ഡിയസ് ഈറെ, കളങ്കാവല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളി പ്രേക്ഷകമനസ്സിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് ജിബിന്‍ ഗോപിനാഥ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ ഡിയസ് ഈറെയിലെ കഥാപാത്രവും ജിതിന്‍.കെ.ജോസിന്റെ മമ്മൂട്ടി നായകനായ കളങ്കാവലിലെ പൊലീസ് വേഷവും അതിഗംഭീരമായാണ് ജിബിന്‍ അവതരിപ്പിച്ചത്. 2017ല്‍ പുറത്തിറങ്ങിയ വൈ എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം.
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ തന്റെ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന നിലയിലും ചിത്രത്തില്‍ മോഹന്‍ലാലും ഭാഗമാകുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നതോടെയും ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂഡ് ആന്തണി ജോസഫ്, അഖില്‍ കൃഷ്ണ, ലിന്‍ഷ് നെല്ലിക്കല്‍ തുടങ്ങിയവര്‍ തിരക്കഥ നിര്‍വഹിച്ച ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും വിസ്മയ മോഹന്‍ലാലുമായുണ്ടായ അനുഭവത്തെ കുറിച്ചും ജിബിന്‍ ഗോപിനാഥ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍ഡിവുഡ് ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘നല്ല അനുഭവമായിരുന്നു. ആദ്യം മമ്മൂക്കയുടെ മകനായ ദുല്‍ഖറിനെ കിട്ടി, പിന്നെ പ്രണവ് മോഹന്‍ലാല്‍ വന്നു, ആ സിനിമയും കിട്ടി, ഇപ്പോഴിതാ വിസ്മയ ആദ്യമായി അഭിനയിക്കുന്നു, അതിലും അവസരം കിട്ടി. പടം നല്ല രസമുള്ള പടമാണ്. നന്നായിട്ട് അത് വന്നിട്ടുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിത്രത്തില്‍ എനിക്ക് അത്യാവിശ്യം നല്ല ഒരു കഥാപാത്രമാണുള്ളത്.
നല്ല ഒരു പെര്‍ഫോമറാണ് വിസ്മയ. പുള്ളിക്കാരി എവിടെ നിന്നാണ് വരുന്നതെന്ന് അറിയാമല്ലോ. അതുകൊണ്ട് നമ്മള്‍ പ്രത്യേകം ചോദിക്കേണ്ട ആവശ്യം പോലുമില്ല. നല്ല രസമായിട്ട് ചെയ്തിട്ടുണ്ട്. ആള്‍ ഭയങ്കര ക്യൂട്ടാണ്, വളരെ ശാന്ത സ്വഭാവക്കാരിയാണ്. ഈ പറയുന്ന പോലെ പ്രണവിന്റെ വേറൊരു വേര്‍ഷനാണ് മായ. എപ്പോഴും ചേട്ടാ ചേട്ടാ എന്ന് വിളിച്ച് നടക്കുന്ന കൊച്ചുകുട്ടികളെ പോലെ ഒരു സ്വഭാവമാണ്,’ ജിബിന്‍ പറഞ്ഞു.
ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് മലയാള സിനിമയിലെ തന്നെ മുന്‍നിര ടെക്‌നീഷ്യന്‍സാണ്. ജോമോന്‍.ടി.ചാക്കോ സിനിമാറ്റോഗ്രാഫി നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോയാണ്.
ചിത്രത്തിന്റെ സംഗീതസംവിധായകനായി ജേക്ക്‌സ് ബിജോയിയും രംഗത്തുണ്ട്. ഇതിനെല്ലാം പുറമെ 2018 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഫാക്ടറും തുടക്കത്തിന് ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്. ആഗസ്റ്റ് 7നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Actor Gibin Gopinath talks about Vismaya Mohanlal and her new movie thudakkam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.