മുഖ്യമന്ത്രി ദേശാഭിമാനി പോലും വായിക്കാറില്ലേ? അടൂര്‍ പ്രശംസയില്‍ ഹരീഷ് പേരടി
Kerala News
മുഖ്യമന്ത്രി ദേശാഭിമാനി പോലും വായിക്കാറില്ലേ? അടൂര്‍ പ്രശംസയില്‍ ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2023, 9:44 pm

തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്‍ ഹരീഷ് പേരടി.

അടൂരിനെ പ്രശംസിച്ച് സംസാരിച്ച മുഖ്യമന്ത്രി ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് നഷ്ടപ്പെടുത്തിയതെന്ന് ഹരീഷ് പറഞ്ഞു.

സത്യത്തില്‍ മുഖ്യമന്ത്രി ദേശാഭിമാനി പോലും വായിക്കാറില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

‘ചെത്തുകാരന്‍ കോരന്റെ മകനെ, എന്ന് നിങ്ങളെ ജാതീയമായി അധിക്ഷേപിച്ചപ്പോള്‍ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍. അതെ മനുഷ്യരുടെ മുഖത്ത് നോക്കിയാണ് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ജാതീയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങള്‍ വിശുദ്ധനാക്കുന്നത്.

സത്യത്തില്‍ നിങ്ങള്‍ ദേശാഭിമാനി പോലും വായിക്കാറില്ലെ? സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ നഷ്ടപ്പെടുത്തിയത്. ജാതീയ സലാം,’ ഹരീഷ് പേരടി എഴുതി.

കഴിഞ്ഞ ദിവസം ദേശാഭിമാനിയുടെ 80ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സമഗ്ര പുരസ്‌കാരം അടൂരിന് നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രി അദ്ദേഹത്തെ പ്രശംസിച്ചത്. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂരെന്നും അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തില്‍ സമരക്കാരായ വിദ്യാര്‍ത്ഥികളെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മന്‍ കൂടിയായ അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചിരുന്നു. ഈ വാര്‍ത്തകള്‍ക്കിടയില്‍ മുഖ്യമന്ത്രി അടൂരിനെ പ്രശംസിച്ചത് സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമുയര്‍ത്തുന്നണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതീയ വിവേചനത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും സമരം നടത്തുന്നത്. ഇതിന് കാരണക്കാരനായ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ശങ്കര്‍ മോഹനനെ പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ ശങ്കര്‍ മോഹനനെ ന്യായീകരിച്ച അടൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതീയമായ വിവേചനം ഇല്ലെന്നാണ് അവകാശപ്പെടുന്നത്.

അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി, ജോയ് മാത്യു ഉള്‍പ്പെടെ സിനിമാ മേഖലയിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു.

Content Highlight: Actor hareesh peradi againt Chief Minister Pinarayi Vijayan for praising director Adoor Gopalakrishnan during the KR Narayanan Film Institute controversy.