മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിബി മലയില്‍ സംവിധാന രംഗത്തേക്ക് കടന്നിട്ട് 40 വര്‍ഷം പിന്നിടുകയാണ്. ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ എന്ന സിനിമയുടെ അതേ പേരില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ശിഷ്യരും ചേര്‍ന്ന് സിബി മലയിലിന് അടുത്തിടെ ഒരു ആദരം നല്‍കിയിരുന്നു.
ജഗദീഷിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശ്രീനിവാസനായിരുന്നു. മുത്താരംകുന്ന് പി.ഒ എന്ന സിനിമയെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. ചിത്രത്തിലേക്ക് ഗുസ്തി ചാമ്പ്യനും നടനുമായ ധാരാ സിങ്ങിനെ കൊണ്ടുവരാന്‍ പോയ കഥയാണ് വേദിയില്‍ ജഗദീഷ് പങ്കുവെച്ചത്.
‘സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ ശേഷമാണ് നായകന്‍ ദിലീപ് കുമാര്‍ കീഴ്‌പ്പെടുത്തേണ്ട ഫയല്‍മാന്‍ ധാരാ സിങ് ആയാല്‍ നന്നായിരിക്കുമെന്ന് സിബി മലയിലും ശ്രീനിവാസനും തീരുമാനിച്ചത്.
ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം വന്നു. ധാരാസിങ്ങിനെ ആരാണ് പോയി ബുക്ക് ചെയ്യുക, ഫോണില്‍ മാനേജരെ വിളിച്ച് ഞാന്‍ സംസാരിച്ചു. മാനേജര്‍ പറഞ്ഞു അപ്പോയിന്‍മെന്റ് തരാം ഇങ്ങ് വരൂ എന്ന്.
എന്റെ ആദ്യത്തെ ഫ്‌ളൈറ്റ് യാത്രയാണ്. എന്ത് ധൈര്യത്തിലാണ് പോയതെന്ന് അറിയില്ല. നേരെ മുംബൈയിലേക്ക് പോയി. പോകുന്നതിന് മുന്‍പ് പ്രൊഡ്യൂസര്‍ സുബ്രഹ്‌മണ്യ സാര്‍ എന്നോട്, ജഗദീഷ് ഒരു രണ്ട് ലക്ഷം രൂപ വരെ ഓഫര്‍ ചെയ്‌തോളൂ. അതില്‍ കൂടുതല്‍ കൊടുക്കാന്‍ നമ്മുടെ കൈയില്‍ പൈസയില്ലെന്ന് പറഞ്ഞു.
നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അവിടെ ചെന്ന് സിങ് സാബിന്റെ അടുത്ത് ഹിന്ദിയിലും ഇംഗ്ലീഷിലുമായി കഥ പറഞ്ഞു. അവസാനം പുള്ളി കഥയിഷ്ടമായി, ഇനി പ്രതിഫലത്തിന്റെ കാര്യം സംസാരിക്കാമെന്ന് പറഞ്ഞു.
സിങ് സാബ് ഇതൊരു പ്രതിഫലമായൊന്നും കരുതരുത്, ഒരു ഓണര്‍ ആണ്. ഒരു ടോക്കണ്‍ ആണ്. ഞങ്ങളുടെ സ്‌നേഹമാണ്. മോശമായി എടുക്കരുത്. ഞങ്ങള്‍ ഒരു 25000 രൂപ തരാമെന്ന് പറഞ്ഞു.
അദ്ദേഹം എന്നെ ഇങ്ങനെ ഒന്ന് നോക്കി. അദ്ദേഹത്തിന്റെ ഗുസ്തിയുടെ ഏതെങ്കിലും രീതിയില്‍ എന്നെ മലര്‍ത്തിയടിക്കുമോ എന്ന് വരെ എനിക്ക് തോന്നി.
നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല 25000 രൂപയ്ക്ക് അദ്ദേഹം സമ്മതിച്ചു. അത് എന്റെ കഴിവില്ല. അദ്ദേഹത്തിന്റെ വലിയ മനസായിരുന്നു.
ഇവിടെ അദ്ദേഹം വരുമ്പോള്‍ അദ്ദേഹത്തിന് ഇത്ര കോഴി വേണം, ഇത്ര മുട്ട വേണം എന്നൊക്കെയുള്ള ചര്‍ച്ചയായിരുന്നു. എന്നാല്‍ സാധാരണ നമ്മള്‍ കഴിക്കുന്ന ഭക്ഷണം കഴിച്ചിരുന്ന, സാധാ മനുഷ്യന്‍, സ്‌നേഹ സമ്പന്നനായ മനുഷ്യന്‍. അതായിരുന്നു അദ്ദേഹം,’ ജഗദീഷ് പറഞ്ഞു.
Content Highlight: Actor Jagadheesh about Actor Wresler Dhara Singh and Mutharamkunnu po movie