ഭാഗ്യലക്ഷ്മി-ശോഭന വിഷയത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ല: ബിനു പപ്പു
Movie Day
ഭാഗ്യലക്ഷ്മി-ശോഭന വിഷയത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ല: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th November 2025, 5:23 pm

തുടരും സിനിമയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉന്നയിച്ച വിമര്‍ശനത്തില്‍ പ്രതികരണവുമായി നടനും ചിത്രത്തിന്റെ സഹസംവിധായകനുമായ ബിനു പപ്പു.

ആ വിഷയത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ബിനു പപ്പു പറഞ്ഞത്. ഭാഗ്യലക്ഷ്മി തന്നെ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയതാണെന്നും അതിനപ്പുറത്തേക്ക് ഇനിയൊരു വിശദീകരണം നല്‍കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും ബിനു പപ്പു പറഞ്ഞു. എക്കോ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ബിനു പപ്പുവിന്റെ പരാമര്‍ശം.

‘ ഞാന്‍ ഈ കാര്യത്തില്‍ വ്യക്തത വരുത്തേണ്ട ആവശ്യമില്ല, അതിനുള്ള വ്യക്തത അവര്‍ തന്നെ കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ക്ക് അതിനൊരു വിശദീകരണം നല്‍കണമെന്ന് തോന്നിയിട്ടില്ല. കാരണം അതിന്റെ ആവശ്യമില്ലായിരുന്നു’ ബിനു പപ്പു പറഞ്ഞു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ ‘തുടരും’ എന്ന ഹിറ്റ് ചിത്രത്തില ഡബ്ബിങ്ങുമായി ബന്ധപ്പെട്ടാണ് വിഷയങ്ങളുടെ തുടക്കം.

ചിത്രത്തില്‍ ശോഭന അഭിനയിച്ച ‘ലളിത’ എന്ന കഥാപാത്രത്തിന് ആദ്യം ഡബ് ചെയ്തതത് ഭാഗ്യലക്ഷ്മി ആയിരുന്നു. എന്നാല്‍ പിന്നീട് കഥാപാത്രത്തിന് വേണ്ടി ശോഭന തന്നെ ഡബ് ചെയ്യുകയായിരുന്നു. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഭാഗ്യലക്ഷ്മിയെ അറിയിച്ചിരുന്നുമില്ല.

ഇത് തനിക്ക് ഒരുപാട് മനപ്രയാസമുണ്ടാക്കിയെന്നും ശബ്ദം മാറ്റിയത് വിളിച്ചു പറയാനുള്ള മര്യാദ നിര്‍മാതാവ് കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

തുടരും സിനിമയുടെ കഥ കേട്ടപ്പോള്‍ ശോഭന തന്നെ ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നതായിരിക്കും നല്ലത് എന്ന് താന്‍ അഭിപ്രായപ്പെട്ടിരുന്നെന്നും എന്നാല്‍ നിര്‍മാതാവ് രഞ്ജിത്തിന്റേയും സംവിധായകന്റെയും നിര്‍ബന്ധ പ്രകാരമാണ് അന്ന് ഡബ്ബ് ചെയ്യാന്‍ തയ്യാറായതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

‘ഒരു ദിവസം കൊണ്ടാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. സിനിമയുടെ അവസാന ഭാഗങ്ങളില്‍ കരഞ്ഞു നിലവിളിക്കുന്ന രംഗങ്ങളെല്ലാം വളരെ കഷ്ടപ്പെട്ടാണ് ചെയ്തത്. പറഞ്ഞ തുകയും നല്‍കി നല്ല രീതിയിലാണ് പിരിഞ്ഞത്.

എന്നാല്‍ സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ചു അന്വേഷിക്കാന്‍ നിര്‍മാതാവിനെ വിളിച്ചപ്പോഴാണ് എന്റെ ശബ്ദം ചിത്രത്തില്‍ നിന്നും നീക്കിയെന്നും പകരം ശോഭനയുടെ ശബ്ദം തന്നെയാണ് ഉപയോഗിച്ചതെന്നമുള്ള വിവരം പറയുന്നത്.

താന്‍ ശബ്ദം നല്കിയിട്ടില്ലെങ്കില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ശോഭന നിലപാട് എടുത്തതോടെയാണ് ശബ്ദം മാറ്റേണ്ടി വന്നത് എന്നായിരുന്നു നിര്‍മാതാവ് നല്‍കിയ വിശദീകരണം.

എന്റെ ശബ്ദം ഉപയോഗിക്കാത്തതല്ല എന്റെ പ്രശ്‌നം. പക്ഷെ മാറ്റുന്നതിന് മുന്‍പ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നോട് പറയാനുള്ള മര്യാദ കാണിച്ചില്ല,’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം.

ശോഭനയോട് തനിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ കഴിഞ്ഞ 50 വര്‍ഷത്തോളം ഇന്‍ഡസ്ട്രയില്‍ പ്രവര്‍ത്തിച്ച തന്നെപ്പോലൊരു ആര്‍ടിസ്റ്റിനോട് കാണിക്കേണ്ട സാമാന്യ മര്യാദ തരുണ്‍ മൂര്‍ത്തി കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ട് തരുണ്‍ മൂര്‍ത്തിയോ നിര്‍മാതാവ് രഞ്ജിത്തോ പ്രതികരിച്ചിരുന്നില്ല.

ഈ സംഭവത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂര്‍വം’ ചിത്രത്തിലേക്ക് ഡബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ ആശങ്കപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

ആ ചിത്രത്തില്‍ നിന്നും ഡബ് ചെയ്തതിന് ശേഷം തന്നെ ഒഴിവാക്കിയാല്‍ അത് ഏറെ അപമാനകരമായിരിക്കും എന്ന തോന്നലുണ്ടായിരുന്നു എന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

കുറച്ചു കാലങ്ങളായി തനിക്ക് ഡബ്ബിങ്ങില്‍ ആത്മവിശ്വാസമില്ലെന്നും ആളുകള്‍ക്ക് തന്റെ ശബ്ദം പരിചിതമായതാണ് അതിന് കാരണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

Content Highlight: Actor Binu Pappu about Thudarum Movie Dubbing Issue and Bhagyalakshmi