സംവിധായകനും എഴുത്തുകാരനും ക്യാരക്ടറില്‍ കൃത്യമായി വര്‍ക്ക് ചെയ്തിട്ടില്ലെന്ന് തോന്നിയാല്‍ പുള്ളി ഇടയും: ദിലീഷ് പോത്തന്‍
Entertainment
സംവിധായകനും എഴുത്തുകാരനും ക്യാരക്ടറില്‍ കൃത്യമായി വര്‍ക്ക് ചെയ്തിട്ടില്ലെന്ന് തോന്നിയാല്‍ പുള്ളി ഇടയും: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th March 2025, 12:38 pm

നടന്‍ വിജയരാഘവനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. വിജയരാഘവനൊപ്പം വര്‍ക്ക് ചെയ്യുക വളരെ ഈസിയാണെന്നും സിനിമയോടുള്ള അദ്ദേഹത്തിന്റെ കമിറ്റ്‌മെന്റ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്തി’ല്‍ ഔസേപ്പിന്റെ മൂന്നാണ്‍മക്കളില്‍ ഒരാളായി എത്തുന്നത് ദിലീഷ് പോത്തനാണ്.

സംവിധായകനും എഴുത്തുകാരനും കുട്ടേട്ടന്റെ ക്യാരക്ടറില്‍ കൃത്യമായി വര്‍ക്ക് ചെയ്തിട്ടില്ലെന്ന് തോന്നിയാല്‍ പുള്ളി ഇടയുമെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

‘കുട്ടേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഭയങ്കര ഈസിയാണ്. ഭയങ്കര കംഫര്‍ട്ടാണ്. നമുക്ക് ഭയങ്കര സന്തോഷം തോന്നും. ഞാന്‍ പല പടങ്ങളിലും കുട്ടേട്ടന്റെ കൂടെ കോ ആക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്

ഒസ്യത്തില്‍ കുട്ടേട്ടന്റെ മൂന്ന് ആണ്‍മക്കളില്‍ ഒരാളായിട്ടാണ് അഭിനയിക്കുന്നത്. കുഞ്ഞു കാര്യങ്ങള്‍ക്ക് വരെ കുട്ടേട്ടന്‍ എടുക്കുന്ന ഒരു എഫേര്‍ട്ടുണ്ട്.

ഞാന്‍ ഇപ്പോള്‍ ഒരു പത്തന്‍പത് സിനിമയൊക്കെയായി. നമുക്ക് ഇങ്ങനെ ഓരോ സിനിമ കഴിയുന്തോറും കൗതുകം കുറഞ്ഞ് കുറഞ്ഞ് വരും. മനുഷ്യരാണല്ലോ.

എന്നാല്‍ കുട്ടേട്ടന്റെ കാര്യം അങ്ങനെയല്ല. എത്ര സിനിമയായി? എത്ര കഥാപാത്രമായി? എത്ര അച്ഛന്‍ റോളുകള്‍. ഇത് എത്രാമത്തെ അച്ഛന്‍ റോളാണ്. എങ്ങനെയാണ് ഇത്ര വ്യത്യസ്തമായിട്ടും താത്പര്യത്തോടും ചെയ്യാന്‍ കഴിയുന്നത് എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്.

മീശയുടെ ഒരു ചെറിയ ഭാഗം കഴിഞ്ഞ സീനില്‍ നരച്ചിട്ടുണ്ടായിരുന്നു. ഈ സിനീല്‍ നരച്ചിട്ടില്ലെന്നൊക്കെ പറഞ്ഞ് പുള്ളി അതില്‍ ഇന്‍വോള്‍വ്ഡ് ആവുന്നത് കണ്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ ക്യാരക്ടറില്‍ കൃത്യമായി റൈറ്റേഴ്‌സോ ഡയറക്ടേഴ്‌സോ വര്‍ക്ക് ചെയ്തിട്ടില്ലെന്ന് തോന്നിയാല്‍ പുള്ളി ഇടയും. ആ ഇറിറ്റേഷന്‍ കാണിക്കും. അതെന്താണ് ആ ക്യാരക്ടര്‍ അങ്ങനെ ചെയ്യില്ലേ എന്നൊക്കെ ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഡെഡിക്കേറ്റഡായ ആക്ടറാണ് അദ്ദേഹം,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍.ജെയാണ് ‘ഔസേപ്പിന്റെ ഒസ്യത്ത്’ സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് ഔസേപ്പിന്റെ മക്കളായെത്തുന്നത്.

Content Highlight: Actor Dileesh Pothan about Vijayaraghavan