പട്ടി കാരണം ഡയറക്ടറുടെ അടുത്ത് നിന്ന് വഴക്കുകേട്ടിട്ടുണ്ട്; ഞാനൊരു സ്വപ്ന ലോകത്തായിരുന്നു; മലയന്‍കുഞ്ഞിലെ സുനി പറയുന്നു
Entertainment news
പട്ടി കാരണം ഡയറക്ടറുടെ അടുത്ത് നിന്ന് വഴക്കുകേട്ടിട്ടുണ്ട്; ഞാനൊരു സ്വപ്ന ലോകത്തായിരുന്നു; മലയന്‍കുഞ്ഞിലെ സുനി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th July 2022, 4:37 pm

നവാഗതനായ സജിമോന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ എത്തിയ നടനായിരുന്നു കോമഡി പ്രോഗ്രാമുകളിലൂടെ പ്രശസ്തനായ ദീപു നാവായികുളം. സുനി എന്ന കഥാപാത്രത്തെയായിരുന്നു ദീപു ചിത്രത്തില്‍ അവതരിപ്പിച്ചത്.

മലയന്‍കുഞ്ഞിലെ ദീപുവിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയതുമാണ്. ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദീപു ഇപ്പോള്‍.

പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദീപു ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ ശരിക്കും സ്വപ്ന ലോകത്ത് ആയിരുന്നുവെന്നും ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഫഹദ് ഫാസിലും മറ്റ് അണിയറ പ്രവര്‍ത്തകരും തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തുവെന്നും ദീപു പറയുന്നു.

‘സെറ്റില്‍ ആദ്യം വന്നപ്പോള്‍ തന്നെ ഫഹദ് ഇക്കാക്ക് വലിയ കാര്യമായിരുന്നു. സജി സാറാണ് എന്നെ ഫഹദ് ഇക്കാക്ക് പരിചയപ്പെടുത്തിയത്. പേടിക്കണ്ട, ടെന്‍ഷനാവാതെ ചെയ്യണം എന്നൊക്കെ ഫഹദ് ഇക്ക പറഞ്ഞിരുന്നു. വലിയ സപ്പോര്‍ട്ടാണ് എല്ലാവരും തന്നത്, സിനിമയില്‍ ചെമ്പന്‍ എന്നൊരു പട്ടി ഉണ്ടായിരുന്നു. ട്രെയിന്‍ ചെയ്ത പട്ടി ആയിരുന്നെങ്കിലും ചില സമയത്ത് മഴയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പട്ടി ഓടിപോകുമയിരുന്നു, പട്ടിയെ നേരെ പിടിക്കാതത്തിന് ഡയറക്ടറുടെ അടുത്ത് നിന്നും വഴക്ക് കേട്ടിട്ടുണ്ട്’-ദീപു പറയുന്നു.

ദീപുവിന്റെ കോമഡി സ്‌കിറ്റുകള്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സില്‍ ദീപു അവതരിപ്പിച്ച ഫ്രീക്ക് യുവാവിന്റെ സ്‌കിറ്റ് സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.

അതേസമയം 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

ഫാസിലാണ് ചിത്രം നിര്‍മിച്ചത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ചിത്രത്തിന്റെ പ്രമേയം. അതിനെ തുടര്‍ന്ന് നടക്കുന്ന അതിജീവനമാണ് സിനിമ പങ്കുവെക്കുന്നത്.

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

Content Highlight: Actor Deepu Navaikulam Shares the experience from the set of Fahad fasil’s Malayankunju