്നെ ആ വേഷം ആസ്വദിക്കുകയാണെന്നു മനസിലാകും എന്നു കാര്‍ത്തിക്കും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് തനിക്ക് ഇതുപോലൊരു വേഷം കിട്ടിയതെന്നാണ് ജോജു മറുപടി പറഞ്ഞത്.

‘എപ്പോഴും ലുങ്കിയും കാക്കി പാന്റുമായിരിക്കും എന്റെ എല്ലാ സിനിമകളിലേയും വേഷം. ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനൊരു വേഷം സിനിമയില്‍ ധരിക്കാനൊക്കെ കിട്ടുന്നത്,’ ജോജു പറഞ്ഞു.

ജഗമേ തന്തിരത്തിലൂടെ തമിഴിലും ജോജു അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷത്തിലാണ് ജോജു എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ നിരവധി പേരാണ് ജോജുവിന്റെ സിനിമയോടുള്ള പ്രണയത്തെയും കഠിനാധ്വാനത്തെയും പുകഴ്ത്തിക്കൊണ്ടു രംഗത്തുവന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Joju George about his character in Jagame Thanthiram Tamil movie