നീയല്ലേ ഡയറക്ടര്‍ നീ തീരുമാനിക്കെന്ന് മമ്മൂക്ക; അതിനിടെ അദ്ദേഹത്തിന്റെ കണ്ണ് നനഞ്ഞു, വാക്കിടറി: ബിനു പപ്പു
Entertainment
നീയല്ലേ ഡയറക്ടര്‍ നീ തീരുമാനിക്കെന്ന് മമ്മൂക്ക; അതിനിടെ അദ്ദേഹത്തിന്റെ കണ്ണ് നനഞ്ഞു, വാക്കിടറി: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 10:19 am

മമ്മൂട്ടിയും മോഹന്‍ലാലും എന്തുകൊണ്ട് ഇന്നും മലയാള സിനിമയിലെ ലെജന്റുകളായി തുടരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ബിനു പപ്പു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം വര്‍ക്ക് ചെയ്ത ആളെന്ന നിലയിലായിരുന്നു ബിനു പപ്പുവിനോടുള്ള ചോദ്യം.

മലയാള സിനിമ എന്ന് പറയുമ്പോള്‍ തന്നെ അത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും അവര്‍ തമ്മില്‍ ഒരു കംപാരിസണന് പോലും മുതിരാനാവില്ലെന്നും ബിനു പപ്പു പറഞ്ഞു.

ഒപ്പം വണ്‍ എന്ന ചിത്രത്തിനിടെ മമ്മൂട്ടിക്കൊപ്പമുള്ള ഒരു അനുഭവവും ബിനു പപ്പു പങ്കുവെച്ചു.

‘മമ്മൂക്കയും ലാല്‍സാറുമൊക്കെ പത്ത് നാല്‍പ്പത്താറ് വര്‍ഷമായിട്ട് ഈ സിനിമയില്‍ നില്‍ക്കുന്നു. ഒരു പോയിന്റില്‍ അവര്‍ ഒരു സ്ഥാനത്തേക്ക് കയറി. പിന്നെ അവര്‍ തിരിച്ചിറങ്ങിയില്ലല്ലോ.

അവര്‍ അത്രയും ഡെഡിക്കേറ്റഡാണ് അവരുടെ വര്‍ക്കില്‍. അവര്‍ ചെയ്തുവെക്കുന്ന കാര്യങ്ങള്‍, അവര്‍ അഭിനയിക്കുന്ന രീതികള്‍. ഇവര്‍ തമ്മില്‍ വളരെയധികം കംപാരിസണ്‍ നടക്കുന്നുണ്ട്.

ലാലേട്ടന്‍ ഡാന്‍സ് കൡും മമ്മൂക്ക ഡാന്‍സ് കളിക്കൂല എന്നൊക്കെ. ശാന്തമീ രാത്രിയില്‍ എന്ന പാട്ടില്‍ മമ്മൂക്ക ഡാന്‍സ് കളിക്കുന്നതില്‍ വേറൊരു രസം തന്നെയുണ്ട്.

ഇവരെ പരസ്പരം കംപയര്‍ ചെയ്യാന്‍ പറ്റില്ല. രണ്ടും രണ്ട് തലത്തിലുള്ള ആള്‍ക്കാരാണ്. ഭീകര ആക്ടേഴ്‌സാണ്. ആക്ടര്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ പറ്റുന്നവര്‍.

അവര്‍ ചെയ്തുവെച്ച കഥാപാത്രങ്ങള്‍ തന്നെയാണ് അതിന്റെ ഉത്തരം. നമ്മള്‍ ഇപ്പോഴും എവിടേയും എത്തിയിട്ടില്ല. രണ്ട് പടി പോലും കയറിയിട്ടില്ല.

ഇവിടെ ഇരുന്ന് ഇവരെ കംപയര്‍ ചെയ്ത് പറയുന്നവര്‍ അവര്‍ എന്താണെന്ന് ആദ്യം മനസിലാക്കിയാല്‍ മതി. ഇപ്പോഴും ഇവരുടെ പേര് വെച്ചിട്ട് തന്നെയല്ലേ നമ്മള്‍ ഏതൊരു ഇന്‍ഡസ്ട്രിയുടെ മുന്‍പിലും നില്‍ക്കുന്നത്.

നിങ്ങള്‍ ഇവരുടെ രണ്ട് പേരുടേയും കൂടെ വര്‍ക്ക് ചെയ്തതാണോ എന്ന് ചോദിക്കുമ്പോള്‍ അതെ എന്ന് പറഞ്ഞ് നമുക്ക് അഹങ്കരിക്കാന്‍ പറ്റുന്നുണ്ട്. അവരെ എങ്ങനെയാണ് നമ്മള്‍ അളക്കുക.

ലാലേട്ടന്‍ എന്നാല്‍ സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ കട്ട് മോഹന്‍ലാല്‍. അതിനിടയില്‍ മോഹന്‍ലാല്‍ എന്നയാള്‍ വരുന്നില്ല. ആക്ഷന്റെയും കട്ടിന്റേയും ഇടയില്‍ ആ കഥാപാത്രം മാത്രമേ വരുള്ളൂ.

ഇത് തന്നെയാണ് അപ്പുറത്തും. ഞാന്‍ വണ്‍ എന്ന സിനിമയില്‍ ഒരു ഷോട്ട് എടുക്കുകയാണ്. കാറില്‍ റിഗ്ഗ് ചെയ്തിട്ട് ഹൈവേയിലൂടെ പോകുന്ന ഷോട്ടാണ് എടുക്കുന്നത്.

ഞാനാണ് വണ്ടി ഓടിക്കുന്നത്. ഫോക്കസ് പുള്ളര്‍ വണ്ടിയില്‍ ഉണ്ട്. ഇക്കാ വണ്ടി എടുക്കട്ടെയെന്ന് ചോദിച്ചു. എടുത്തോളാന്‍ പറഞ്ഞു. ഞാന്‍ ആക്ഷന്‍ വിളിച്ചു.

അങ്ങനെ മമ്മൂക്ക ഡയലോഗ് പറയാന്‍ തുടങ്ങി. ഒരു സെന്റിമെന്റല്‍ ഡയോലാഗാണ്. ഞാന്‍ വണ്ടി ഓടിച്ചുകൊണ്ട് തന്നെ മിററില്‍ ഇങ്ങനെ നോക്കി. ഡയലോഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ കട്ട് വിളിച്ചു.

ഇക്കാ ഒന്നുകൂടി എടുക്കണോ എന്ന് ചോദിച്ചു. നീയല്ലേ ഡയറക്ടര്‍ നീ തീരുമാനിച്ചോ എന്ന് പറഞ്ഞു. ഒരു സേഫര്‍സൈഡ് എന്ന നിലയ്ക്ക് ഞാന്‍ ഒന്നുകൂടി എടുക്കാമെന്ന് പറഞ്ഞു.

ഒന്നുകൂടി എടുത്തു. തിരിച്ചു വന്ന് കാര്‍ അവിടെ കൊണ്ടുവെച്ചു. സംവിധായകന്‍ സന്തോഷ് വന്നു. പുള്ളി മോണിറ്ററില്‍ ഈ സീന്‍ കണ്ടു. രണ്ടും ഓക്കെയാണല്ലോ. എന്തിനാണ് രണ്ടെണ്ണം എടുത്തതെന്ന് ചോദിച്ചു.

സേഫര്‍ സൈഡ് നോക്കി ഒരു ടേക്ക് കൂടി പോയതാണെന്ന് പറഞ്ഞു. ഈ രണ്ട് ടേക്കിനിടയില്‍ മമ്മൂക്കയില്‍ നിന്ന് ചെറിയൊരു ഗദ്ഗദം വന്നിട്ട് വാക്കിടറന്നുണ്ട്, അദ്ദേഹത്തിന്റെ കണ്ണ് ചെറുതായി നനഞ്ഞിട്ടുണ്ട്. രണ്ട് ടേക്കിനിടെ ഈ ചെറിയ ഗ്യാപ്പില്‍ സംഭവിക്കുന്നതാണ്.

ഇക്കാ നമുക്കൊരു ഗദ്ഗദം ഇട്ടേക്കാമെന്നൊന്നും ഞാന്‍ പറഞ്ഞുകൊടുക്കുന്നതല്ല. അതാണ് അവര്‍,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Actor Binu pappu share an experiance with Mammootty in One Movie set