രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഭാര്യ ചോദിച്ചു, ജോലിക്ക് പോണില്ലേ? അപ്പോഴാണ് ജോലിയില്‍ നിന്നും അവധിയെടുത്ത കാര്യം വീട്ടില്‍ പറഞ്ഞത്: ജിബിന്‍ ഗോപിനാഥ്
Malayalam Cinema
രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഭാര്യ ചോദിച്ചു, ജോലിക്ക് പോണില്ലേ? അപ്പോഴാണ് ജോലിയില്‍ നിന്നും അവധിയെടുത്ത കാര്യം വീട്ടില്‍ പറഞ്ഞത്: ജിബിന്‍ ഗോപിനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th December 2025, 11:01 am

സമകാലിക മലയാള സിനിമാ രംഗത്ത് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പേരാണ് ജിബിന്‍ ഗോപിനാഥ്. പ്രണവ് മോഹന്‍ലാല്‍ നായകനായി കഴിഞ്ഞ മാസം തിയേറ്ററുകളില്‍ നിന്നും വന്‍ വിജയം നേടിയ ഡിയസ് ഈറെയിലും, അടുത്തിടെ റിലീസായ മമ്മൂട്ടി ചിത്രം കളങ്കാവലിലും താരം പ്രധാനവേഷത്തിലെത്തിരുന്നു. മാത്രഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയത്തിലേക്ക് കടന്നു വന്ന വഴികളെക്കുറിച്ചും, അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് താരം.

ഡിയസ് ഈറെ, കളങ്കാവല്‍. Photo: Theatrical posters

അഭിനയമോഹത്തെ ഗൗരവമായി കണ്ടു തുടങ്ങിയത് എപ്പോഴാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

‘ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അഭിനയത്തോട് വലിയ താത്പര്യമായിരുന്നു. എല്‍.പി. ക്ലാസ് മുതല്‍ക്ക് തന്നെ സ്‌കൂളില്‍ നടക്കുന്ന ചെറുതും വലുതുമായ സ്റ്റേജ് പരിപാടികളിലെല്ലാം ഭാഗമായിരുന്നു. അന്നത്തെക്കാലത്ത് നടന്നിരുന്ന നാടകക്കളരികളിലും നാടകക്കൂട്ടായ്മയിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാലതാരമായി അഭിനയിക്കാന്‍ ഒരു സിനിമയുടെ ഓഡിഷനെല്ലാം പോയിരുന്നെങ്കിലും നടന്നില്ല.

ലാലേട്ടന്‍ പഠിച്ച എം.ജി. കോളേജിലാണ് ഞാനും പഠിച്ചത്. ഇവിടെ നിന്നാണ് സിനിമാമോഹം കത്തിക്കയറിയത്. തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് നടന്ന പല സിനിമകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. താണ്ഡവം, വക്കാലത്ത് നാരായണന്‍കുട്ടി, ഐ.ജി. തുടങ്ങി അന്നത്തെക്കാലത്തെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്,’ താരം പറയുന്നു.

ജിബിന്‍ ഗോപിനാഥ്. Photo: screen grab/ dies ere trailer/ youtube.com

‘ പൊലീസ് ജോലിയും അഭിനയവും മുന്നോട്ട് കൊണ്ടുപോവുക വലിയ വെല്ലുവിളിയായിരുന്നു. ഒരുപാട് കാലം കൂടെ ജോലി ചെയ്യുന്നവരുടെ സഹകരണം കൊണ്ട് പരിക്കുകളില്ലാതെ മുന്നോട്ട് പോയി. പിന്നീട് രണ്ടും കൂടെ കൈകാര്യം ചെയ്യാന്‍ പറ്റാതെ വന്ന അവസ്ഥയിലാണ് ദീര്‍ഘകാലം ജോലിയില്‍ നിന്നും അവധിയെടുത്തത്.

രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഭാര്യ ചോദിച്ചു ജോലിക്ക് പോണില്ലേ എന്ന്, അപ്പോഴാണ് ജോലിയില്‍ നിന്നും അവധിയെടുത്ത കാര്യം വീട്ടില്‍ പറഞ്ഞത് എന്റെ ആഗ്രഹം നടക്കട്ടെ എന്ന നിലപാടാണ് കുടുംബവും സ്വീകരിച്ചത്,’ ജിബിന്‍ പറഞ്ഞു.

ഗ്രേറ്റ് ഫാദര്‍, മിഖായേല്‍ തുടങ്ങിയ ഹനീഫ് അദേനി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം വാഴ, കിഷ്‌കിന്ധാ കാണ്ഡം, മിന്നല്‍ മുരളി, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തിയിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡിയസ് ഈറെയില്‍ മികച്ച പ്രകടനമാണ് ജിബിന്‍ കാഴ്ച്ചവച്ചത്. ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടി. പ്‌ളാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു.

Content Highlight: Actor gibin gopinath talks about the struggle he faced in career