ഒരു സൂപ്പര്‍സ്റ്റാറിന് കിട്ടുന്ന റീച്ചാണ് അവന്; ഒരു ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഇത്രയും റീച്ച് കിട്ടുമെന്ന് അപ്പോഴാണ് അറിഞ്ഞത്: ജോമോന്‍ ജ്യോതിര്‍
Entertainment
ഒരു സൂപ്പര്‍സ്റ്റാറിന് കിട്ടുന്ന റീച്ചാണ് അവന്; ഒരു ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഇത്രയും റീച്ച് കിട്ടുമെന്ന് അപ്പോഴാണ് അറിഞ്ഞത്: ജോമോന്‍ ജ്യോതിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th April 2025, 11:56 am

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും കണ്ടന്റ് ക്രിയേറ്റേഴ്‌സുമായ നിരവധി ആളുകള്‍ക്ക് സിനിമകളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരെ തേടി സിനിമകള്‍ വരാനുള്ള പ്രധാന കാരണവും ഈ റീച്ച് തന്നെയാണ്.

അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വന്ന് സിനിമയില്‍ സജീവമായ നടനാണ് ജോമോന്‍ ജ്യോതിര്‍.

റീച്ചിന്റെ കാര്യത്തില്‍ തന്നെ ഞെട്ടിച്ച ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറിന് കുറിച്ച് സംസാരിക്കുകയാണ് ജോമോന്‍. മറ്റാരുമല്ല ഹാഷിറിനെ കുറിച്ചായിരുന്നു ജോമോന്‍ സംസാരിച്ചത്.

ഒരു സൂപ്പര്‍സ്റ്റാറിന് കിട്ടുന്ന റീച്ചാണ് ഹാഷിറിനെന്നും ഒരു ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഇത്രയും റീച്ച് കിട്ടുമെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ജോമോന്‍ ജ്യോതിര്‍ പറയുന്നു.

വാഴയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോമോന്‍.

‘ഞാന്‍ വീഡിയോ ചെയ്യുന്ന സമയത്ത് ഹാഷിര്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അന്ന് 1500, 3000 ഫോളോവേഴ്‌സ് മാത്രം ഉണ്ടായ സമയത്ത് ഞാന്‍ ഒരു കമന്റിട്ടിരുന്നു,  നീ പൊളിക്കും എന്ന രീതിയില്‍.

അവന്‍ ഇപ്പോഴും അത് പറയാറുണ്ട്. ഇപ്പോള്‍ അവന് ഭയങ്കര റീച്ചുണ്ട്. ഒരു സൂപ്പര്‍സ്റ്റാറിന് കിട്ടുന്ന റീച്ച്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ എല്ലാവര്‍ക്കും അവനെ അറിയാം.

ഒരു ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഇത്രയും റീച്ച് കിട്ടുമെന്ന് അവന്റെ കൂടെ നടന്നപ്പോഴാണ് മനസിലായത്. അവര്‍ നാലു പേരും പൊളിയാണ്. തമ്മില്‍ ഒരു ഈഗോയും ഇല്ലാത്ത ഒരു നാല് പേര്.

ഒരു സമയം പോലും അവര്‍ വെറുതെ ഇരിക്കില്ല. വീഡിയോ എടുക്കും. ഫുഡ് കഴിക്കാനും കറങ്ങാനുമൊക്കെ പോകും. ഒരു ദിവസം മുഴുവന്‍ ഞാന്‍ അവരുടെ കൂടെ ഉണ്ടായിരുന്നു.

അവരെ നാല് പേരേയും എനിക്ക് ഇഷ്ടപ്പെട്ടു. വാഴയില്‍ അവര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഹാപ്പിയിരുന്നു.

ഷൂട്ടിന്റെ സമയത്ത് ഹാഷിറിന്റെ ഒരു പരിപാടി ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഹാപ്പിയായി. നമ്മള്‍ എല്ലാവരും ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ആണല്ലോ,’ ജോമോന്‍ പറയുന്നു.

സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു.

‘സിനിമയിലേക്ക് വരുന്നതിന് മുന്‍പ് ഭയങ്കര ശോകമായിരുന്നു. എല്ലാവര്‍ക്കും പറയാനുള്ള സ്ഥിരം ക്ലീഷേ സാധനമായിരിക്കും എനിക്കും പറയാനുണ്ടാകുക.

ഇപ്പോള്‍ പിന്നെ കുറച്ച് പടങ്ങളൊക്കെ വരുന്നു. അതില്‍ ഹാപ്പിയാണ്.  പക്ഷേ അഭിനയിക്കാനും നടനാവാനും തന്നെയായിരുന്നു ആഗ്രഹം. വെബ് സീരീസും റീലും കണ്ടന്റുകളും നേരത്തെ ചെയ്തിരുന്നു. വീട്ടുകാരൊക്കെ കുറേ പിന്തിരിപ്പിക്കാന്‍ നോക്കി.

പിന്നെ നാട്ടുകാരുടെ പ്രശ്‌നമാണ്. ജോലിയായില്ലേ എന്ന് ചോദിച്ച് പീഡിപ്പിക്കുന്ന ചിലരുണ്ടല്ലോ. ഇപ്പോള്‍ അവരും ഹാപ്പിയാണ്.

പതിനെട്ടാം പടിയിലാണ് ഞാന്‍ ആദ്യം വരുന്നത്. എന്റെ നാട്ടിലുള്ള ഒരു പ്രൊഡ്യൂസറുണ്ട്. ഷാജി നടേശന്‍. പുള്ളിയാണ് സിനിമയില്‍ മുഖം കാണിക്കാന്‍ ഒരു അവസരം തന്നത്.

പിന്നെ യൂട്യൂബിലെ വീഡിയോ കണ്ടിട്ട് പത്രോസിന്റെ പടപ്പുകളിലേക്ക് വിളിച്ച് ഒരു സീന്‍ തന്നു. ഇതിന് ശേഷമാണ് ജിത്തു ചേട്ടന്‍ രോമാഞ്ചത്തിലേക്ക് വിൡച്ചത്. അതില്‍ എനിക്ക് കുറച്ച് പെര്‍ഫോം ചെയ്യാന്‍ ഉണ്ടായിരുന്നു.

അതിന് ശേഷം വിപിന്‍ ചേട്ടന്‍ ഗുരുവായൂരമ്പല നടയിലും വാഴയിലും വിളിച്ചു. ഇപ്പോള്‍ വ്യസന സമേതം എന്ന പടത്തിലും വിപിന്‍ ചേട്ടനാണ് നമ്മളെ കാസ്റ്റ് ചെയ്യുന്നത്, ‘ ജോമോന്‍ പറഞ്ഞു.

Content Highlight: Actor Joemon Jyothir about Social Media Influencer Hashir