തന്റെ ജീവിതവുമായി ബന്ധപ്പെട്ട് മലയാളത്തിലെ രണ്ട് നടന്മാര്‍ പ്രവചിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. മലയാളത്തിന്റെ പ്രിയതാരമായ മമ്മൂട്ടിയെ കുറിച്ചും നടന്‍ പൃഥ്വിരാജിനെ കുറിച്ചുമാണ് ജഗദീഷ് സംസാരിക്കുന്നത്.
റൊഷാക്കിന്റെ സമയത്ത് മമ്മൂട്ടി തന്നെ കുറിച്ച് പറഞ്ഞ ഒരു കാര്യവും അതിന് ശേഷം കാപ്പയില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യവും ഓര്‍മ്മിച്ചുകൊണ്ടായിരുന്നു ജഗദീഷ് സംസാരിച്ചത്.
റൊഷാഖ് എന്ന സിനിമയിലേക്ക് ആരുടേയും പകരക്കാരനായിട്ടല്ല താന്‍ എത്തിയതെന്നും മമ്മൂട്ടിക്ക് ശേഷം റൊഷാക്കിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട നടന്‍ താനാണെന്നും ജഗദീഷ് പറഞ്ഞു.
‘ മമ്മൂട്ടിക്ക് ശേഷം റൊഷാക്കിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട നടനാണ് ഞാന്‍. പകരക്കാരനായി എത്തിയതല്ലെന്ന് ചുരുക്കം. ചിത്രത്തിലെ അഷ്‌റഫ് എന്ന പൊലീസ് കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും എങ്ങനെ വേണമെന്ന കാര്യത്തില്‍ സംവിധായകന്‍ നിസാം ബഷീറിന്് വ്യക്തമായ ധാരണയുണ്ടായിരുന്നു.
നമ്മള്‍ അതിനൊപ്പം നില്‍ക്കുകയായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴുണ്ടായ പ്രേക്ഷക പ്രതികരണം കണ്ടപ്പോള്‍ സന്തോഷവും ഏറെ അഭിമാനവും തോന്നി. അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
മലയാള സിനിമയില്‍ ജഗദീഷിന് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ടെന്ന് ആ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ മമ്മൂക്ക പറഞ്ഞത് ഓര്‍മയുണ്ട്.
ആ സിനിമ കഴിഞ്ഞ് ഞാന്‍ നേരെ പോയത് കാപ്പയുടെ സെറ്റിലേക്കായിരുന്നു. മോള്‍ക്ക് ഒരു വീട് വാങ്ങാന്‍ ലോണിന്റെ കാര്യം ബാങ്ക് മാനേജരുമായി ഞാന്‍ സംസാരിക്കുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞു,
‘ ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി തലമുടി നരയിടാന്‍ തുടങ്ങിയില്ലേ, ഇനി ലോണ്‍ തിരിച്ചടയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ധൈര്യമായിരിക്ക്,’ എന്ന്. മമ്മൂക്കയും പൃഥ്വിരാജും പ്രവചിച്ച ആ രണ്ട് കാര്യങ്ങളും ഇപ്പോള്‍ സത്യമായിക്കൊണ്ടിരിക്കുകയാണ്.
ലീലയിലെ എന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട് കഥ പറയാന്‍ വരുന്നവരാണ് ഇന്നത്തെ യുവസംവിധായകരില്‍ പലരും. എന്നിലെ നടനെ വേറൊരു രീതിയില്‍ പരുവപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.