ഒരു കമ്യൂണിസ്റ്റുകാരന്‍ അമ്മയുടെ പ്രസിഡന്റായി ഇരിക്കുന്നത് ആ കോണ്‍ഗ്രസുകാരന് ഇഷ്ടമായില്ല: ഇന്നസെന്റ്
Entertainment news
ഒരു കമ്യൂണിസ്റ്റുകാരന്‍ അമ്മയുടെ പ്രസിഡന്റായി ഇരിക്കുന്നത് ആ കോണ്‍ഗ്രസുകാരന് ഇഷ്ടമായില്ല: ഇന്നസെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd October 2022, 5:13 pm

അമ്മ എന്ന സിനിമ സംഘടനയില്‍ 18 വര്‍ഷം പ്രസിഡന്റായ വ്യക്തിയാണ് നടന്‍ ഇന്നസെന്റ്. പാര്‍ലമെന്റില്‍ വെച്ച് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും താന്‍ മാറണമെന്ന് മരിച്ചുപോയ ഒരു കോണ്‍ഗ്രസുകാരന്‍ പറഞ്ഞതിനേക്കുറിച്ച് പറയുകയാണ് ഇന്നസെന്റ്. അതിന് ശേഷം ആ സ്ഥാനത്ത് നിന്ന് താന്‍ മാറിയെന്നും അദ്ദേഹം കൗമുദി മൂവിസിനോട് പറഞ്ഞു.

”അമ്മ എന്ന സംഘടനയില്‍ വന്നതിന് ശേഷം 18 വര്‍ഷമായിട്ട് ഞാന്‍ തന്നെയായിരുന്നു പ്രസിഡന്റ്. ഒരു ദിവസം, അപ്പച്ചാ 18 വര്‍ഷമായില്ലെ പ്രസിഡന്റായിട്ട് ഇരിക്കുന്നു ഇനിയെങ്കിലും ഒന്ന് മാറികൊടുത്തൂടെയെന്ന് എന്നോട് എന്റെ മകന്‍ ചോദിച്ചു.

എനിക്ക് മാറാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ലെന്നും പകരം ആളുകള്‍ വരാത്തത് കൊണ്ടാണെന്നും ഞാന്‍ അവനോട് പറഞ്ഞു. അത് പറ്റില്ല ഇനിയെങ്കിലും മാറികൊടുക്കണം എന്നാലെ ആരെങ്കിലും വരുകയുള്ളുവെന്ന് അവന്‍ പറഞ്ഞു.

ഇത് മനസില്‍ വെച്ച് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കണ്ടപ്പോള്‍ ഞാന്‍ ഈ കാര്യം സംസാരിച്ചു. പക്ഷേ നിങ്ങള്‍ പോവരുതെന്ന് അവരെന്നോട് പറഞ്ഞു. ഒരു ദിവസം എന്റെ സുഹൃത്തും നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയുന്ന ഒരു വ്യക്തി ഇതിനെക്കുറിച്ച് എന്നോട് ചോദിച്ചു. അദ്ദേഹം ഇടതുപക്ഷത്തിന്റെ ആളല്ല.

പാര്‍ലമെന്റ് തുടങ്ങാനായി ഞാങ്ങലെല്ലാവരും കാത്തിരിക്കുമ്പോഴാണ് ചോദിച്ചത്. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറുയുന്നത് ശരിയല്ല. കാരണം അദ്ദേഹം മരിച്ചുപോയി.

ഇന്നസെന്റ് ഇപ്പോള്‍ എത്രവര്‍ഷമായി അമ്മയുടെ പ്രസിഡന്റായിരിക്കുന്നുവെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. 18 വര്‍ഷമായെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് ഇതെന്തിനാണ് ഇങ്ങനെ പിടിച്ചു വെച്ചിരിക്കുന്നത് ഒന്നുമാറികൊടുത്താല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു.

മാറി കൊടുക്കാന്‍ തയ്യാറാണെന്നും ആരെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണെന്നും ഒരിക്കലും ആ സ്ഥാനം പിടിച്ചുവെക്കുകയല്ലെന്നും അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല, നിങ്ങള്‍ മാറണമെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു.

ഇതിന്റെ ഉള്ളില്‍ ഒരു കോണ്‍ഗ്രസും കമ്യൂണിസവുമുണ്ടെന്ന് അന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു കമ്യൂണിസ്റ്റുകാരന്‍ ഇത്രയും വര്‍ഷം അമ്മയുടെ പ്രസിഡന്റായിരിക്കുന്നത് ആ കോണ്‍ഗ്രസുകാരന് അത്ര ഇഷ്ടായില്ല.

വീണ്ടും അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, ഞാനൊരു കാര്യം പറയട്ടെ ഇനി ആ സ്ഥാനത്ത് നിന്ന് തല്ക്കാലത്തേക്ക് ഞാന്‍ മാറുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇതെല്ലാം എന്റെ അടുത്തിരിക്കുന്ന ബിജു എം.പി കേള്‍ക്കുന്നുണ്ട്.

ഞാന്‍ ആരോടും ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് അവന് അറിയാം. അവനോട് ഞാന്‍ ഇതിനെക്കുറിച്ച് സംസാരിച്ചു. പാര്‍ട്ടി ചിന്തകൊണ്ടല്ല പ്രസിഡന്റ് സ്ഥാനത്ത് നിന്നതെന്നും നമ്മുടെ സംഘടനയോടുള്ള താത്പര്യം കൊണ്ടാണെന്ന് ഞാന്‍ ബിജുവിനോട് പറഞ്ഞു. പക്ഷേ മുന്നേ എന്റെ മകന്‍ പറഞ്ഞതും ഞാന്‍ കണക്കിലെടുത്തിരുന്നു.

മാറാന്‍ എന്നെ നിര്‍ബന്ധിച്ച അദ്ദേഹത്തിന്റെ ഉള്ളില്‍ ഇനിയൊരു കോണ്‍ഗ്രസുകാരനാകണം പ്രസിഡന്റ് എന്ന ചിന്ത ഉള്ളതുകൊണ്ടാണ് മാറില്ലെന്ന് ഞാന്‍ പറഞ്ഞത്. അതിന് ശേഷമുള്ള അമ്മയുടെ ഇലക്ഷനില്‍ മാറുകയാണെന്ന് ഞാന്‍ അവരെ അറിയിച്ചു. 18 വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഞാന്‍ മാറി,” ഇന്നസെന്റ് പറഞ്ഞു.

content highlight: actor innocent said, That congress leader didn’t like he being the president of Amma