കാന്തര കണ്ട് റിഷബിനെ അങ്ങോട്ട് വിളിക്കാനിരുന്നപ്പോള്‍ പ്രതീക്ഷിക്കാതെ അദ്ദേഹത്തിന്റെ കോള്‍ ഇങ്ങോട്ട്; ഞാന്‍ ഞെട്ടിപോയി: ജയറാം
Malayalam Cinema
കാന്തര കണ്ട് റിഷബിനെ അങ്ങോട്ട് വിളിക്കാനിരുന്നപ്പോള്‍ പ്രതീക്ഷിക്കാതെ അദ്ദേഹത്തിന്റെ കോള്‍ ഇങ്ങോട്ട്; ഞാന്‍ ഞെട്ടിപോയി: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th October 2025, 11:59 am

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റര്‍ വണ്‍. റിഷബ് ഷെട്ടി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കിപ്പുറം ചിത്രം നൂറ് കോടിയാണ് സ്വന്തമാക്കിയത്.

ഇപ്പോള്‍ കാന്താരയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ജയറാം. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ ജയറാം എത്തിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് റിഷബ് ഷെട്ടിയുടെ കാന്താര ഇറങ്ങിയപ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിക്കണമെന്ന് വിചാരിച്ചതാണെന്ന് ജയറാം പറയുന്നു.

‘എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്നെത്തേടി അദ്ദേഹത്തിന്റെ കോള്‍ വന്നു. അപ്പോള്‍ ഞാന്‍ ഞെട്ടിപോയി. ഞാന്‍ നിങ്ങളുടെ ഫാനാണെന്ന് അങ്ങോട്ട് പറഞ്ഞപ്പോള്‍ വര്‍ഷങ്ങളായി അദ്ദേഹം എന്റെ ഫാന്‍ ആണെന്ന് ഇങ്ങോട്ട് പറഞ്ഞു. കേരള കര്‍ണാടക ബോര്‍ഡറിലാണ് ഒരുപാട് കാലം അദ്ദേഹം ചിലവഴിച്ചത്. അന്നത്തെ കാലത്തെ എല്ലാ മലയാളം സിനിമകളും പുള്ളി കാണാറുണ്ട്. അങ്ങനെയാണ് എന്നെ വിളിച്ചത്.

പിന്നെ കാന്താരയുടെ രണ്ടാം ഭാഗത്തിലേക്ക് ഒരു പ്രധാനവവേഷം ചെയ്യാന്‍ വരണം എന്ന് പറഞ്ഞു. സിനിമയുടെ കഥയും പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ അങ്ങ് ത്രില്ലായിപോയി. കാരണം അത്ര മനോഹരമായ ഒരു കഥാപാത്രമാണ്. സിനിമ 1000 കോടി പോകുമെന്നാണ് പ്രൊഡ്യൂസറിനെ വിളിച്ചപ്പോള്‍ അറിഞ്ഞത്,’ജയറാം പറഞ്ഞു.

ചിത്രത്തില്‍ റിഷഭ് ഷെട്ടി, രുക്മിണി വസന്ത, കിഷോര്‍, പ്രമോദ് ഷെട്ടി എന്നിങ്ങനെ വന്‍താരനിര തന്നെയുണ്ട്. 2022ല്‍ പുറത്തിറങ്ങിയ കാന്തരയുടെ പ്രീക്വലായാണ് കാന്താര ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്.

Content highlight: Actor Jayaram is reacting to the success of Kantara chapter one